കനൽ പാത [ഭീം]

Posted by

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
”ടാ പൊട്ടാ… ന്ന് നെന്റെ പെറന്നാളാ… ഇരുപത്താറ് വയസ്സ് .”
”ഓ… അതാണോ … ഇതൊക്കെ ആരാമ്മേ… ഓർക്കുന്നത്.”
നിസാരമട്ടിൽ വിജയൻ പറഞ്ഞു.
”ഇതൊന്നും ഒരമ്മയ്ക്കും മറക്കാ പറ്റൂലട കണ്ണാ…”
ലക്ഷി അമ്മ ചിരിച്ച് കൊണ്ട് മകനെ കളിയാക്കി പറഞ്ഞു.
”ഇതൊക്കെ വർഷം തോറും വരുന്നതല്ലേ… എന്റെ ലക്ഷി കുട്ടി അമ്മേ…, ഇതിനാണോ കൊടും തണുപ്പത്ത് എഴുനേൽറ്റ് കുളിച്ച് അമ്പലത്തിൽ പോയത് ?”
അവൻ തിരിച്ച് ലക്ഷി അമ്മയെ കളിയാക്കി.
ഈ നാൾ ലക്ഷി അമ്മ മുടങ്ങാതെ ചെയ്യുന്ന കാര്യമാണിത്.അടുത്തുള്ള മാടൻകാവിൽ പോയി വന്നതിനു ശേഷമാണ് മകനെ ചായയുമായി ചെന്ന് ഉണർത്തുകയെന്ന് വിജയൻ ഓർത്തു.
” വേഗം പോയി കുളിച്ചിട്ട് വാട കണ്ണാ…” എന്ന് പറഞ്ഞു കൊണ്ട് അവന്റെ ഇടത്പള്ളയിൽ നുള്ളിയിട്ട് കട്ടിലിൽ നിന്നെഴുനേൽറ്റു.
ആ നിമിഷം വിജയന്റ കയ്യിലിരുന്ന ചൂടു ചായ ഉലഞ്ഞ്, അവന്റെ നെഞ്ചിലും തുടയിലുമായി വീണു .
പൊള്ളുന്ന വേദനയോടെ അമ്മേയെന്ന് അവൻ ഉറക്കെവിളിച്ചു പോയി.

പുതച്ചുറങ്ങുകയായിരുന്ന വിജയൻ കട്ടിലിൽ നിന്നും പിടഞ്ഞെഴുനേൽറ്റ് നെഞ്ചിൽ തടവി നോക്കി. എന്നിട്ട് ചുറ്റും നോക്കി.
പുതച്ചിരുന്ന പുതപ്പ് ദൂരെ തെറിച്ച് കിടക്കുന്നു .തലേദിവസം അടച്ചിരുന്ന കതക് അതു പോലെ അടഞ്ഞുകിടക്കുന്നുണ്ട് .
അവന്റെ മുഖത്തെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ഏതോ ഉൾപ്രേരണയോടെ ആ കണ്ണുകൾ ചുവരിലേക്ക് നീണ്ടു.വാടി കരിഞ്ഞഹാരത്തിനിടയിലൂടെ തെളിഞ്ഞ് കാണുന്ന ജിവൻ തുടിക്കുന്ന അമ്മയുടെ കണ്ണുകൾ.
ചുവരിന്റെ മറ്റൊരു ഭാഗത്ത് തൂക്കിയിട്ടിരുന്ന കലണ്ടറിൽ അവന്റെ കണ്ണുകൾ പതിഞ്ഞപ്പോൾ ശരീരത്താകമാനം ഒരു ഞെട്ടലുണ്ടായി.
‘ ഇന്ന് ഇരുപതാം തിയതിയാണ് ,തന്റെ ജന്മനാൾ. ഇരുപത്തി ആറു വയസ്സ് തികഞ്ഞ നാൾ.ചില സ്വപ്നങ്ങൾക്ക് യാതാർത്ഥ്യത്തെ ഉൾകൊള്ളുവാൻ കഴിയുമോ?’
അറിയാതെ അവന്റെ അന്ത: രംഗം മന്ത്രിച്ചു.
വീണ്ടും ലക്ഷി അമ്മയുടെ ഫോട്ടോയിലേക്ക് കണ്ണുകൾ പാഞ്ഞു.
ആ മായാത്ത പുഞ്ചിരിയിൽ ഒരായിരം നക്ഷത്ര തിളക്കം അവൻ കണ്ടു.
പത്ത് മാസങ്ങൾക്ക് മുമ്പ് ഒരാക്സിഡന്റിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ തന്റെ അമ്മയുടെ ഓർമ്മകൾ കണ്ണുകളെ ഈറനണിയിച്ചു.
”യ്യേ… ലക്ഷിഅമ്മേട ചക്കര മോൻ കരേന്നോ? കുളിച്ചോണ്ട് വേഗം അമ്പലത്തിപോട കണ്ണാ…”
ലക്ഷി അമ്മയുടെ സ്നേഹ ശാസന അവന്റെ ബോധമണ്ഡലത്തിൽ പ്രതിധ്വനിച്ചു.
ലോകത്ത് ഒരമ്മയ്ക്കും വിസ്മരിക്കാൻ കഴിയാത്ത ദിവസം തന്നെയല്ലെ ഇത്? ഗർഭംധരിച്ച് പത്ത് മാസംനിധിയെ കാവലിരിക്കുന്ന ഭൂതത്തെ പോലെ ,തന്റെ ഉദരത്തിൽ കരുതലോടെ … താൻശ്വസിക്കുന്ന ജീവവായുവും അന്നവും ജലവും കൊടുത്ത്, ഹൃദയം പൊട്ടുന്ന വേദനയോടെ പുതിയൊരു അവകാശിയെ ഭൂമിയിൽ സൃഷ്ടിക്കുന്ന ആ അനർഘ നിമിഷത്തെ ഏതൊരു അമ്മയാണ് മറക്കാനാഗ്രഹിക്കുന്നത്?
വിജയൻ ജനൽ തുറന്ന് വിദൂരതയിലേയ്ക്ക് നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *