എന്റെ പേര് ഷാജഹാൻ.. 25 വയസ്… പരമ്പരാഗത നായക പരിവേഷങ്ങൾ ഒന്നും തന്നെ ഇല്ല… സുന്ദരികൾ കണ്ട ഉടനേ മൂക്കും കുത്തി വീഴാൻ തക്ക സുന്ദരനൊന്നും അല്ല… ഇരു നിറം… 6 അടിയോടടുത്ത ഉയരം… ഫിറ്റ്നസ് തോന്നിക്കുന്ന ശരീര പ്രകൃതി തന്നെയാണ്… വെറുപ്പത്തിൽ കുറച്ച് നാൾ ജിമ്മിൽ പോയിരുന്നതിന്റെതാകും…. ചർമ നിറം കാണാവുന്ന രീതിയിൽ ട്രിം ചെയ്ത് ഒതുക്കി നിർത്തിയ താടി….
ആകെ ഉള്ള ഒരു ആശ്വാസം മുഖഛായ തന്നെയാണ്… ഒരു പ്രാവശ്യം നോക്കിയാൽ വീണ്ടും നോക്കാൻ തോന്നിക്കുന്ന എന്തോ ഒന്ന് മുഖത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന് മിക്കവരും പറയാറുണ്ട്…. പ്രത്യേകിച്ച് പെൺ സുഹൃത്തുക്കൾ… പിന്നെ പെൺപിള്ളേര് ചുമ്മാ അങ്ങനെ പറയില്ലല്ലോ… ആ കാരണം ഒരു ആത്മവിശ്വാസം ഒക്കെ ഉണ്ട്…
എല്ലാത്തിലും ഉപരി എഞ്ചിനിയർ ആണ്.. ദുബായിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി രാജി വെച്ച് നാട്ടിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസം തികയുന്നു. നാട്ടിൽ തന്നെ കൂടാനാണ് എനിക്ക് താൽപര്യം. ഏക സന്തതിയാണ്.. പഠിക്കുന്ന സമയത്താണ് ഉപ്പാന്റെ മരണം… ഉമ്മാനെ വീട്ടിൽ ഒറ്റക്ക് നിർത്താൻ തീരെ താൽപര്യമില്ല എന്നത് തന്നെയാണ് തിരിച്ചുവരവിന്റെ ഉദ്ദേശം… നാട്ടിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്…
ഉമ്മാക്ക് മാത്രമേ അറിയൂ സ്വന്തം കമ്പനിയാണ് എന്ന കാര്യം പിന്നെ സുഹൃത്തുക്കൾക്കും. എന്തിനും കട്ടക്ക് നിൽക്കുന്ന ചങ്ങായി മാരെ അറിയിച്ചില്ല എങ്കിൽ പിന്നെ വേറെ ആരെ അറിയിക്കാൻ ആണ്… ഒരു കമ്പനിയിൽ മാനേജർ ആയി ജോയിൻ ചെയ്തിട്ടുണ്ട് എന്നേ ബന്ധുക്കൾക്ക് അറിയൂ…
നാട്ടിൽ കാല് കുത്തിയ അന്ന് മുതൽ കേട്ട് മടുത്ത ചോദ്യമാണ് “മുത്തോ ഇങ്ങനെ നടന്നാൽ മതിയോ? ഉമ്മ വീട്ടിൽ ഒറ്റക്ക് അല്ലേ ഒരു നിക്കാഹ് ഒക്കെ കയിക്കണ്ടെ??” നാട്ടുകാര് തെണ്ടികൾക്ക് എന്തോ ഞാൻ ഇങ്ങനെ നടക്കുന്നത് ഇഷ്ടപെടുന്നില്ലേ എന്തോ?? നാറികൾ… ഞാൻ മനസിൽ പറഞ്ഞ് ആ അമർഷം എന്റെ ഉള്ളിൽ തന്നെ അങ്ങ് അടക്കും… ഉമ്മയുടെ അവസ്ഥയും മറിച്ചല്ല… എന്തോ ഇപ്പോൾ ഒന്ന് അഴഞ്ഞിട്ടുണ്ട് കക്ഷി എന്റെ കല്യാണ കാര്യത്തിൽ… താൽപര്യമുളളപ്പോൾ കെട്ടിക്കോ എന്ന ഒരു ലൈൻ…
നിങ്ങൾക്ക് ഇപ്പോൾ ചോദിക്കണം ന്ന് ഉണ്ടാകും…