അങ്ങകലെ മാമലകൾക്കിടയിലൂടെ ആദിത്യകിരണങ്ങൾ, മഞ്ഞ് പുതച്ചുറങ്ങുന്ന ഭൂമിയെ തഴുകിയുണർത്താൻ തുടങ്ങിയിരിക്കുന്നു. പക്ഷിലധാതികളുടെ ശബ്ദകാഹളം അന്തരീക്ഷത്തിൽ ശബ്ദമുഖരിതമായി.
അവൻ വീണ്ടും ചുവരിലെ ഫോട്ടോയിലേക്ക് നോക്കി.
കണ്ണിമയ്ക്കാതെ അപ്പോഴും തന്നെ നോക്കുന്നഫോട്ടോക്ക് ജീവനുണ്ടെന്ന് വിജയനുതോന്നി.
”അമ്മേട വിജി…കണ്ണാ … ന്നെങ്കിലും എനിക്ക് വേണ്ടി അമ്പലത്തി പോട…”
വീണ്ടും അമ്മയുടെ ശാസന പോലെ തോന്നി.
”പോകാം. ഇന്ന് പോകാമ്മേ…”
ഫോട്ടോയിൽ നോക്കി പറഞ്ഞിട്ട് കതക് തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അവനോർത്തു…
താൻ ഇന്നുവരെ അമ്പലത്തിൽ കയറിയിട്ടില്ല. കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കാരനായ തന്റെ അച്ഛൻ ആചാരാനുഷ്ഠനങ്ങളോടും വിഗ്രഹാരാധനയോടും വെറുപ്പായിരുന്നു. ഏറെക്കുറേതാനും അങ്ങനെയൊക്കെ തന്നെയല്ലെ?എന്നാൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കൊന്നും എതിരല്ലതാനും.
പ്രഭാത പരിപാടിയൊക്കെ കഴിഞ്ഞ് അമ്മയും അച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന തെക്ക് ഭാഗത്ത് കുഴിമാടത്തിനരികെ പോയി പ്രാർത്ഥിച്ചിട്ട് അമ്പലത്തിലേക്ക് നടന്നു.
താൻ എത്ര വർഷമായി ഇതുവഴി നടക്കുന്നു … ഒന്നങ്ങോട്ട് നോക്കാൻ പോലും തോന്നിയിട്ടില്ല .പക്ഷേ… അമ്മയുടെ ആഗ്രഹം…
അമ്പലത്തിന്റെ പടി കയറുമ്പോൾ സ്വയം ചിന്തിച്ചു.
വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമാണ് ഇവിടെ വന്നു പോകുന്നതെന്ന് വിജയൻ ശ്രദ്ധിച്ചു.
ഹാണിലൂടെ ഒഴുകുന്ന ശിവ ഭക്തിഗാനം അവന്റെ കാതുകളെ അലോസരപെടുത്തുമാറ് ഒരു നിമിഷം കൈകൾ കൊണ്ട് കാതുകളെ മറച്ചു.
ഒന്നര ഏക്കറോളം ചുറ്റളവിൽ വൻമതിൽ പോലെ ഉയർത്തി കെട്ടിയ ചുറ്റുമതിൽ .അതിനുള്ളിൽ ഇരുപത് സെന്റോളം വരുന്ന ചുറ്റളവിൽ നാലടി ഉയരമുള്ള മറ്റൊരു മതിൽ.അതിനുള്ളിലാണ് ശിവപ്രതിഷ്ഠ നിലകൊള്ളുന്നത്.ശിവപ്രതിഷ്ഠയ്ക്ക് ഇടതുഭാഗത്തായി സർപ്പതല ആകൃതിയിൽ കൊത്തിവെച്ച വനദേവത. വലതു ഭാഗത്തായി ഗണപതിയും പുറകിലായി യക്ഷിയും മറുതയും.
നാലടി പൊക്കമുള്ള ചുറ്റുമതിലിനു പുറത്ത് വള്ളിപടർപ്പുകൾ കോർത്ത് കിടക്കുന്ന കൊടു വനം പോലെ തോന്നിക്കുന്ന കാട് .മരചില്ലകളിൽ തൂങ്ങി കിടക്കുന്ന വാവലുകൾ. നോക്കിയാൽ പേടി ജനിപ്പിക്കുന്ന ചുറ്റുപാട്. പകൽ പോലും ലൈറ്റ് തെളിയിക്കാതെ സന്ദർശനം പാടാണ്.
അവൻ ഉള്ളിലെ ചുറ്റുമതിലിനപ്പുറം പോകാതെ പുറത്ത് നിന്നും തൊഴുതു. ഒരു കൽപ്രതിഷ്ഠകളുമായിരുന്നില്ല മനസ്സിൽ. അമ്മയെന്ന ദൈവം മാത്രമായിരുന്നു തൊഴുതു നിൽക്കുമ്പോഴും മനസ്സിൽ തെളിഞ്ഞത്.
അമ്പലത്തിൽ നിന്നിറങ്ങിയിട്ട് തന്റെ ,ട്യൂഷൻ സെന്റർ ലക്ഷ്യമാക്കി നടന്നു .വീട്ടിൽ നിന്നും ഇരുപത് മിനിട്ട് നടന്നാൽ എത്താവുന്നത്ര ദൂരമേയുള്ളു. വരുന്ന വഴിക്കാണ് അമ്പലവും.പത്ത് മിനിട്ട് അവിടെ ചിലവഴിച്ചു.
സമയനിഷ്ഠയിൽ കൃത്യത പാലിക്കുന്ന വിജയൻ വളരെ വേഗം നടന്നു.
ഒന്നു മുതൽ നാല് വരെയുള്ള മുപ്പതോളം വരുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്.ഡിഗ്രി പൂർത്തിയാക്കാത്ത അവന് ആരാണ് ജോലി കൊടുക്കുക. രണ്ട് ക്ലാസ്സ് ഉണ്ടായിട്ടും കിട്ടുന്ന തുശ്ചമായ വരുമാനം ആയതു കൊണ്ട് മറ്റൊരു അദ്ധ്യാപകനെ കൂടി നിയമിക്കാൻ വിജയൻ ഒരുക്കമായിരുന്നില്ല.
ഓലമേഞ്ഞ ഷെട്ടായിരുന്നു ഗുരുകുലം ട്യൂഷൻ സെൻറർ.ഒന്നു മുതൽ മൂന്നു വരെ ഒരു ക്ലാസ്സിലും, നാലാം ക്ലാസ്സ് മറ്റൊരു മുറിയിലുമായിരുന്നു. ഓഫീസ് ഉപയോഗത്തിന് ചെറിയൊരു മുറിയും.