”മലയ്ക്ക് പോണസമേത്ത് അങ്ങനാടാ… ദാ… ചായകുടിച്ച് കുളിച്ചേച്ചും വാ…”
ചായ നീട്ടികൊണ്ട് ലക്ഷി അമ്മ പറഞ്ഞു.
”മരം കോച്ചുന്ന തണുപ്പ് ശ്ശൊ … എങ്ങന കുളിക്കാനാ…” എന്നിട്ട്
ചായ വാങ്ങി അവൻ കുടിക്കാൻ താങ്ങി.
”ഒരു പാത്രം വെള്ളം മേലൊഴിച്ചാ പോകാവുന്ന തണുപ്പേളളു”
”ഈ സമയത്തുള്ള കുളി മാരകം തന്നെ ”
തണുപ്പിനെ പഴിച്ചു കൊണ്ട് അവൻ ചായ ഊതിക്കുടിച്ചു.
ലക്ഷി അമ്മ പോകാനായി തിരിഞ്ഞപ്പോൾ അവൻ കൈകളിൽ പിടിച്ച് അടുത്തേക്ക് വലിച്ചു.പെട്ടെന്നുള്ള മകന്റെ പിടിയിൽ ലക്ഷി അമ്മ വേച്ച് കട്ടിലിലേക്ക് ഇരുന്നു പോയി.
” കുറച്ചിവിടെ ഇരിക്കമ്മേ …”
” രാവിലെ പതിവില്ലാത്തൊരു സ്നേഹം. ചെറുക്കാ ദേ… എന്റെ കൈ നൊന്ദുട്ടോ”
”പതിവില്ലാത്ത സ്നേഹമോ… എന്റെ ലക്ഷികുട്ടി യോട്…? ”
”ചെറുക്കാ ചിണുങ്ങല്ലെ രാവിലെ …”
ലക്ഷി അമ്മ പരിഭവം പറഞ്ഞു.
”ഓ… അമ്മേ… ഈ ലോകത്ത് സ്നേഹിക്കാൻ എനിക്ക് അമ്മ മാത്രമല്ലേയുള്ളു.”
”അത് കല്യാണം കഴിക്കുമ്പോൾ മാറികൊള്ളും.”
”ഹ … ഹ… ഹ…” അത് കേട്ടപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയി.
കല്യാണം… തന്റെ ജീവിതത്തിൽ തന്നെയും അമ്മയെയും സ്നേഹിക്കാൻ ഈ കൊച്ചു കൂരയ്ക്കുള്ളിൽ മറ്റൊരു ജീവൻ… അതും തന്റെ ജീവിതയാത്രയിൽ കൈ പിടിച്ച് കൂടെ നടക്കാൻ ഒരു പ്രാണസഖി … ആരായിരിക്കും ആ പുണ്യവതി ?
എത്ര വർഷമായി ഒരു പെണ്ണ് കെട്ടാൻ കൊതിക്കുന്നു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും അതു തന്നെയല്ലെ ?എത്ര ബ്രോക്കർമാരാണ് അമ്മയുടെ കയ്യിൽ നിന്നും കാശ് തട്ടിച്ച് കടന്നുകളഞ്ഞത്. എല്ലാർക്കും ഉദ്യോഗമുള്ളവരെ മതി. ജോലിയും കൂലിയും ഇല്ലാതെ ,ജീവിക്കാൻ വേണ്ടി ഒരു കുഞ്ഞു ട്യൂഷൻ സെൻറർ നടത്തുന്ന തനിക്ക് ആരാണ് പെണ്ണ് തരിക? ആരെയെങ്കിലും സ്നേഹിച്ച് വിളിച്ച് കൊണ്ട് വന്നാൽ വിളക്കുമായി അമ്മ വാതിൽപടിയിൽ കാണുമെന്ന് ചിലപ്പോഴൊക്കെ കളിയാക്കിയിട്ടുണ്ട്.
നല്ല സൗന്ദര്യമുണ്ടായിട്ടും തന്നെ എന്താണ് ഒരു പെൺകുട്ടിയും സ്നേഹിക്കാതിരുന്നത് ? സത്യം അതാണോ? തന്റെ മനസ്സിൽ അങ്ങനൊരു വികാരം ഉണ്ടാകാത്തതല്ലെ? കോളേജിൽ വെച്ച് രശ്മിയും ലേഖയും സിന്ധുവും വനജയുമൊക്കെ ആ ചിന്തയോട് കൂടിയല്ലെ തന്നെ സമീപിച്ചിരുന്നത്…
” ടാ ഇവിടേന്നും അല്ലേ… ഇരുന്ന് സ്വപ്നം കാണണാ …?”
അമ്മ ഉണർത്തിയപ്പോഴാണ് അവന്റെ,കാടുകയറിയ ചിന്തകൾക്ക് വിരാമം വീണത്.
ലക്ഷി അമ്മയെ ആകെയൊന്നു നോക്കിയിട്ട് ചോദിച്ചു
” ങ്ഹാ …അമ്മേ… എന്തേ … പതിവില്ലാതെ വെളുപ്പിന് കുളിച്ച് സെറ്റൊക്കെയുടുത്ത് കുറിയൊക്കെ തൊട്ട് …?”
”നെനക്ക് വല്ലാ വിചാരോണ്ടോ …ന്നത്തെ ദെവസം അറിയോ ?”
” ഇന്ന് ഞായറാഴ്ച ,നല്ല ദിവസമല്ലേ…?”