ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Posted by

മനസ്സിൽ വളരെയധികം സംഘർഷങ്ങൾ ഉറഞ്ഞു കൂടിയിട്ടുണ്ടെങ്കിലും ശ്വേത എല്ലാം സ്വയം നിയന്ത്രിച്ച്, വളരെ ഉത്സാഹവധിയും സന്തോഷവതിയുമാണെന്ന് മറ്റുള്ളവർക്ക് തോന്നും വിധമായിരുന്നു കാറിൽ നിന്നും വീടിനകത്തേക്ക് കയറിയത്. ദൂരെ പഠിക്കുന്ന വല്യച്ചന്മാരുടെ മക്കളും കെട്ടിച്ചുവിട്ടവരും കെട്ടി വേറെ പോയവരും അമ്മായിയും മക്കളും ഒക്കെ ആയി ആ വീട് ഒരു ഉത്സവപ്രതീതി പോലെ അവളെ സ്വീകരിച്ചു. നാളെ തൻറെ പെണ്ണുകാണൽ ഇത്രയും ആഘോഷമാക്കേണ്ടതുണ്ടോ എന്നവൾക്ക് തോന്നാതില്ല. ഈ ആഘോഷത്തിന്റെ കാരണങ്ങൾ അവൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു. അച്ഛനും വല്യച്ചന്മാരും ഈ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. ഒരു ചടങ്ങിന് വേണ്ടി മാത്രം നടത്തുന്ന പെണ്ണുകാണലാണ്. തനിക്ക് ഇതിൽ അഭിപ്രായം പറയാൻ പറ്റില്ല എന്നവൾക്ക് മനസ്സിലായി. ആ തിരിച്ചറിവിൽ അവൾക്ക് ദേഷ്യവും സങ്കടവും വന്നു.

ആൾതിരക്കുള്ള ആ വീട്ടിൽ ഒന്ന് സ്വസ്ഥമായിരിക്കാനോ, അർജുനേ ഒന്ന് വിളിക്കനോ അവൾക്ക് കഴിഞ്ഞില്ല. മൈലാഞ്ചി ഇടലും മേക്കപ്പ് ചെയ്യലും ഒക്കെയായി ഒരു കല്യാണ പെണ്ണിനെ ഒരുക്കുന്നപോലെ ആയിരുന്നു പെണ്ണുകാണലിനുള്ള ഒരുക്കങ്ങൾ. ഇരു കൈകളിലും മൈലാഞ്ചിയുമായി രാത്രി എപ്പോയോ ഉറങ്ങി പോയി. രാത്രിയിൽ ഇടക്കെപ്പോയോ ഉണർന്നപ്പോൾ അമ്മായിമാരുടെയും വല്യച്ചന്മാരുടെയും മക്കളോക്കെ തന്റെ അടുത്ത് കട്ടിലിലും നിലത്തുമായി കിടന്നുറങ്ങുന്നത് അവൾ കണ്ടു. ഈ വീട്ടിൽ തന്റെ സ്വാകാര്യത നഷ്ട്ടപെട്ടു തുടങ്ങിയെന്ന് അവൾക്ക് തോന്നി.

രാവിലെ ‘അമ്മ അമ്പലത്തിൽ പോവാൻ വിളിച്ചപ്പോഴാണ് ഉണർന്നത്. കുളിച്ച് പട്ടുപാവാടയും ബ്ലൗസുമോക്കെ ധരിച്ചു. ബോബ് ചെയ്ത് കൊണ്ട് നടന്നിരുന്ന തന്റെ മുടി പിന്നിലേക്കു മുടഞ്ഞിട്ടു, നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ട് അമ്മയുടെയും വല്യമ്മയുടെയും കൂടെ അമ്പലത്തിലേക്കിറങ്ങി. അമ്പലമുറ്റത്ത് അവരെ കണ്ട പലരും അവർക്ക് വഴിമാറി നിന്നു. പഴയ കീഴ്‌വഴക്കങ്ങളുടെ ശേഷിപ്പുകൾ നാട്ടിലെ പലരുടെയും മനസ്സിൽ പറ്റികിടക്കുന്നുണ്ടെന്ന് ആ കഴ്ചക്കണ്ട ശ്വേതക്ക് തോന്നി. അമ്പലത്തിൽ പോയി തിരിച്ച് വരുന്നത് വരെ ശ്വേതാ അമ്മയോടോ വല്യമ്മയോടോ ഒന്നും സംസാരിച്ചില്ല. അപ്പോഴും അവളുടെ മനസ്സിൽ ഈ കല്യാണം എങ്ങനെ മുടക്കാം എന്നാലോചിക്കുകയായിരുന്നു.

സമയം പത്ത് മണിയായപ്പോയേക്കും ചെക്കനും കൂട്ടരും ശ്വേതയെ പെണ്ണ് കാണാൻ പുത്തൻപുരക്കലെത്തി. പുത്തൻപുരക്കൽ തറവാടിനെ പോലെ തന്നെ പേരുകേട്ട തറവാടാണ് അമ്പലശേരി. ശ്വേതയുടെ വല്യച്ഛൻ രാജ രാജ വർമ്മയാണ് ഈ ആലോചന കൊണ്ടുവന്നത്. അമ്പലശേരിയിലെ പ്രതാപ വർമ്മയും പുത്തൻപുരക്കലെ രാജ രാജ വർമ്മയും സുഹൃത്തുക്കളാണ്. ആ സുഹൃദം ഇപ്പോൾ വളർന്ന് പങ്ക് കച്ചവടത്തിൽ വരെ എത്തി നിൽക്കുന്നുണ്ട്. അത് പോലെ ഒരു കച്ചവടം തന്നെയായിരുന്നു ഈ വിവാഹം കൊണ്ടും അവർ ഉദേശിച്ചിരുന്നത്. പ്രതാപവർമ്മയുടെ മകനാണ് പെണ്ണ് കാണാൻ വന്ന പയ്യൻ.

പയ്യനും കൂട്ടരും വന്ന കാർ മുറ്റത്ത് നിർത്തിയപ്പോൾ തന്നെ ശ്വേത മട്ടുപ്പാവിൽ നിന്ന് അവരെ കണ്ടിരുന്നു. പ്രതാപവർമ്മയും ഭാര്യ മാളവികയും മകൻ കിഷോറും മകൾ അനുശ്രീയുമായിരുന്നു പെണ്ണുകാണാൻ വന്നവർ.

Leave a Reply

Your email address will not be published. Required fields are marked *