ജീവനുള്ള സുഹൃത്തുക്കൾ മിക്കതും സ്വാർത്ഥരായിരിക്കും മോനെ… നല്ല സൗഹൃദങ്ങൾ ഇല്ല എന്നല്ല…. അത് ഒത്ത് കിട്ടുക ഒരു ഭാഗ്യമാണ്…. അത്തരമൊന്ന് ഒത്ത് കിട്ടുന്നത് വരെ നീ പുസ്തകങ്ങളെ സുഹൃത്താക്കിക്കൊള്ളൂ …. അത് നിനക്ക് സൗഹൃദവും അറിവും ഒരേ സമയം നൽകും…. ചിലപ്പോൾ നീ ഒറ്റക്കായി പോയാലും അവ ആശ്വാസം നൽകും…..
അത് എനിക്ക് നൽകിയ ഊർജ്ജം വളരെ വലുതാണ്…. ആ വർഷത്തെ അവധിക്കാലത്തോടെ ഞാൻ ഒരു മൂന്നാം ക്ലാസ്സ് കാരനിൽ നിന്ന് ബുദ്ധിപരമായും, അനുഭവങ്ങൾ കൊണ്ടും, വായനയിലൂടെ അറിവ് കൊണ്ടും, വളരെ മുൻപിൽ എത്തിയിരുന്നു…. അത് ഒരു ബോർഡിങ് സ്‌കൂളിലേക്കുള്ള എന്റെ പ്രവേശനം എളുപ്പമാക്കി…..
ഇതിനിടെ വലിയ ഒരു മാറ്റം സംഭവിച്ചിരുന്നു…. ഇടക്ക് പുറത്തിറങ്ങുമ്പോൾ കാണുന്ന എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു തുടങ്ങി…. പിഴച്ചുണ്ടായവൻ…. ആ മാഷിനെ മുടിപ്പിക്കാൻ പിറന്നവൻ എന്നിങ്ങനെ എന്റെ മേൽ കുറ്റം ചുമത്തി തുടങ്ങി… ഇതിനെല്ലാം എന്റെ അമ്മായിമാരും ചിറ്റപ്പനും എന്തിന് ശിവേട്ടനും വരെ കൂട്ട് നിന്നു ….. കാര്യം മനസ്സിലാക്കാത്തതുകൊണ്ടോ എന്തോ പ്രിയയുടെ മുഖത്ത് നിസ്സംഗത ആയിരുന്നു…. വലിയമ്മാവന്റെ മുഖത്ത് മാത്രം ഒരു സങ്കടഭാവം തിളങ്ങി നിന്നു …. ചെറിയമ്മാവൻ ഗൾഫിൽ പോയതിനാൽ ഇപ്പോൾ കാണാനില്ല….
അനുമോളെ ആകട്ടെ എന്റെ പരിസരത്ത് അടുപ്പിക്കാതെ മാറ്റി നിർത്തി…. അവർക്കറിയാം അവൾക്കെന്നെ പിരിയാൻ കഴിയില്ല എന്ന് …. ഏതോ മുൻജന്മ ബന്ധം പോലെ മാറ്റിനിർത്താൻ നോക്കിയപ്പോൾ എല്ലാം അവൾ കൂടുതൽ കരുത്തോടെ എന്നിലേക്ക് ഒട്ടി…. ഇത് ചെറിയമ്മായിക്ക് സഹിക്കുവാൻ കഴിഞ്ഞില്ല… അതിന് ആ പാവം വഴക്ക് കേട്ടു …. ചിലപ്പോൾ അവൾ എന്റെ അടുത്തേക്ക് വരുന്നതിന് എന്നെ ചീത്തവിളിക്കുകയും ചെയ്തു… കിട്ടുന്ന ശാസനയുടെ ഫലമോ എന്തോ അവധി തീരാറായപ്പോഴേക്ക് അനുമോളും എന്നെ കണ്ടാൽ മിണ്ടാതായി…. അങ്ങിനെ ആ അവധിക്കാലം കഴിഞ്ഞു….
എന്നെ ദൂരെ ഒരു ബോർഡിങ് സ്‌കൂളിൽ ചേർത്തു ….. അവധി കിട്ടുമ്പോഴൊക്കെ അച്ചൻ എന്നെ വീട്ടിലേക്ക് കൊണ്ട് പോകുമായിരുന്നു…. വീട്ടിൽ വന്നാലും ഞാൻ അച്ഛന്റെ സ്വകാര്യ ലൈബ്രറിയിൽ ഒതുങ്ങി കൂടി…… ആരോടും മിണ്ടാട്ടമില്ല…. ആകെ അമ്പലത്തിലേക്ക് മാത്രം പുറത്തിറങ്ങും…. അമ്പലത്തിൽ വച്ച് ബന്ധുക്കളെയെല്ലാം കാണാറുണ്ടായിരുന്നു എങ്കിലും അവർ കണ്ട ഭാവം നടിച്ചില്ല …… അനുമോൾ പോലും…!!!! അതെന്നിൽ അല്പം സങ്കടം ഉണ്ടാക്കിയിരുന്നു…. പക്ഷെ ഇപ്പോൾ അതെല്ലാം എനിക്ക് ശീലമായി കഴിഞ്ഞിരുന്നു…. ഞാനും ആരെയും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലെത്തി സംഹാരമൂർത്തിയായ ശിവനെ മാത്രം ശ്രദ്ധിച്ചു….
സ്‌കൂളിലായിരിക്കുമ്പോൾ അച്ചൻ ആഴ്ചയിലൊരിക്കൽ എനിക്ക് കത്തെഴുതുമായിരുന്നു….. ഞാൻ മറുപടിയും…. ലോകത്തിന്റെ നന്മയും തിന്മയും നേരും നെറിയുമെല്ലാം ആ കത്തുകളിലൂടെ അച്ചൻ വിശദീകരിച്ചു. ചിലപ്പോഴൊക്കെ അത് തികഞ്ഞ ആത്‌മീയതയിലേക്ക് പോയിരുന്നു എങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…. വായിച്ച് കഴിഞ്ഞ കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചിരുന്നു….. പിന്നീട് മുതിർന്നപ്പോൾ അവ എനിക്ക് പകർന്ന് നൽകിയ അറിവും ആത്മവിശ്വാസവും ചെറുതല്ല…. പക്ഷെ അപ്പോഴേക്കും ആ കത്തുകൾ എഴുതിയ ആളിൽ നിന്നും ഞാൻ മാനസികമായി വളരെ അകന്ന് പോയിരുന്നു…… എങ്കിലും ഒരു ഉത്തരവാദിത്വം പോലെ അച്ഛൻ എനിക്ക് കത്തുകൾ അയച്ചുകൊണ്ടേയിരുന്നു….. അച്ഛനുമായി അകന്ന ശേഷം പല കത്തുകളും ഞാൻ വായിച്ചിട്ടില്ലെങ്കിലും ഒന്നും നഷ്ടപ്പെടുത്തിയിരുന്നില്ല….. അതെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായതുമില്ല….