എന്റെ മോനേ …… ചെറിയമ്മ പൊട്ടിക്കരഞ്ഞു…… നിന്റെ ‘അമ്മ പോയെടാ……
‘അമ്മ പോയെന്നോ… എങ്ങോട്… ഞാൻ സംശയിച്ചു …..എങ്ങടാ ചെറിയാമ്മേ പോയത്…?
ചെറിയമ്മ ഒന്നും മിണ്ടിയില്ല….. അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും ഒരു പായയിൽ പൊതിഞ്ഞ് കെട്ടി എന്തോ ഒരു സാധനവുമായി ചിലർ പോലീസ് കാരുടെ കൂടെ ഇറങ്ങി വന്നു…. അത് അവിടെ കിടന്ന ആംബുലൻസിൽ കയറ്റുമ്പോഴാണ്… ആ കാലുകൾ കണ്ടത്….
കണ്ണീരിനിടയിലും അത് അമ്മയുടെ കാലുകൾ ആണെന്ന് എനിക്ക് മനസ്സിലായി…..
ആംബുലൻസ് പോയി…. അച്ഛനും ചിറ്റപ്പനും അമ്മാമമാരും വേണുമാഷും മറ്റുചിലരും പോലീസുകാരും കാറിലും ജീപ്പിലുമായി കയറി പോകുന്നത് കണ്ടു ….. ഞാൻ ചെറിയമ്മയെ നോക്കി … ചെറിയമ്മ വേറൊരു സ്ത്രീയുടെ മടിയിൽ കിടന്ന് കരയുന്നു….. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞാൻ ഏങ്ങലടിച്ചുകൊണ്ടിരുന്നു… വീടിന്റെ വശത്തേ ചെറിയ തിണ്ണയിൽ ഞാൻ തളർന്ന് കിടന്നു… ആരും എന്റെ അടുത്തേക്ക് വന്നില്ല….. അതെന്താണെന്ന് മനസിലായില്ല…. എനിക്ക് മനസ്സിലാകാത്ത ഒറ്റപ്പെടലിന്റെ തുടക്കമായിരുന്നു… അത്….
എട്ട് വയസ്സ് കാരന്റെ യുക്തി ബോധത്തിന് മനസ്സിലാകാത്ത വിധം ചില സത്യങ്ങൾ അതിന് പിറകെ കടന്ന് വന്നു….. എന്റെ ‘അമ്മ ….. ഇന്നലെ വരെ എല്ലാവര്ക്കും പ്രിയപ്പെട്ട സാവിത്രിദേവി എന്ന എന്റെ ‘അമ്മ ആത്മഹത്യ ചെയ്തു…… എന്തിനെന്ന് ആരും പറഞ്ഞു തന്നില്ല….
വൈകീട്ടോടെ അമ്മയെ തിരികെ കൊണ്ടുവന്നു…. പിന്നെ അധികം വൈകാതെ തന്നെ ചിതയിലേക്കെടുത്തു …. ഏക മകനായ എന്നെ കൊണ്ട് ആരൊക്കെയോ എന്തൊക്കെയോ ചെയ്യിച്ചു …. ഒടുക്കം അമ്മയെ കിടത്തിയ വിറക് കൂനക്ക് എന്നെ കൊണ്ട് തീ കൊളുത്തിച്ചു….. അപ്പോഴെല്ലാം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ ഉറക്കെ കരയുകയും….. മറ്റെന്തൊക്കെയോ ചെയ്യുകയും ചെയ്തു…. വേണുമാഷ് മാത്രം എന്നെ താങ്ങി പിടിച്ചിരുന്നു….. മറ്റുള്ളവർ എന്നെ തുറിച്ച് നോക്കി കൊണ്ടിരുന്നു…..
ഒന്ന് മാത്രം മനസ്സിലായി ‘അമ്മ ഇനി തിരിച്ച് വരില്ല എന്ന സത്യം… ഉണ്ണീ എന്ന സ്നേഹം തുളുമ്പുന്ന വിളിയില്ല …. ഉറക്കം മുതൽ ഉറക്കം വരെ എന്തിനും സഹായിക്കുന്ന …. പല്ല് തേപ്പിക്കുന്ന …. എണ്ണ തേപ്പിക്കുന്ന … കുളിപ്പിക്കുന്ന,,, ഭക്ഷണം വാരി തരുന്ന…. ഗൃഹപാഠങ്ങൾ ചെയ്യുവാൻ കൂട്ടിരിക്കുന്ന ….. കഥ പറയുന്ന…. മനോഹരമായി പാട്ടുകൾ പാടുന്ന…. പാട്ട് പഠിപ്പിക്കുന്ന …. സന്ധ്യയ്ക്ക് നാമം ജപിക്കുമ്പോൾ കൂട്ടിരുന്ന് പുതിയ ശ്ലോകങ്ങൾ പറഞ്ഞ് തരുന്ന …. ‘അമ്മ ഇനി ഇല്ല…. കൊതിപ്പിക്കുന്ന പുന്നെല്ലിൻ കൊഴുക്കട്ടയും… പയർ മെഴുക്ക് പുരട്ടിയും എല്ലാം ഉണ്ടാക്കി തരുന്ന ‘അമ്മ ഇനി വരില്ല…. കിടക്കുമ്പോൾ കഥ പറഞ്ഞ് തരുന്ന …. തണുപ്പ് കാലത്ത് ചൂടേറ്റ് കിടക്കാൻ മാറോടടുക്കിയിരുന്ന ‘അമ്മ ….. ഇനിയില്ല….