ചുമലിൽ കൈവച്ചുകൊണ്ട്, തൊണ്ടയിടറി
അയാളോടു പറഞ്ഞു…
“ഒരാഴ്ച്ചയായിരിക്കുന്നു… തൊട്ടപ്പുറത്തെ
സെന്റ് മേരീസ് പള്ളി സെമിത്തേരിയിലുണ്ട്… എന്താ കാണണോ…?”
മാർട്ടിന്റെ ചങ്കിൽ ഒരു വെള്ളിടിവെട്ടി.. കാലുകൾ
ഇടറുന്നതുപോലെ അയാൾക്കുതോന്നി. അയാൾ
വീണുപോകാതിരിക്കാൻ ഒരു മേശയിൽ
പിടിച്ചുനിന്നു….
വർഷങ്ങൾക്കു ശേഷമുള്ള ഒരു പുലരി….
ഇന്നലെകളുടെ ഓർമ്മകൾ ഋതുഭേദങ്ങൾക്കൊപ്പം
വിസ്മൃതിക്കു ഭിക്ഷനൽകിക്കൊണ്ട് ഭൂമി പല
ഭ്രമണങ്ങളും പരിക്രമണങ്ങളും പൂർത്തിയാക്കി….
സെൻട്രൽ ജയിലിൽ അന്നും ഇരുളടഞ്ഞ
തടവറകളുടെ കമ്പിയഴികൾക്കുള്ളിലേയ്ക്ക്
പ്രകാശരശ്മികൾ അരിച്ചിറങ്ങി..
സെല്ലുതുറന്ന് പ്രഭാതഭക്ഷണത്തിന് വരിവരിയായി തടവുകാരെ പുറത്തിറക്കിയനേരം..
നരച്ച താടിയും ഉറച്ച ശരീരവുമുള്ള ഒരതികായൻ
അക്കൂട്ടത്തിലുണ്ടായിരുന്നു…..മാർട്ടിൻ..!
ഭക്ഷണം വാങ്ങി, എല്ലാവരും അവരവരുടെ
തരക്കാർക്കൊപ്പം അതു കഴിച്ചുകൊണ്ടിരിക്കവേ,
അയാൾ മാത്രം ആളൊഴിഞ്ഞ ഒരു കോണിൽ
മാറിനിന്നു…
അയാൾ സ്വയം എന്തോ പിറുപിറുക്കുകയാണെന്ന്
സഹതടവുകാർ ധരിച്ചു….. അയാളെ പലരും
ഭ്രാന്തനെന്നു വിളിച്ചു, പതിവുപോലെ…..
എന്നാൽ അയാൾ, താൻ ഓമനിച്ചു
നട്ടുവളർത്തിയ ഒരു റോസാച്ചെടിക്കരികിൽ
നിന്നുകൊണ്ട്, അതിൽ വിരിഞ്ഞുനിന്ന ഒരു
കുഞ്ഞു പനിനീർപ്പൂവിനോട് സംസാരിക്കുകയായിരുന്നു….
നെഞ്ചിനുള്ളിലൊളിപ്പിച്ച സ്നേഹവും ,
ചങ്കിനുള്ളിലൊതുക്കി വച്ച വാത്സല്യവും
നിറച്ച്, തന്റെ ചോറിന്റെ ഒരുരുളയെടുത്ത്
ആ റോസാപ്പൂവിന്റെ നേരെ നീട്ടിക്കൊണ്ട്,
നിറകണ്ണുകളോടെ മാർട്ടിൻ വിളിച്ചു….
“റോസ്മോളേ…!”
— സമാപ്തം —