പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Posted by

ഞാൻ അച്ഛനെ തിരിഞ്ഞ് നോക്കിക്കൊണ്ട് മെല്ലെ നടന്നു….. പൊട്ടിക്കരഞ്ഞുകൊണ്ട് ഗോവിന്ദൻ മാഷിന്റെ തോളിലേക്ക് വീഴുന്ന അച്ഛനെ ആണ് കണ്ടത്…. ഞാൻ വേണുമാഷിന്റെ പിടി വിടീച്ച് തിരികെ ഓടി…. അപ്പോഴേക്കും അച്ഛന്റെ കണ്ണീർ എന്റെ കണ്ണിലേക്കും പകർന്നിരുന്നു…..

ഓടിയെത്തി അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ച് ഞാൻ വീണ്ടും ചോദിച്ചു…..

എന്താ അച്ഛാ….. അച്ഛനെന്തിനാ കരയുന്നത്…. ഒരിക്കലും കാണാത്ത അച്ഛന്റെ ഭാവം കണ്ട് ഞാൻ ഉറക്കെ കരഞ്ഞു…. ശ്രീദേവി ടീച്ചർ എന്നെ പിടിച്ച് മാറ്റി… ഞാൻ ടീച്ചറിന്റെ കയ്യിൽ കിടന്ന് കുതറി….

എന്താ മാഷേ ഇത് …മാഷല്ലേ ഉണ്ണിക്ക് ആശ്വാസം നൽകേണ്ടത്…. മാഷേ….

ഗോവിന്ദൻ മാഷ് അച്ഛനെ ആശ്വസിപ്പിച്ചു… എന്നിട്ടും അച്ഛൻ ശാന്തനായില്ല….

എല്ലാവരും ചേർന്ന് ഞങ്ങളെ ഒരു കാറിൽ കയറ്റി…. അപ്പോഴും അച്ഛനെന്നെ ചേർത്ത് പിടിച്ച് കരയുന്നുണ്ടായിരുന്നു…. എന്തെണെന്നറിയാതെ ഞാനും കരഞ്ഞുകൊണ്ടിരുന്നു…. എന്റെ സങ്കടം പ്രിയയുടെയും ശിവേട്ടന്റെയും മുഖം മ്ലാനമാക്കിയിരുന്നു…. എന്നാൽ എന്റെ അരികിലിരുന്ന അനുമോൾ എന്നോടൊപ്പം കരയുകയായിരുന്നു…. അതല്ലെങ്കിലും അങ്ങിനെയാണ്…. എന്റെ മുഖമൊന്ന് വാടിയാൽ അവൾ കരയും….

കാർ വീട്ടിലെത്തി നിന്നു …. ഞാൻ പുറത്തേക്ക് നോക്കുമ്പോൾ…. മുറ്റത്ത് നിറയെ ആളുകൾ…. ഒപ്പം ഒരു പോലീസ് വണ്ടിയും…. വലിയമ്മാമയും ചെറിയമ്മാമയും ചെറിയമ്മമാരും എല്ലാം ഉണ്ട്…. മുത്തശ്ശിയെ മാത്രം കണ്ടില്ല… രാമചന്ദ്രൻ ചിറ്റപ്പൻ പോലീസുകാരോട് സംസാരിച്ച് നിൽക്കുന്നു…. കാർ വന്ന് നിൽക്കുന്നത് കണ്ട് വല്യമ്മായിയും ചെറിയമ്മായിയും ഓടി വന്നു…. അവർ ശിവേട്ടനെയും പ്രിയയെയും അനുമോളെയും കൂട്ടിക്കൊണ്ട് പോയി…. അനുമോൾ എന്നെ കെട്ടിപ്പിടിച്ച് ബലം പിടിക്കുന്നുണ്ടായിരുന്നു…. എന്നാലും ചെറിയമ്മായി ബലം പിടിച്ച് അവളെ കൊണ്ടുപോയി….. വേണു മാഷ് അച്ഛനെയും വിളിച്ച് പുറത്തിറങ്ങി….. ഞാനും പുറത്തിറങ്ങി…. പുറത്തിറങ്ങിയപ്പോൾ തന്നെ ചിറ്റപ്പൻ അച്ഛനെ പോലീസ് കാരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി….

ഞാൻ അന്തം വിട്ട് ഏകനായി നിന്നു ….. എന്താണ് സംഭവിച്ചതെന്ന് അറിയാതെ….

അമ്മ എവിടെ …. ഞാൻ ചുറ്റും നോക്കി…. കണ്ടില്ല… അകത്തുണ്ടാകുമായിരിക്കും….

ആരുമെന്താണ് എന്നെ ശ്രദ്ധിക്കാത്തത്…. എന്തിനാണ് അമ്മായിമാർ അവരെ മാത്രം കൂട്ടിക്കൊണ്ട് പോയത്….

ഒറ്റക്ക് നിന്ന ഞാൻ അറിഞ്ഞില്ല…. ഇത് എന്റെ ഒറ്റപ്പെടലിന്റെ തുടക്കമാണ് എന്ന് ….

കുറച്ച് കഴിഞ്ഞ് ആരോ എന്റെ തോളിൽ കൈ വച്ചു ….. ഞാൻ നോക്കിയപ്പോൾ ശ്രീദേവി ചെറിയമ്മ… അമ്മയുടെ നേരെ ഇളയ അനിയത്തിയാണ്…. ചെറിയമ്മയും വിതുമ്പുന്നുണ്ട്…. എന്നെ ചേർത്ത് പിടിച്ച് ചെറിയമ്മ വീടിന്റെ ഒരു വശത്തേക്ക് നടന്നു….

എന്താ ചെറിയാമ്മേ….. അമ്മയെവിടെ…. ഇവരെല്ലാമെന്തേ ഇവിടെ… ഈ പോലീസുകാരും… എന്താ ആരും എന്നോട് ഒന്നും മിണ്ടാത്തത്… എന്താ അച്ഛനും ചെറിയമ്മയും എല്ലാം കരയുന്നത്…. ഒറ്റയടിക്ക് എന്റെ സംശയങ്ങൾ എല്ലാം പുറത്തുവന്നു….

Leave a Reply

Your email address will not be published. Required fields are marked *