ഹിമകണം 3 [കണ്ണൻ]

Posted by

പദ്മിനി അവളുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി
വീടിനു പിന്നിലൂടെയുള്ള വഴിയിലൂടെ ദേവികയെയും കൊണ്ട് അമ്മ നടന്നു തുടങ്ങിയിരുന്നു, ബലികൊടുക്കാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ ദേവിക കരഞ്ഞുകൊണ്ട് അമ്മയുടെ പിന്നാലെ കരഞ്ഞുകൊണ്ട് നടന്നു
കൃഷ്ണ പദ്മിനിയെ അനുനയിപ്പിക്കാൻ എന്നവണ്ണം എന്തൊക്കെയോ പറഞ്ഞുകൊണ്ട് കണ്ണീരോടെ അവരുടെ പിന്നാലേ നടന്നു
എന്ത് ചെയ്യണമെന്നറിയാതെ നിന്ന വിഷ്ണു പെട്ടെന്ന് റൂമിലെത്തി ഷർട്ട് ഇട്ടുകൊണ്ട് വണ്ടിയുമെടുത്തു ദേവികയുടെ വീട്ടിലേക്ക് പാഞ്ഞു
അവൻ അവിടെത്തുമ്പോ അമ്മയും ദേവികയും കൃഷ്ണയും അവിടെത്തിയിരുന്നു
പദ്മിനി അവനെയൊന്നു നോക്കിയിട്ട് അകത്തേക്ക് നോക്കി വിളിച്ചു
“നാണുപിള്ളേ… നാണുപിള്ളേ…”
പദ്മിനി അകത്തേക്ക് നോക്കി വിളിച്ചു
അപ്പോഴും ദേവിക കരഞ്ഞുകൊണ്ട് നിക്കുകയായിരുന്നു
ദീപ അകത്തുനിന്നും ഇറങ്ങിവന്നു അമ്മയുടെ ഭാവവും ദേവികയുടെ കരഞ്ഞുകൊണ്ടിരുന്ന മുഖവും കണ്ട് അവൾ അമ്പരന്നു,
“എന്താ പദ്മിനിയേട്ടത്തി… എന്താ കാര്യം?”
ദീപ മുറ്റത്തേക്കിറങ്ങികൊണ്ട് ചോദിച്ചു
“നാണുപിള്ളയില്ലേ ഇവിടെ…”
പദ്മിനി ഗൗരവത്തോടെ ചോദിച്ചു
“ഉണ്ട്… അച്ഛാ…”
ദീപ ദേവികയുടെ അടുത്ത് വന്ന് അകത്തേക്ക് നോക്കി വിളിച്ചു.
“എന്താ കുഞ്ഞേ… എന്തുപറ്റി”
അന്തംവിട്ട് നാണുപിള്ള ചോദിച്ചു
“ഞാനൊരു കാര്യം ചോദിക്കാനാ വന്നത്… നിങ്ങളുംകൂടി അറിഞ്ഞിട്ടാണോ ഇവൾ ഈ വേല കാണിക്കുന്നത്… ഇവര് തമ്മിൽ പ്രേമമാണെന്നാണ് ഇവർ പറയുന്നത്… ഇവൻ ഇവൾക്കൊരു മോതിരം വാങ്ങിക്കൊടുത്തു… ഇതൊക്കെ ശരിയാണെന്ന് നാണുപിള്ളക്ക് തോന്നുന്നുണ്ടോ…?”
പദ്മിനി ഗൗരവത്തിൽ ചോദിച്ചു
നാണുപിള്ള പതിയെ മുഖം താഴ്ത്തി
“നാണുപിള്ളക്ക് ഒന്നും പറയാനില്ലേ… ഇല്ലെങ്കിൽ ഞാൻഒരുകൂട്ടം ചോദിക്കാം, എനിക്കിവളെ താരോ എന്റെ മോന്റെ ഭാര്യയായിട്ട്… എന്റെ മോളായിട്ട്…?”
പദ്മിനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
എല്ലാരും ഞെട്ടി പദ്മിനിയുടെ മുഖത്തേക്ക് നോക്കി
“ഇപ്പൊ ഇവന് ജോലിയൊന്നുമില്ലായിരിക്കും പക്ഷേ എനിക്കുറപ്പുണ്ട് ഇവന്റെ പഠിപ്പ് കഴിഞ്ഞാൽ ഒരു നല്ല നിലയിലെത്തുമെന്ന്… സമ്മതമാണെങ്കിൽ പറഞ്ഞോ ഇല്ലേൽ ഇവര് ഒളിച്ചോടിപ്പോകുമെന്നാ പറയുന്നത്…”
പദ്മിനി ചിരിച്ചുകൊണ്ട് പറഞ്ഞു
എല്ലാവരും അന്തംവിട്ട് പരസ്പരം നോക്കി
വാ പൊളിച്ചുനിന്ന ദേവിക… പയ്യേ വിതുമ്പാൻ തുടങ്ങി
വിഷ്ണുവിന്റേയും കൃഷ്ണയുടെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി, അൽപനേരം ആലോചിച്ചിട്ട് നാണുപിള്ള പതിയെ പറഞ്ഞു
“പദ്മിനികുഞ്ഞെ… ഞാനെന്താ പറയേണ്ടേ… മക്കളെ നല്ല കുടുംബങ്ങളിലേക്ക് കെട്ടിച്ചു വിടുക എന്നത് എല്ലാരുടേം ആഗ്രഹമാണ്… ഉണ്ണികുഞ്ഞിനേം എനിക്ക് നന്നായി അറിയാം എന്റെ മോളെ നന്നായി നോക്കുമെന്നും എനിക്കറിയാം… പക്ഷേ എന്റെ ചുറ്റുപാട് നിങ്ങൾക്കൊരു ക്ഷീണമാവില്ലേ…?”

Leave a Reply

Your email address will not be published. Required fields are marked *