‘അല്ല ചങ്ങായീ നിനക്ക് ഇത്ര അനുകൂല സാഹചര്യം ആണ് എങ്കിൽ പിന്നെ കെട്ടിക്കൂടേ എന്ന്’
എങ്ങനെ കെട്ടാനാ സഹോ??
ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് തള്ളിക്കയറി വരാറുണ്ട്. ചിലർ ഹൃദയ സ്പന്ദം നിലക്കുന്നത് വരെ കൂട്ടിന് ഉണ്ടാകും അവസാനം ഒരു പിടി മണ്ണോ, ചിത കത്തി ചാമ്പലാകുന്നത് വരെയോ കൂടെയുണ്ടാകും പിന്നീട് മനസ്സിന്റെ ഉള്ളറയിൽ ഒരു സിംഹാസനം ഉണ്ടാക്കി അവിടെ കൊണ്ടിരുത്തും, നമ്മുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും പറ്റുന്നത് അവർക്ക് ഇഷ്ടമല്ല…. ആ ശരീരം എന്നാണോ പ്രകൃതിയിൽ അലിയുന്നത്, അന്നേ ആ സിംഹാസനവും പ്രകൃതിയോടലിയൂ….. അന്നേ നമ്മുടെ ദേഹത്ത് മണ്ണ് പറ്റാൻ അവർ സമ്മതിക്കൂ… അവരെ നമ്മൾ നൻപൻ, ചങ്ക്, പങ്കാളി എന്നൊക്കെയുള്ള ഓമന പേരിട്ട് വിളിക്കും.
പിന്നെ ഹൃദയം, കരൾ, എന്നീ വേണ്ട ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും പങ്കിടാൻ വരുന്ന ഒരു കൂട്ടം ടീംസ് ഉണ്ട്… പക്ഷേ ഏറ്റവും വലിയ രസം എന്താന്ന് വെച്ചാൽ, എല്ലാം പങ്കു വെച്ചതിന് ശേഷം മാത്രമായിരിക്കും നമ്മൾ അറിയുക പങ്ക് വെച്ച് നൽകിയത് കർത്താവിന് ആണോ യൂദാസിന് ആണോ എന്ന്…. അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായത് കൊണ്ട് ആണ് കല്യാണത്തിൽ നിന്ന് ഈ ഒഴിഞ്ഞ് മാറി ഉള്ള നടത്തം… ആ തിരിച്ചറിവ് ഉണ്ടാക്കിയ ആഘാതം മാറ്റി എടുക്കാൻ ഒരുപാട് കഷ്ടപെടേണ്ടിവന്നു എന്നതാണ് പരമാർത്ഥം… മുറിവുകൾ ഉണങ്ങി വരുന്നേ ഉള്ളൂ…. തിരക്ക് കൂട്ടണ്ടാ…. പയ്യെ പറയാം… പറഞ്ഞിട്ടേ പോകൂ… എന്താ പോരേ…
കുറേ കാലത്തിന് ശേഷം ആണ് ഉമ്മാന്റെ വീട്ടിൽ വന്നത്… കോഴിക്കോട്ടെ കേളികേട്ട തറവാട്ടിലെ ആയിശ വല്യുമ്മയുടെയും ഹസ്സൻ ഹാജി വല്യുപ്പയുടെയും ഇളയ മകളാണ് എന്റെ ഉമ്മ…. മിസ്രിയ അതാണ് ഉമ്മച്ചിന്റെ പേര്.. 52 വയസ്സ്… കല്യാണം കഴിഞ്ഞ് ഉപ്പാന്റെo ഉമ്മാന്റെം കുറെ കാലത്തെ പരിശ്രമത്തിനും കഠിനാദ്ധ്വാനത്തിന്റെ (എല്ലാം ബെഡ് റൂമിലെ നാല് ചുമരുകൾക്കുള്ളിൽ ആണെന്ന് മാത്രം) ഫലമായി ഭൂമിയിലേക്ക് ആഘതനായതാണ് ഈ നോം… അവസാനത്തെ മുതലായതിന്റെ എല്ലാ പിടിവാശിയും ദുസ്വഭാവങ്ങളും ഉണ്ട് ഉമ്മാക്ക്… എല്ലാവരും ഉമ്മാന്റെ ഇഷ്ടത്തിന് തുള്ളി കൊടുക്കും എന്നത് നല്ല രീതിയിൽ മുതലെടുക്കുന്നുണ്ട് കക്ഷി… പക്ഷേ എന്തോ എന്റെ അടുക്കൽ മാത്രം അത്രക്ക് കടുംപിടുത്തം പിടിക്കാറില്ല… ഇതൊക്കെ ആണെങ്കിലും, എന്തെങ്കിലും ഒരു കാര്യം ഉമ്മ തീരുമാനിച്ച് ഉറപ്പിച്ചാൽ…. നോ രക്ഷ…. അങ്ങട്ട് അനുസരിക്കാ…. അതേ ഉള്ളൂ രക്ഷ….