” എങ്കിൽ അവിടെ ഇരുന്നു ഉറങ്ങാതെ ഇവിടെ വന്നു കിടക്കു ”
ആ ചെറിയ കട്ടിലിൽ ദേവുവിനായി അല്പം സ്ഥലം നീക്കി വച്ച് ‘അമ്മ അവളെ വിളിച്ചു. തെല്ലും മറുത്തു പറയാതെ അവൾഅമ്മയോടൊപ്പം പോയി കിടന്നു. ‘അമ്മ അവൾ പറഞ്ഞതൊന്നും കേട്ടില്ലെന്നു തോന്നുന്നു . അതോ കേൾക്കാത്ത പോലെ അഭിനയിക്കുന്നതാണോ.? എന്തായാലും അവർക്കിടയിൽ മറ്റൊന്നും സംസാര വിഷയമായി കേട്ടില്ല ..
മനസ്സ് അസ്സ്വസ്ഥമായിരുന്നു. ചിന്തകൾ വീണ്ടും രാഘവനിൽ നിന്നും ദേവുവിലെക്കു തിരിഞ്ഞു . അയാളോടുള്ള പകയേക്കാൾ ഇപ്പോളവശ്യം ദേവുവിന്റെ സംരക്ഷണം ആണ്.. അതാണ് പ്രധാനം എന്ന് മനസ്സിലുറപ്പിച്ചു… അറിയാതെ കണ്ണുകൾ ദേവുവിനടുത്തേക്കു എത്തപ്പെട്ടു.. അമ്മയുടെ കൈയിൽ തലചേർത്തു കിടക്കുന്ന ദേവുവിനെ അൽപനേരം നോക്കി കിടന്നു.ഒരമ്മയുടെ ലാളന ഏറ്റുവാങ്ങി കുഞ്ഞി കുട്ടിയെ പോലെ ഉള്ള ദേവുവിന്റെ ഉറക്കം കാണാൻ ഭംഗി ഉള്ള കാഴ്ചയായിരുന്നു. അവൾക്കിതിലും നല്ലൊരു സംരക്ഷണം വേറെ കിട്ടാനില്ലെന്നു അവളെ ഇനി എങ്ങും പോകാൻ അനുവദിക്കില്ലെന്നും ഉറപ്പിച്ചാണ് ഞാൻ അന്ന് വീണ്ടും കണ്ണുകൾ അടച്ചത് ….
****—–***—**—-
പിറ്റേന്ന് ഡോക്ടറുടെ എന്തൊക്കെയോ പരിശോധനകളും. മുറിവുകളുടെ ഡ്രസ്സ് ചെയ്യലും ഒക്കെ നേരത്തെ തീർന്നു. അന്ന് സഹിക്കാൻ കഴിയാതെ വന്നത് കോളേജിലെ ചില അവന്മാരുടെ വരവായിരുന്നു. ആശുപത്രിയിൽ ആണെന്ന ബോധം പോലും ഇല്ലാതെ അതൊരു പൂരപ്പറമ്പാക്കിയാണ് അവര് മടങ്ങിയത്… ഇടക്കെപ്പോളോ സമയം കിട്ടിയപ്പോൾ രാഘവനെ കുറിച്ചൊരു സൂചന മാത്രം ഞാൻ ഹരിക്കു കൊടുത്തു.. ….
പറയത്തക്ക പരിക്കുകളൊന്നും ശരീരത്തെവിടെയും ഉണ്ടായിരുന്നില്ല. എല്ലാം വേഗത്തിൽ ഉണങ്ങുന്നവ. വീണപ്പോൾ തല എവിടയോ ശക്തിയിൽ ഇടിച്ചിരുന്നു. അതിനും കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും കുറച്ചു ദിവസത്തേക്ക് തല ഒരുപാടു അനക്കരുതെന്നു ഡോക്ടർ നിർദ്ദേശിച്ചു… കാലിനുണ്ടായ ചതവ് കൊണ്ടും കുറച്ചു ദിവസത്തേക്ക് റസ്റ്റ് എടുക്കണം മരുന്നുകൾ കൃത്യമായി കഴിക്കണം എന്നൊക്കെയുള്ള ചില നിബന്ധനകളോടെ ആണ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു അവർ എന്നെ വിട്ടയച്ചത്.