” നിങ്ങൾക്ക് വല്ല നല്ല പരിപാടിയും വച്ചു കണ്ടുകൂടെ… വയറ്റിൽ കിടക്കണ കുഞ്ഞും ഇതൊക്കെയ കണ്ടു പഠിക്കാ… വെറുതെ അതിനെ വഴിതെറ്റിക്കാൻ……… ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു..
” എന്ത് കണ്ടു പഠിച്ചാലും കൊച്ചച്ചനെ കണ്ടു പടിക്കരുതേ എന്നാ എന്റ പ്രാർഥന… ”
ഒറ്റ വാക്കിൽ ഏടത്തി എന്റെ വായടച്ചു… വിശേഷം ഉണ്ടെന്നു അറിഞ്ഞ അന്ന് മുതൽ വലിയ ആകാംക്ഷയിലാണ് ഏടത്തി. ടീവിയിൽ കുട്ടികളുടെ എന്ത് പരിപാടി ഉണ്ടെങ്കിലും അത് ചെറിയ പരസ്യമാണെങ്കിൽ പോലും ഇരുന്നു കാണും.. പക്ഷെ അതിലും ആവേശം ദേവുവിനാണെന്നു എനിക്ക് ചിലപ്പോൾ തോന്നും .
ഓരോ കുട്ടിയെ ടീവിയിൽ കാണുമ്പോൾ ആ കുട്ടിയുടെ മുടിയൊ ഇട്ടിരിക്കുന്ന ഡ്രെസ്സൊ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ” നമുക്കും കുഞ്ഞിനെ ഇതുപോലെ ഒരുക്കണം ചേച്ചി.. കുഞ്ഞിന് ഇതുപോലെ ഉള്ള ഉടുപ്പ് വാങ്ങണം ചേച്ചി ” എന്ന് പറഞ്ഞു പിരി കേറ്റി കൊടുക്കുന്നത് ദേവു ആണ്. അതിപ്പോ ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും…….
ആദ്യമായാണ് ഇവർക്കിടയിൽ ഞാൻ വന്നു പെടുന്നത്. അതുകൊണ്ട് തന്നെ അവരുടെ സംസാരം എനിക്ക് കൗതുകമുണർത്തുന്നതായിരുന്നു.
പണ്ട് കോളേജിലെ തന്നെ മികച്ച പ്രണയ ജോഡികൾ ആയിരുന്നു ഏട്ടനും ഏടത്തിയും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ വീട്ടുകാർ തമ്മിലുള്ള വാക്ക് തർക്കവും അഭിപ്രായ വ്യത്യാസവും എല്ലാം ചേർന്നപ്പോൾ ഇറങ്ങി പോരുക അല്ലാതെ ഏടത്തിക്കു വേറെ വഴി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഏടത്തിയുടെ വീട്ടുകാരിങ്ങോട്ടു തിരിഞ്ഞു കൂടി നോക്കാറില്ല. ഏടത്തിക്കു വിശേഷം ഉണ്ടെന്നു കേൾക്കുമ്പോൾ എങ്കിലും അവരുടെ മനസ്സലിയും എന്ന് കരുതിയതാണ് പക്ഷെ ഫലം ഒന്നും ഉണ്ടായില്ല എന്ന് ഏട്ടൻ പറയുന്നത് കേട്ടു…..
എങ്കിലും ഏടത്തി ഇവിടെ സന്തോഷവതിയാണ്.. പിന്നെ കൂട്ടിനു ദേവു കൂടി വന്നപ്പോൾ മിണ്ടി പറയാനും കൂട്ടിനും ഒക്കെ ഒരാളായി എന്ന് ഏടത്തിയുടെ പെരുമാറ്റത്തിൽ നിന്ന് തോന്നിയിട്ടുണ്ട് പലപ്പോളും.
ടീവിയിലേക്കു നോക്കാൻ തോന്നിയില്ലെങ്കിലും ദേവുവിലെക്കു പലപ്പോഴായി കണ്ണ് പാഞ്ഞു .. .. സീരിയലിലെ ഓരോ ഭാഗങ്ങൾക്കും ഒപ്പം മാറുന്ന ദേവുവിന്റെ ഭാവങ്ങൾക്കു അഴകേറെ ഉണ്ടായിരുന്നതായി തോന്നി. വർണനകൾക്കും അപ്പുറം ആണെന്റെ പെണ്ണിന്റെ അഴക്. ഇതുവരെയും ഞാൻ വിവരിക്കാത്ത അല്ലെങ്കിൽ ഇതുവരെയും ഞാൻ ശ്രദ്ധിക്കാതെ ഇരുന്നതാണെന്റെ ദേവുവിനെ. പക്ഷെ ഇനി അതിന്റെ ആവശ്യം ഇല്ല .. ഇവൾ ഇനി എന്റെയാണ്. എന്റെ മാത്രം….. അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല… ഓരോ നിമിഷം പോകുന്തോറും അവളോടുള്ള എന്റെ സ്നേഹം കൂടി വരുന്നത് പോലെ തോന്നി.