“ഒന്നവിടെ നിന്നേ…”
അകത്തുനിന്നും പദ്മിനി പറഞ്ഞുകൊണ്ട് ഉമ്മറത്തേക്കെത്തി, അമ്മയുടെ ഗൗരവം കണ്ട് എല്ലാരും മുഖത്തോട് മുഖം നോക്കി
“ഇതെത്രനാളായി തുടങ്ങിയിട്ട്…”
പദ്മിനി ഗൗരവത്തിൽ ചോദിച്ചു
“ഏത്…”
വിഷ്ണു അറിയാതെ ചോദിച്ചുപോയി
“നിങ്ങൾ രണ്ട് പേരുംകൂടിയുള്ള ഈ നാടകം”
പദ്മിനി വിഷ്ണുവിനെയും ദേവികയെയും മാറി മാറി നോക്കി
“എന്ത് നാടകം…”
വിഷ്ണു ചോദിച്ചു, ദേവിക നിലത്തേക്ക് നോക്കി നിന്നു
“ഈ നാടകം…”
വിഷ്ണു കൊടുത്ത മോതിരം ഉയർത്തി കൊണ്ട് പദ്മിനി ചോദിച്ചു
വിഷ്ണുവിന് എന്ത് പറയണമെന്ന് അറിയാതെ അന്തംവിട്ട് നിന്നു
“രണ്ടുപേർക്കും ഒന്നും പറയാനില്ലേ… ഇല്ലെങ്കിൽ ഞാനിന്ന് ഇവളുടെ വീട്ടിലേക്ക് ചെല്ലാം… എന്നിട്ട് ഇവളുടെ അച്ഛനോട് ചോദിക്കാം, എന്റെ മോനെ കയ്യും കണ്ണും കാണിച്ചു വളക്കാനാണോ മോളെ പഠിപ്പിച്ചിരിക്കുന്നതെന്നു”
പദ്മിനി ഗൗരവത്തിൽ തന്നെ പറഞ്ഞു
“അമ്മയെന്തൊക്കെയാ ഈ പറയുന്നത്…”
വിഷ്ണു ചോദിച്ചു
“അനാവശ്യങ്ങളോ… എന്റെ മോന് ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ എനിക്ക് കഴിയും, അതിന് വേറാരുടേം സഹായവും വേണ്ട… മനസ്സിലായോ…”
പദ്മിനി ദേഷ്യത്തോടെ ദേവികയോട് പറഞ്ഞു, ദേവികയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു, അവൾ തന്റെ ദാവണി കടിച്ചു പിടിച്ചു നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു
വിഷ്ണുവും കൃഷ്ണയും പദ്മിനിയുടെ ഈ മുഖം ആദ്യമായികാണുകയായിരുന്നു, അതിന്റെ അമ്പരപ്പിലായിരുന്നു രണ്ടുപേരും
“അമ്മയെന്തിനാ അവളെമാത്രം വഴക്കുപറയുന്നത്, അവളുമാത്രമല്ലല്ലോ ഞാനും ഇതിൽ കുറ്റക്കാരനല്ലേ, അല്ലങ്കിലും ഒരു പെണ്ണിനെ സ്നേഹിക്കുന്നത് വലിയ കുറ്റമൊന്നുമല്ലല്ലോ, അച്ഛൻ അമ്മയെ സ്നേഹിച്ചല്ലേ കല്യാണം കഴിച്ചത്,”
വിഷ്ണു ആവേശത്തോടെ പറഞ്ഞു
“നീ കൂടുതൽ സംസാരിക്കേണ്ട… എനിക്കറിയാം എന്റെ മക്കളെ ആര് കല്യാണം കഴിക്കണമെന്ന്…”
പദ്മിനി കൂടുതൽ ദേഷ്യത്തിലായി
“അമ്മേ… അമ്മക്കെന്താ പറ്റിയേ… ദേവു നല്ല കുട്ടിയല്ലേ ഏട്ടന് നന്നായി ചേരുകയും ചെയ്യും… പിന്നെന്താ…”
കൃഷ്ണയും പറഞ്ഞു
“നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ല… മനസ്സിലായോ…?”
പദ്മിനി കൃഷ്ണയുടെ നേരേ വിരൽ ചൂണ്ടി
“അമ്മേ… ഞാനിന്നുവരെ ഒരാഗ്രഹവും അമ്മയോട് പറഞ്ഞിട്ടില്ല… അമ്മയേ ഒരു കാര്യത്തിലും അനുസരിക്കാതെയും ഇരുന്നിട്ടില്ല, പക്ഷേ അമ്മേ ഞാനിവൾക്ക് വാക്ക് കൊടുത്തുപോയി, എന്റെ ജീവിതത്തിൽ ഒരു പെണ്ണൂണ്ടങ്കിൽ അതിവള് മാത്രമായിരിക്കും”
വിഷ്ണു ഉച്ചത്തിൽ അത് പറഞ്ഞപ്പോ എല്ലാരും ആശ്ചര്യത്തോടെ അവനെ നോക്കി
“അങ്ങനെയാണേൽ എനിക്കതൊന്നറിഞ്ഞിട്ടേയുള്ളു… നടക്കടി നിന്റെ വീട്ടിലേക്കു…”
ഹിമകണം 3 [കണ്ണൻ]
Posted by