ഞാൻ 2
Njaan 2 | Author : Ne-Na | Previous Part
എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു ക്ഷമ ചോദിക്കുന്നു. വോയിസ് ടൈപ്പിംഗ് ആപ്പ് ഉപയോഗിച്ചാണ് ഈ കഥ കൂടുതൽ ഭാഗങ്ങളും എഴുതിയിരിക്കുന്നത്. അക്ഷരതെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
.
.
ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.
വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.
ദേവുവിന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ആ അമ്മ എന്തിനായിരിക്കും തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നപ്പോൾ അവളുടെ കൂട്ടുകാരൻ മാത്രമായിരുന്ന എന്നോടുകൂടി അഭിപ്രായങ്ങൾ ചോദിച്ചിരുന്നത്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം എനിക്കായി മാത്രം വിട്ടു തരുകയും ചെയ്തിരുന്നു.