ആരുമില്ലാതിരുന്ന ഇരുപത് വർഷങ്ങൾ…. ഒരു എട്ട് വയസ്സുകാരൻ താണ്ടിയ ഇരുപത് വർഷങ്ങൾ…. ആരുടെയും സഹായമില്ലാതെ വളർന്ന ഒരു എട്ട് വയസ്സുകാരൻ…
ഇന്ന് നാടും വീടും അംഗീകാരങ്ങൾ കൊണ്ട് മൂടുമ്പോൾ …കടന്ന് വന്ന വഴികളിലെ കനൽ കാടുകളുടെ തീഷ്ണതയെ മറക്കാത്ത ഗോവർദ്ധൻ കൃഷ്ണൻ എന്ന ഉണ്ണിയുടെ പ്രയാണത്തിന്റെ കഥ …. അതാണ് ഈ കഥ… ഒരല്പം ലാഗുണ്ടാകും…. എന്നാലും പ്രണയവും വിരഹവും പിണക്കവും ഇണക്കവും സ്നേഹവും കാമവും എല്ലാമുള്ള ഇരുപത് വർഷത്തെ പ്രയാണത്തിന്റെ കഥ…. ഇവിടെ തുടങ്ങട്ടെ….
****
ഇരുപത് വർഷങ്ങൾക്ക് മുൻപ് ഒരു അപരാഹ്നം….. സ്‌കൂളിലെ തന്റെ ക്ലാസ്സ് റൂമിലേക്ക് ഉദ്യോഗത്തോടെ കടന്ന് വന്ന അച്ഛന്റെ മുഖം ആ മൂന്നാം ക്ലാസ്സ് വിദ്ധ്യാർത്ഥിയെ അത്ഭുതപ്പെടുത്തിയില്ല….. ഇടക്കിടെ മകന്റെ പഠന നിലവാരം വിലയിരുത്തുവാൻ ക്ലാസ്സ് മുറിയിലേക്ക് കടന്ന് വരുന്ന ഹൈസ്‌കൂൾ വിഭാഗത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു… ആ അച്ഛൻ …. ഇന്നും അതിനായിരിക്കും വന്നത് എന്നാണ് കരുതിയത്….. വീട്ടിലെത്തിയാൽ കിട്ടുവാൻ പോകുന്ന ശാസന ഉള്ളൊന്ന് കുടുക്കി…. പഠിക്കുവാൻ മിടുക്കനാണ് എങ്കിലും കുസൃതികളും തീരെ കുറവല്ലാത്തതിനാൽ അത് പതിവാണ്…..
പക്ഷെ ഇന്ന്…. അച്ചൻ എത്തിയ പിറകെ മറ്റ് ചില അദ്ധ്യാപകർ കൂടി ക്ളാസ്സിലേക്കെത്തിയപ്പോൾ ഒരു സംശയം….. കൂടെ വേണുമാഷിന്റെ കയ്യിൽ തൂങ്ങി ഒന്നാം ക്ലാസ്സ് കാരിയായ അനുമോളും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ശിവേട്ടനും…..
തിരിച്ചറിവിന്റെ വലിയ ലോകത്തേക്ക് ഇനിയും കാലെടുത്ത് വച്ചിട്ടില്ലെങ്കിലും മനുഷ്യസഹജമായ ഒരു ആകാംഷ മനസ്സിനെ ഉലച്ചു…. അച്ഛൻ ഒന്നും മിണ്ടാതെ തലകുനിച്ച് നിൽക്കുമ്പോൾ … വേണുമാഷ് ക്ലാസ്സ് ടീച്ചറോട് എന്തോ പറഞ്ഞു… അവർ ഒരു ഞെട്ടലോടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി…. പിന്നെ ഉറക്കെ വിളിച്ച്….
ഗോവർദ്ധൻ …… പ്രിയംവദ….. പുറത്തേക്ക് വരൂ… നിങ്ങളുടെ ബാഗുകളും എടുത്തോ……
ക്ളാസിലുള്ള എല്ലാ കുട്ടികളും എന്നെയും പ്രിയയെയും തുറിച്ച് നോക്കി…. എന്റെ ആകാംഷ വർദ്ധിച്ചു….. എന്തിനാണ് തറവാട്ടിലെ കുട്ടികളെ എല്ലാം ഒന്നിച്ച് വിളിപ്പിക്കുന്നത്….. എന്തെങ്കിലും പ്രശ്‍നം …. ഹേയ് ഒന്നുമില്ലല്ലോ…..
എന്താടാ ….. ബാഗുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ പ്രിയ ചോദിച്ചു….
ആ…. എനിക്കറിയില്ല….
പുറത്തേക്കെത്തിയ എന്നെ അച്ചൻ അണച്ച് പിടിച്ചു …… അച്ഛൻ ഒന്ന് വിതുമ്പിയോ….
ഞാൻ മുഖമുയർത്തി നോക്കി… അതെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു….
എന്താ അച്ഛാ …. ഞാൻ തിരക്കി…
ഒന്നുമില്ല … മോനിങ്ങ് വാ … ഉത്തരം വേണുമാഷാണ് പറഞ്ഞത്…. എന്നിട്ട് എന്നെയും അനുമോളെയും ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു…. ഒപ്പം പ്രിയയും ശിവേട്ടനും….