ഏടത്തിയുടെ സ്നേഹപ്രകടനം എന്നും അങ്ങനെ ആണ്. എല്ലാവര്ക്കും എന്റെ അവസ്ഥയിൽ വിഷമം ഉണ്ടെന്നു എനിക്ക് മനസിലായി.. പക്ഷെ ആരോടെങ്കിലും എന്തെങ്കിലും ഒന്ന് പറയാനോ.. എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാനോ കഴിയുന്ന ഒരവസ്ഥയിൽ ആയിരുന്നില്ല ഞാൻ….. മനസ് നിറയെ രാഘവനും അയാൾ പറഞ്ഞ വാക്കുകളും ആയിരുന്നു… അയാളെ ഒന്ന് തിരിച്ചു തല്ലാനോ എന്തിനു മറുത്തു ഒന്നും പറയാനോ കഴിയാതെ പോയതിൽ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി…
‘അമ്മ ഓരോ തവണ മുറിപാടുകളിലൂടെ കൈ ഓടിക്കുമ്പോളും വേദനയെക്കാളേറെ ഇതിനു കാരണക്കാരനായ രാഘവനോട് ഏത് വിധേനയും പകരം ചോദിക്കണമെന്ന് മനസിനുള്ളിൽ നിന്നാരോ പറയുന്നത് പോലെയാണ് തോന്നിയത് .. പക്ഷെ മറുവശത്തു അപ്പോളും ദേവനന്ദ ആയിരുന്നു. അവൾക്കിനി ഞാനല്ലാതെ ആരുമില്ലെന്ന സത്യം എന്റെ ഉൾമനസിൽ തോന്നി തുടങ്ങിയിരിക്കുന്നു…
അവളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഭയമാണിപ്പോൾ. സത്യങ്ങളെല്ലാം അറിയുമ്പോൾ അവളതിനെ എങ്ങിനെ ഉൾക്കൊള്ളും എന്നതിനെ കുറിച്ച് ഒരു പിടിയും എനിക്കില്ലായിരുന്നു…..
” ഞങ്ങളെന്നാൽ പോകുവാ അമ്മേ…. രാവിലെ വരാം. ”
ആലോചനയുടെ ഇടയിൽ ഏടത്തിയുടെ ശബ്ദം ഉയർന്നു..
” അമ്മയാണോ നിൽക്കുന്നത്… അമ്മയും കൂടി പോയി രാവിലെ വന്നാൽ മതി അമ്മെ. എനിക്ക് ഒരു കുഴപ്പവും ഇല്ല. ”
” കുഴപ്പം ഇല്ല… നിനക്കു എന്തെങ്കിലും ആവശ്യം വന്നാലോ. ഞാൻ നിന്നോളം നിങ്ങൾ പൊയ്ക്കോ…. ”
അമ്മയുടെ അഭിപ്രായം കേട്ട ഉടനെ ഞാൻ നോക്കിയത് ഏടത്തിയെ ആണ്…
” ഞാൻ പറഞ്ഞതാ ഏട്ടൻ നിന്നോളും എന്ന്. അമ്മ.. സമ്മതിക്കാത്തത് കൊണ്ടാ… ”