“നിനക്ക് പരിചയം ഉള്ള ഒരു പെണ്ണും ചെറുക്കനും നീ പറഞ്ഞ രീതിയിൽ ബെഡിൽ കിടക്കുന്നത് കണ്ടാൽ നീ എന്താകും കരുതുക.”
കുറച്ച് നേരം ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“അതും ശരിയാണ്.”
“നമ്മൾ മലയാളികൾ അങ്ങനല്ലേ മോളെ..”
ഒന്ന് മൂളിയ ശേഷം അവൾ ചോദിച്ചു.
“നീ എന്താടാ എനിക്കിപ്പോൾ ചോക്ലേറ്റ് വാങ്ങി തരാത്തത്.”
“അത്.. മുൻപ് നമ്മൾ വല്ലപ്പോഴും അല്ലായിരുന്നോ കാണുന്നത്. അപ്പോൾ സ്നേഹം കൊണ്ട് വാങ്ങി തരുന്നതായിരുന്നു. ഇപ്പോൾ എല്ലാ ആഴ്ചയിലും നമ്മൾ കാണാറുണ്ടല്ലോ.”
അവൾ പെട്ടെന്ന് എന്റെ കഴുത്തിൽ രണ്ടു കൈയും ഇറുക്കി കൊണ്ട് ചോദിച്ചു.
“ഡാ പട്ടി.. അപ്പോൾ നിനക്കെന്നോട് ഇപ്പോൾ സ്നേഹം ഇല്ലേ?”
ഞാൻ അവളുടെ കൈ പിടിച്ച് മാറ്റാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.
“അങ്ങനല്ലടി.. നിനക്ക് ഇനി മുതൽ ചോക്ലേറ്റ് തന്നാൽ പോരെ?”
“എല്ലാ ശനിയാഴ്ചയും എന്നെ വിളിക്കാൻ വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് തരുമോ?”
“അഹ്, തരാം.”
ദേവു എന്റെ കഴുത്തിലെ പിടി വിട്ട് ഒരു വിജയിയെ പോലെ ചിരിച്ചു.
അപ്പോഴാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. വാട്ട്സ്അപ്പ് തുറന്ന് നോക്കുമ്പോൾ അഭിലാഷ് ഓഫീസ് എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും ബർത്ത്ഡേ വിഷസ് വന്നതാണ്.
“ആരാടി ഈ അഭിലാഷ്.”
അവൾ പിന്നിൽ നിന്നും എഴുന്നേറ്റ് എന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“അത് ഞാൻ പറയാൻ ഇരിക്കുവായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്യുന്ന ആളാണ് അഭിലാഷേട്ടൻ.. കൊല്ലത്ത് ആണ് വീട്. ഞങ്ങൾ ഒരുമിച്ച് ആണ് ട്രെയിനിൽ വരുന്നത്.. ഈ ഇടയായി പുള്ളിക്കാരന് എന്റെ അടുത്ത് കിടന്ന് കറക്കം കൂടുതലാണ്. അനുഭവം കുറെ ആയോണ്ട് ആളുടെപോക്ക് എങ്ങോട്ടാണെന്ന് എനിക്കപ്പോഴേ മനസിലായി. ഞാൻ അപ്പോഴേ പറഞ്ഞു ഡിവോഴ്‌സും ആയി മറ്റൊരുത്തന്റെന്നു തേപ്പും കിട്ടി നിൽക്കുകയാണ്. അതുകൊണ്ട് ഇഷ്ടമാണെന്നും പറഞ്ഞൊന്നും വന്നേക്കല്ലും എന്ന്.”