മിണ്ടിയാലോ മെസേജ് അയച്ചാലോ അവനു സംശയം തുടങ്ങും. ആദ്യം ചോദ്യവും പറച്ചിലുമായിരുന്നു, പിന്നെ ദേഹോപദ്രവവും. ഇഞ്ച ചതയ്ക്കുന്ന പോലെ എന്നെ അവൻ തല്ലിയിട്ടുണ്ട്.’ കണ്ണീർ തുടച്ചു കൊണ്ട് ദീപിക പറഞ്ഞു.സുപ്രിയ അതു കേട്ടു തരിച്ചിരിക്കുകയാണ്. താൻ കോളജിൽ കണ്ടുശീലിച്ച ദീപിക എന്ന മഹാറാണി ഇത്രയും കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു എന്നത് അവൾക്ക് പുതിയ അറിവായിരുന്നു.
‘അതെല്ലാം ഞാൻ പോട്ടെന്നു വച്ചു.’ ദീപിക തുടർന്നു.’അവൻ പറഞ്ഞപോലെയൊക്കെ ഞാൻ ജീവിച്ചു, കാരണം അവനെ എനിക്ക് അത്ര ഇഷ്ടമായിരുന്നു.എന്നാൽ അതിനൊക്കെ പുല്ലുവില കൊടുത്ത് അവൻ എന്നെ വഞ്ചിക്കുകയായിരുന്നു. ആ വർഷാ നമ്പ്യാരുമായി അവന് അഫയർ ഉണ്ടായിരുന്നു എന്നറിഞ്ഞത് വൈകിയാണ്.അവളേയും കൊണ്ട് അവൻ പലയിടങ്ങളിലും പോയിട്ടുണ്ടെന്ന വിവരം എനിക്കു കിട്ടിയപ്പോൾ.ഞാനതു ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞതെന്തെന്നോ, ആണുങ്ങൾക്ക് അങ്ങനെ പലതും ഉണ്ടാകും അതു നീ മൈൻഡ് ചെയ്യേണ്ടെന്ന്. അതോടെ ഞാൻ അവനുമായി മാനസികമായി അകന്നു. പക്ഷേ ഒന്നും പറഞ്ഞില്ല, കാരണം അവൻ അതിനു മറുപടി പറയുന്നതു പെട്രോളോ ആസിഡോ ഉപയോഗിച്ചായിരിക്കും.എന്റെ ജീവിതം അങ്ങനെ നശിപ്പിക്കാൻ ഞാൻ തയാറല്ലായിരുന്നു.
നവനീതുമായുള്ള വിവാഹക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞു സമ്മതിപ്പിച്ചിരുന്നു. എന്നാൽ കോഴ്സ് കഴിഞ്ഞു വീട്ടിൽ ചെന്നപ്പോഴാണ് ബ്രേക്കപ്പ് ആയ കാര്യം അവർ അറിയുന്നത്. ഒടുവിൽ അവർ കണ്ടെത്തിയ ചെക്കനെ വിവാഹം കഴിച്ചു മുംബൈയ്ക്കു പോയി. നിങ്ങളുടെയെല്ലാം മുന്നിൽ ദീപിക കളിക്കു പ്രേമിച്ചു തേച്ച വഞ്ചകിയുമായി.’
ദീപിക നവനീതുമൊത്തുള്ള ഭൂതകാലത്തിന്റെ കെട്ടഴിച്ചു കഴിഞ്ഞപ്പോൾ സുപ്രിയയ്ക്കു പിടിച്ചുനിൽക്കാനായില്ല, അവൾ ദീപികയെ ഇറുക്കെ കെട്ടിപ്പിടിച്ചു.’സോറി ദീപി ഇക്കാര്യത്തിൽ ഞാനും നിന്നെ തെറ്റിദ്ധരിച്ചു.ഇത്രയും സംഭവങ്ങൾ ഇതിനു പിന്നിലുണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല.’
‘പോട്ടെടാ സാരമില്ല’ ദീപിക സുപ്രിയയെ ആശ്വസിപ്പിച്ചു.
‘ഇതങ്ങനെ വിട്ടാൽ പറ്റില്ല, നമുക്ക് പൊലീസിൽ വിളിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യണം. ഇന്ന് ഇവിടെ വന്നു നടത്തിയ പോക്രിത്തരത്തിന്റെ ശിക്ഷ അവനു ലഭിക്കണം.’ സുപ്രിയ ഫോൺ എടുത്തു.
‘ ഏയ് വേണ്ട അതിന്റെ ഒന്നും ആവശ്യമില്ല.’ ദീപിക അവളെ നിരുത്സാഹപ്പെടുത്തി.
‘ നീയെന്താ ഈ പറയുന്നേ, അവൻ നാളെ വീണ്ടും വന്നാൽ ? ‘ സുപ്രിയ അവളോടു ചോദിച്ചു.
‘ അവൻ വീണ്ടും വരില്ല.അവന്റെ വിധി അവൻ തന്നെ ഇരന്നു വാങ്ങിക്കഴിഞ്ഞു. ഒക്കെ നിനക്കു നാളെ മനസ്സിലാകും. പോയിക്കിടന്നുറങ്ങ്’ തന്റെ ബെഡ്റൂമിലേക്ക് ദീപിക വേച്ചുവേച്ചു നടന്നു.
സുപ്രിയയ്ക്ക് കാര്യം ഒന്നും മനസ്സിലായില്ല. ഒടുവിലെപ്പോളോ അവളും ഉറങ്ങി.
—————–
‘ ദീപികാ ദീപീ’ രാവിലെ എഴുന്നേറ്റ സുപ്രിയ ദീപികയെ ബെഡ്റൂമിലും