*അബ്രഹാമിന്റെ സന്തതി*
Abrahamithe Santhathi | Author : Sadiq Ali
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു..
കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!!
എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!??
ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്.
ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി തോറ്റുപോയത് അവിടെയായിരുന്നു.. ഉപ്പാക്ക് സംഭവിച്ച ആക്സിഡന്റിന്റെ ഷോക്കിൽ തലച്ചുറ്റി വീണ ഉമ്മ ജീവിതത്തിലേക്കെത്തിയത് ഒരു സൈഡ് തളർന്നുകൊണ്ടായിരുന്നു.
ഒമ്പതും അഞ്ചും ഒന്നരയും വയസ്സ് പ്രായമുള്ള മൂന്ന് പെൺകുട്ടികളേയും വയ്യാത്ത ഉമ്മയേയും കൊണ്ട് അവിടുന്ന് നടക്കാൻ തുടങ്ങിയതാണു ഈ പതിമൂന്ന് കാരൻ .
ചായക്കടയിൽ പാത്രം കഴുകീം കള്ള് ഷാപ്പിൽ കുപ്പി പെറുക്കിയും ഞാൻ തുടങ്ങി..
എല്ലാ ഭാരവും എന്നെയേൽപ്പിച്ച് ഉപ്പാക്ക് പോകേണ്ടിവന്നപ്പോൾ ബാക്കിയായത്.. പുറമ്പോക്ക് ഭൂമിയിലെ പട്ടയമില്ലാത്ത നാലു സെന്റ് സ്ഥലത്ത് ഒരു ഓലപെരയും അതിനുള്ളിൽ അഞ്ച് അനാഥ ജന്മങ്ങളും..
എന്റെ ഉപ്പ ഉമ്മാനെ കെട്ടുന്നതിനു മുമ്പ് പ്രദേശത്തെ പേരു കേട്ട റൗഡിയായിരുന്നു..
ആറടിയിൽ കൂടുതൽ ഉയരവും അതിനൊത്ത വണ്ണവും … ഒന്ന് പറഞ്ഞ് രണ്ടാമത് തല്ലലും കൊല്ലലുമായി നടക്കുന്ന സമയത്താണു ഉമ്മാനെ കണ്ട് ഇഷ്ട്ടപെട്ടത്.
അറവുശാലയായിരുന്നു ഉപ്പാക്ക്.
ഇഷ്ട്ടപെട്ടപെണ്ണിനെ വീട്ടിൽ കേറി പെണ്ണ് ചോദിച്ചു.. എതിർക്കാൻ ദൈര്യമില്ലാതിരുന്ന അവർ ഉപ്പാക്ക് വിവാഹം ചെയ്തുകൊടുത്തു.
ഉമ്മയാണു.. പിന്നീട് ഉപ്പാനെ മാറ്റിയെടുത്തത്..
ആരുടെ മുമ്പിലും തോൽക്കാൻ ഇഷ്ട്ടമില്ലാത്ത ഉപ്പ ആദ്യമായി തോറ്റത് അല്ലെങ്കിൽ തോറ്റുകൊടുത്തത് ഉമ്മാടെ സ്നേഹത്തിനു മുന്നിലായിരുന്നു.
അങ്ങെനെ തോൽക്കാൻ ഇഷ്ട്ടമില്ലാത്ത ഇബ്രാഹിമിന്റെ മകനും പ്രതിജ്ഞ്ഞയെടുത്തു.. തോൽക്കില്ലെന്ന്..