മുഖത്തെന്താണ് ഭാവമെന്ന എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…..
പിന്നെ അക്കാര്യമൊന്നും സംസാരിച്ചില്ല……എന്നെ സ്ക്കൂളിലാക്കി അച്ചൻ മടങ്ങി…..
രണ്ടാഴ്ച കഴിഞ്ഞ് വന്ന കത്തിൽ ടീച്ചറും രണ്ട് കുട്ടികളും വീട്ടിൽ വന്നിട്ടുള്ളതായി അച്ഛൻ എഴുതി… എനിക്കൊരു വികാരവും തോന്നിയില്ല…. ടീച്ചറിന് രണ്ട് പെൺകുട്ടികളാണ്…. ശ്രീസുധയും ശ്രീദിവ്യയും…. സുധ എന്റെ ക്ലാസ്സിൽ ആയിരുന്നു…. അമ്മയുടെ മരണ ശേഷം പ്രിയയും മറ്റും എന്നോട് പിണങ്ങി എങ്കിലും സുധ എന്നോട് കൂട്ടായിരുന്നു…. നഷ്ടപ്പെട്ട ക്ലാസ്സിലെ പാഠങ്ങൾ അവളാണ് എനിക്ക് സഹായിച്ച് തന്നത്…. ടീച്ചറും മക്കളും താമരത്തണ്ട് പോലെ മെലിഞ്ഞ് നീണ്ടവർ ആയിരുന്നു… എന്നാൽ നല്ല സ്നേഹവും ഉള്ളവർ….
പിന്നീട് അച്ഛന്റെ കത്തുകൾ പതിവ് പോലെ വരാറുണ്ട് എങ്കിലും എന്നെ ആ വർഷത്തെ വലിയ അവധിക്കാണ് വീട്ടിലേക്ക് കൊണ്ടുപോയത്….. കൊണ്ട് പോകുവാനെത്തിയ അച്ഛനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു…. അമ്മയുടെ മരണശേഷം വളർത്തിയ താടിമീശ അപ്രത്യക്ഷമായിരിക്കുന്നു…. പഴയപോലെ നന്നായി വേഷം ധരിച്ചിട്ടുണ്ട്…. അതെനിക്ക് ഇഷ്ടപ്പെട്ടു…..
ഞാൻ വീട്ടിലെത്തിയപ്പോൾ എന്റെ മുറി ടീച്ചറിന്റെ മക്കൾ കയ്യടക്കിയതായി കണ്ടു ….
മുകളിലെ നിലയിൽ പിന്നിലെ തൊടിയിലേക്ക് തുറക്കുന്ന ജനാലകൾ ഉള്ള ഒരു വലിയ മുറി എനിക്കായി ഒരുക്കിയിരുന്നു….. ആ മുറിയുടെ ഒരു വശത്തേക്ക് അച്ഛന്റെ ലൈബ്രറിയുടെ ഒരു ഭാഗവും ചേർത്തിരുന്നു….. അമ്മയോടൊപ്പം ഞാൻ ചിലവഴിച്ചിരുന്ന മുറി എനിക്ക് നഷ്ടപ്പെട്ടു എങ്കിലും പുതിയ മുറി എനിക്ക് ആശ്വാസം നൽകി….. ഞാൻ ചെല്ലുമ്പോൾ ടീച്ചറും മക്കളും വീട്ടിലില്ലായിരുന്നു….
എന്റെ കണ്ണുകൾ അവരെ തേടുന്നത് കണ്ടാകും അച്ഛൻ പറഞ്ഞു….
ശ്രീദേവിയും കുട്ടികളും അവരുടെ വീട്ടിൽ പോയി…. നാളെ വരും
ശരിയച്ഛ ….
മോന് മുകളിലെ മുറി ശരിയാക്കിയിട്ടുണ്ട്.. …അവിടെ കൂടിക്കോ …. അവർ പെൺകുട്ടികളല്ലേ അവർ ഇവിടെ കിടന്നോട്ടെ….
ശരി അച്ഛ … ഞാനെന്റെ ബാഗുമായി മുകളിലേക്ക് നടന്നു…
പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോയിവന്ന് പ്രാതലും കഴിഞ്ഞ് പിന്നിലെ കല്ലിൽ എന്റെ തുണികൾ കഴുകി കൊണ്ടിരിക്കുമ്പോഴാണ് ടീച്ചറും മക്കളും എത്തിയത്….
ആഹ് ഉണ്ണീ …. ഞാൻ തിരിഞ്ഞ് നോക്കി….
ടീച്ചർ….ഒപ്പം സുധയുമുണ്ട്…..
നീയെന്ത് പണിയാടാ കാണിക്കുന്നത്…. അതൊക്കെ അവിടെ വച്ചേക്ക് … ഞാൻ ഡ്രസ്സ് മാറിയിട്ട് കഴുകി തരാം…..
സാരമില്ല ടീച്ചർ… ഞാൻ കഴുകി കൊള്ളാം….. ഞാനിതെല്ലാം സ്‌കൂളിൽ ചെയ്യുന്നതല്ലേ …..
അതവിടെയല്ലേ…. ഇവിടിപ്പോ ഞാനുണ്ടല്ലോ….. പിന്നെ നീയെന്താ എന്നെ വിളിച്ചത് ടീച്ചറെന്നോ….
അത് പിന്നെ….
ഇനി അങ്ങിനെ വിളിക്കണ്ട… മാത്രമല്ല ഞാനിപ്പോ നിന്റെ ടീച്ചറുമല്ലല്ലോ….
പിന്നെ….? ഞാൻ ആശയ കുഴപ്പത്തിലായി…