ഞാനവളെയും വലിച്ചു നേരെ പൂജാമുറിയുടെ മുന്നിലേക്ക് നടന്നു. അടഞ്ഞു കിടന്ന പൂജാമുറി തള്ളി തുറന്നു…. അവളെ വലിച്ചകത്തേക്കു കയറ്റി.
ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ അവളെന്റെ ഓരോ ചെയ്തികളും വീക്ഷിച്ചു നിൽക്കെ അവളുടെ കയ്യിലവൾ ഒളിപ്പിച്ച ആ താലിമാല ഞാൻ പിടിച്ചു വാങ്ങി…
കൊട്ടും കുരവയും ആരവങ്ങളോ ഇല്ലാതെ…. പൂച്ചെണ്ടുകളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ… പൂജാമുറിയിലെ കൊളുത്താത്ത വിളക്കുകൾക്കു മുന്നിൽ എന്റെ ദേവു ഏറ്റവും ആരാധിക്കുന്ന കണ്ണനെ സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിലാ താലി ഒരുതവണ കൂടി ചാർത്തി.. നിറഞ്ഞ മനസോടു കൂടി. മൂന്നു തവണ താലിച്ചരട് കഴുത്തിൽ കോർത്തു നേരെ കണ്ണ് പാഞ്ഞത് പുഞ്ചിരി തൂകി എല്ലാറ്റിനും സാക്ഷിയായി നിന്നിരുന്ന കണ്ണന്റെ വിഗ്രഹത്തിലേക്കാണ്.. അവിവേകം പൊറുത്തനുഗ്രഹിക്കണേ….. എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കക്ഷിയോട്…. അപ്പോളും കണ്ണന്റെ മുഘതൊരു കള്ളച്ചിരി മാത്രം ആയിരുന്നു.
” ഇപ്പോൾ വിശ്വാസമായില്ലേ തനിക്കെന്നെ.. ”
അവളുടെ ഇരു തോളിലും പിടിച്ചവളെ എന്റെ നേരെ നിർത്തി ഞാൻ ചോദിച്ചു. മൗനം ആയിരുന്നു മറുപടി. അവളുടെ തിളക്കമാർന്ന കണ്ണുകളിൽ വീണ്ടും കണ്ണുനീർ അണപൊട്ടി ഒഴുകാൻ തുടങ്ങി….
” വേണ്ട. കരയരുത്. ഒരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞല്ലേ.. കരഞ്ഞു തീർക്കാനുള്ളതെല്ലാം കരഞ്ഞു തീർത്തില്ലേ.. ഇനി ഈ കണ്ണുകൾ നിറയരുത് … ”
. എവിടെ നിന്നോ ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി അവൾ കണ്ണുകൾ തുടച്ചു.
” എനിക്കറിയില്ല ഈ ചെയ്തതൊക്കെ ശെരിയാണോ എന്ന്.. എല്ലാം ഒരു സ്വപ്നം പോലെയാ തോന്നണേ എനിക്ക്.. ഇകാലമത്രയും ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല… അന്ന് ഈ താലി എന്റെ കഴുത്തിൽ വീഴുന്നത് വരെ… പിന്നീടെനിക് ഒരു പ്രാർഥനയെ ഉണ്ടായിരുന്നുള്ളു.. ഈ താലി എന്നും എന്റെ കഴുത്തിൽ എന്റെ എല്ലാം ആയി ഇങ്ങനെ തന്നെ ഉണ്ടാകണമേ എന്ന്…ഇന്ന്..! കണ്ണനെന്റെ പ്രാർഥന കേട്ടു.. ഞാൻ വിശ്വസിച്ചോട്ടെ …. എല്ലാം സത്യം തന്നെ ആണെന്ന്? “”
അവളുടെ വാക്കുകൾക്ക് ഉത്തരമെന്ന വണ്ണം ഞാൻ അവളുടെ മുഖം വീണ്ടുമെന്റെ കൈകളാൽ പൊതിഞ്ഞു. അവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്റെ ആദ്യ ചുംബനം അവൾക്കുള്ള എന്റെ ഉറപ്പായിരുന്നു.. …. എന്റെ സ്നേഹമായിരുന്നു … ഞാൻ അവൾക്കു നൽകിയ വിശ്വാസമായിരുന്നു.. മറുത്തൊന്നും പറയാതെ കണ്ണുകളടച്ചു അവളതേറ്റുവാങ്ങി….