മദ്യത്തിൽ കുളിച്ചും പെൺമാംസത്തിന്റെ രുചിയറിഞ്ഞും കൂത്താടി നടന്നിരുന്ന അയാൾ, പണത്തിനായി എന്തും ചെയ്യുന്നവനായിരുന്നു….
അങ്ങനെയുള്ള മാർട്ടിനോട് ജയിലിലെ ജോലികൾ നിർദ്ദേശിക്കുവാൻ
ജയിലർക്കുപോലും ധൈര്യമില്ലായിരുന്നു…
അതുകൊണ്ടുതന്നെ അധികസമയവും, മാർട്ടിൻ
ജയിലിനകത്തിരുന്ന്, ആന്റണിയെ എത്ര നിഷ്ക്രൂരമായി കൊലപ്പെടുത്താം എന്നു ചിന്തിച്ചുകൊണ്ടിരുന്നു….
കൂട്ടിൽ വിശന്നിരിക്കുന്ന ഒറ്റയാനായ
ഒരു ഹിംസ്രജന്തുവിനെപ്പോലെ, അയാൾ
മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും
വർഷങ്ങളും തള്ളിനീക്കി…
അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെയാണ്,
അതു സംഭവിച്ചത്..!
“ഹലോ…”
ഒരു പതിവില്ലാത്ത വിളികേട്ടാണ് മാർട്ടിൻ
കണ്ണുതുറന്നത്.. പ്രഭാതത്തിലെ ഇളംവെയിലിന്റെ
അലകൾ കണ്ണിലടിച്ചപ്പോൾ നേരം വെളുത്തെന്ന്
അയാൾക്കു മനസ്സിലായി. അയാൾ മൂരിനിവർന്ന്
സെല്ലിന്റെ കമ്പിയഴികൾക്കരികിലേയ്ക്കു മുഖം
തിരിച്ചു…
അവിടെ അതാ, ഒരു കുഞ്ഞു പെൺകുട്ടി
നിൽക്കുന്നു…. ഒരു നീല കുഞ്ഞുടുപ്പുമിട്ട്, തന്റെ
കുഞ്ഞിക്കൈകൾ സെല്ലിന്റെ അഴികളിൽ
മുറുകെപ്പിടിച്ച്, ഒരു പാൽപ്പുഞ്ചിരിയുമായി
നിൽക്കുന്ന ആ ഇളം പൈതലിനെ അയാൾ
സംശയദൃഷ്ടിയോടെ നോക്കി…
ആ കുഞ്ഞു പെൺകുട്ടിയുടെ കണ്ണുകളിൽ ഒരു ഭയമോ സംശയമോ നിഴലിക്കുന്നുണ്ടായിരുന്നു…
ചുവന്നു കലങ്ങിയ കണ്ണുകളും, മുഖത്ത് അങ്ങിങ്ങു വെട്ടുകൊണ്ട് പാടുകളുമൊക്കെയായി ഒരു വികൃതരൂപമാണു മാർട്ടിന്റേത്…
അത്തരത്തിലുള്ള ഒരു മനുഷ്യനെ ആ പെൺകുട്ടി കണ്ടത് ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം….
എങ്കിലും അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു…
“അങ്കിളിന്റെ പേരെന്താ?”
മാർട്ടിൻ അതു ഗൗനിച്ചില്ല….
വാത്സല്യം, സ്നേഹം തുടങ്ങിയ വികാരങ്ങളുമായി
അയാൾ പരിചിതനല്ലാത്തതുകൊണ്ടാകാം,
ആ പെൺകുട്ടിക്കു മുമ്പിൽ അയാൾ
നിർവികാരനായിരുന്നു… ഒരു പുഞ്ചിരി പോലും
വരുത്തുവാൻ അയാളുടെ ചുണ്ടുകൾക്കു
കഴിഞ്ഞിരുന്നില്ല….
മാർട്ടിൻ സെല്ലിനുള്ളിൽത്തന്നെ കുത്തിയിരുന്നു…
പിന്നാലെ ഒരു പള്ളീലച്ചൻ വന്ന് ആ കുഞ്ഞിന്റെ
കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് മാർട്ടിൻ
കണ്ടു….
“ഈ അങ്കിളെന്താ മിണ്ടാത്തെ ഫാദർ?”
നിഷ്കളങ്കമായ ആ കുഞ്ഞിന്റെ ചോദ്യം
മാർട്ടിന്റെ ചെവികളിൽ അലയടിച്ചു…