വെള്ളം ചീരത്തയ്യിൽ തളിച്ച് കൊണ്ട് അവൾ വേവലാതി പെട്ടു. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടിട്ടാണെന്നു തോന്നണു മാ ചിരി തല മറച്ച സാരി തുമ്പുകൊണ്ട് മറച്ചു പിടിച്ചു.
“അല്ല ദീദി നാളെ എന്താ പ്ലാൻ..? “
അവള് സംസാരിച്ചു തുടങ്ങിയാൽ ഇങ്ങനാണ്. നമുക്ക് സംസാരിക്കാനുള്ള ഗ്യാപ് പോലും തരാതെ സംസാരിച്ചു കൊണ്ടേയിരിക്കും.
“എന്ത് പ്ലാൻ.. !!”
“നാളെ ഹോളി അല്ലേ.. വല്ലപ്പോളും കലണ്ടർ എങ്കിലും നോക്കിക്കൂടെ.. “
ഹോളി !ഞാനിതുവരെ ആഘോഷിക്കാത്ത ഒന്ന്. ഹിന്ദി സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹോളിയെക്കുറിച്ചു കൂടുതൽ ധാരണകൾ ഒന്നും എനിക്കില്ലായിരുന്നു.
“അവരുടെ നാട്ടിൽ അതൊന്നും ഇല്ല.. ഹേ ന ബേട്ടി? “
മാ എനിക്ക് സപ്പോർട്ടുമായി വന്നു.
അതിനു ഉത്തരമായി ഇല്ലെന്നു ഞാൻ തലയാട്ടി.
“അപ്പോൾ ദീദിയുടെ ആദ്യ ഹോളി എന്റെ കൂടെ.. ഈ വെള്ളം ഒഴിച്ച് കഴിയട്ടെ. ഞാനങ്ങോട്ടു വരാം.. “
അവളുടെ ഉത്സാഹം കണ്ടാൽ അറിയാം അവൾക്കു കാര്യമായി എന്തോ പറയാനുണ്ടെന്ന്
പുറത്തെ കാളിങ് ബെൽ കേട്ടപ്പോളെ മനസിലായി അവളെത്തിയെന്നു. കതകു തുറന്നപ്പോൾ തന്നെ അവളുടെ കള്ള ചിരിയുണ്ടായിരുന്നു.
“നിനക്കാ കയ്യൊന്നു തുടച്ചിട്ട് വന്നൂടെ. “
“ഓഹ്.. ഇപ്പോൾ പ്രശ്നം തീർന്നില്ലേ.. “
അവളുടെ കുർത്തിയിൽ കൈ തുടച്ചു എന്നെയും തള്ളി മാറ്റി അവൾ അകത്തു കടന്നു.
“ചേട്ടൻ പോയില്ലേ ഇന്ന്.. !”
ഉറക്കത്തിനിടയിലുള്ള വിശ്വേട്ടന്റെ പതിഞ്ഞ കൂർക്കം വലി കേട്ടപ്പോൾ അവളുടെ ചാടിതുള്ളലിന് ഒരു മയം വന്നു.
“ഇന്ന് ഓഫ് ആയിരുന്നു.. നാളെ പോയാൽ മതീന്ന് പറഞ്ഞു. “
“നാളെയോ..? നാളെ ഹോളി അല്ലേ !”