പിന്നെ അവളൊന്നും മിണ്ടിയില്ല എന്നെ ഇരു കൈകൾ കൊണ്ടും മുറുകെപ്പിടിച്ചിരുന്നു….
ഏറെ ദൂരം ചെന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനെ ഞാൻ മിററിലൂടെ വീണ്ടും നോക്കി . എന്നെ തന്നെ നോക്കി ഇരിക്കയാണ് അവൾ.. ആ മിഴികൾ നിറഞ്ഞിരുന്നതായി തോന്നി….
” കരയുവാണോ നീയ്… ”
” ഏയ്… അത് കാറ്റടിച്ചിട്ടാണ്… ”
ദേവുവിന്റെ ഭയം കാരണം മെല്ലെ പൊയ്ക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നവൾ അവിശ്വസനീയമായൊരു കള്ളം പറഞ്ഞു…
അല്പദൂരം കൂടി മുന്നോട്ട് പോയി വണ്ടി ചെന്ന് നിന്നത് കോളേജ് മുറ്റത്താണ്… ശനിയാഴ്ചകളിൽ ചിലരെ മാത്രം കാണപ്പെട്ടിരുന്ന കോളേജിലെ തണൽ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ ഞാൻ വണ്ടി മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരുന്നു…..
ബൈക്ക് ഒരു സൈഡിൽ നിർത്തി ദേവുവിന്റെ കൈ പിടിച്ചു നടക്കുമ്പോൾ മുൻപവളെന്നോ ആഗ്രഹിച്ചിരുന്ന തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ നിഷ്കളങ്കമായാ സന്തോഷം അവളുടെ കണ്ണുകളിൽ നക്ഷത്രംപോൽ മിന്നി തിളങ്ങുന്നതെനിക്ക് കാണാമായിരുന്നു…..
അവളെയും കൊണ്ട് നരെ പോയത് കോളേജിന്റെ വിശാലമായ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ വലിയ ഗാലറിയിലേക്കാണ്…. ഇവിടെ വച്ചായിരുന്നത്രെ അവളെന്നെ ദിവസവും നോക്കി ഇരുന്നത്..
അവധി ദിവസം ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ ചില പിള്ളേരും കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന ചില പെൺകുട്ടികളും അവരുടെ കാമുകന്മാരും അവിടിവിടെങ്ങളിലായി ഇരിക്കുന്നുണ്ടായിരുന്നു……
ഗാലറിയിൽ ഒരു മൂല ചേർന്നു ഞങ്ങൾ ഇരിക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി…
” ഇപ്പോളും കണ്ണിൽ കാറ്റടിക്കുന്നതാണോ… അതോ ശെരിക്കും കരയുന്നതാണോ … , ”
” ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയോ നന്ദുവേട്ട …. നന്ദുവേട്ടന്റെ കൂടെ ഇത് പോലെ… ഇങ്ങനെ………. സന്തോഷം കൊണ്ട…… ”
വാക്കുകൾ പലയിടത്തായി ചിതറി തെറിച്ചുവെങ്കിലും അവൾ പറഞ്ഞു നിർത്തി.. ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി മാത്രം ഞാൻ സമ്മാനിച്ചപ്പോൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു അവളെന്റെ തോളിലേക്ക് ചായിഞ്ഞിരുന്നു…… അവളുടെ ആഗ്രഹമെന്ന വണ്ണം… അവളുടെ അവകാശമെന്നവണ്ണം……..