സുറുമ എഴുതിയ കണ്ണുകളിൽ 2 [പാക്കരൻ]

Posted by

“കുട്ടി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും അന്വേഷിക്കാൻ പോയില്ല… കുടംബ മഹിമയും സാമ്പത്തികവും എല്ലാം ഒത്തുവരികയും ചെയ്തു… നമ്മുടെ ഭാഗത്തും തെറ്റ് ഉണ്ട്”

ഇതൊക്കെ എന്തിനാ എന്നോട് പറയണേ എന്ന ഭാവത്തിൽ ഞാൻ ഉമ്മാനെ നോക്കി കൊണ്ടിരുന്നു

“മോനെ… നമ്മളെ കൊണ്ട് ഒരാളുടെ കണ്ണീരൊപ്പാൻ സാധിക്കുകയാണെങ്കിൽ അതിലും വലിയ ഇബാദത്ത് വേറെ എന്താ ഉള്ളത്… ഇതിപ്പോ ഈ കുടുംബത്തിന്റെ മൊത്തം സങ്കടമാണ്”

എല്ലാം കേട്ട് കിളികൾ കൂട്ടമായി തലക്ക് മീതെ വട്ടമിട്ട് പറക്കുന്ന അവസ്ഥയിലും ദൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു…

“ഉമ്മ എന്താ ഉദ്ദേശിക്കുന്നേ???”

“നീ വിചാരിച്ചാൽ ഈ പ്രശ്നം ഇവിടെ പരിഹരിക്കാം… എല്ലാവർക്കും പൂർണ സമ്മതമാണ്… നിന്റെ സമ്മതം കൂടി അറിഞ്ഞാൽ മതി… നിനക്ക് റുബീനയെ നിക്കാഹ് ചെയ്തൂടെ??”

ഉമ്മ ഒറ്റ ശ്വാസത്തിലാണ് എല്ലാം പറഞ്ഞത്. പറഞ്ഞ് കഴിഞ്ഞപ്പോൾ, പറഞ്ഞ് മുഴുമിക്കാൻ ഉമ്മ അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ പ്രകടമായിരുന്നു..
വളരെ അപ്രദീക്ഷിതമായത് കൊണ്ട് എന്ത് പറയണം എന്ത് ചെയ്യണം എന്ന് ഒരു ധാരണയും ഇല്ലാതെ ശരീരമാകെ തളർന്ന് നിൽക്കുന്ന സമയത്താണ് കുപ്പിവളയിട്ട മൈലാഞ്ചി മൊഞ്ചുള്ള ഒരു വെളുത്ത കൈ എന്റെ നേരെ അടുത്ത് വരുന്നത്…
കയ്യ് മാത്രമല്ല… കയ്യിൽ ഒരു ഗ്ലാസും ഗ്ലാസിൽ ജ്യൂസും…

എനിക്ക് എന്തോ അവരെ അപ്പോൾ ഒരു മാലാഖയെ പോൽ തോന്നി…
ഒറ്റവലിക്ക് ജ്യൂസ് വലിച്ച് കുടിച്ച് ഒരു ദീർഘ നിശ്വാസം എടുത്തു…
ഇപ്പോൾ എന്റെ ചുറ്റും എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് ഒരു ധാരണയുണ്ട്…
ഉമ്മ എല്ലാം ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ഉമ്മയുടെ വാക്കുകളിൽ അത് വൃക്തം.
റുബീനയുടെ വീട്ടുകാർക്കും പൂർണ സമ്മതം.
ഇല്ല…. എന്നെ കൊണ്ട് സാധിക്കില്ല…
ഇനി ഒരു പെണ്ണിന് എന്റെ ജീവിതത്തിൽ സ്ഥാനമില്ല…
വാതിലുകൾ കൊട്ടി അടച്ചിട്ട് വാർഷങ്ങളായി… ഇനി ഒരാൾക്ക് പ്രവേശം അസാധ്യം…
ഇവിടെ എന്നെ കൊണ്ട് ജയിക്കാൻ സാധിച്ചാൽ ജീവിതകാലം മുഴുവൻ എന്നെ കൊണ്ട് പിടിച്ച് നിൽക്കാൻ സാധിക്കും…
എന്റെ കുരുട്ടുബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി…
ഇപ്പോഴും എന്തോ ഒന്ന് എന്നെ പിന്നോട്ട് വലിക്കുന്നു. എനിക്ക് ഒരു പക്ഷേ ജയിക്കാൻ സാധിച്ചാൽ തോൽക്കുന്നത് എന്റെ ഉമ്മയാകും…
ഉമ്മ തോൽക്കാനും പാടില്ല ഞാൻ ജയിക്കുകയും വേണം….

Leave a Reply

Your email address will not be published. Required fields are marked *