ഞാൻ വാട്ട്സപ്പിൽ അവന്റെ ഫോട്ടോ നോക്കി. കാണാനൊക്കെ തരക്കേടില്ലാത്ത ഒരാളാണ്.
“അടുത്ത വള്ളി വല്ലോം ആണോടി.”
“എന്ത് വള്ളി ആയാലും കാലിൽ ചുറ്റാതെ നോക്കിയാൽ പോരെ.”
“ആളുടെ സ്വഭാവം എങ്ങനാടി?”
അവൾ എന്നെ നോക്കി തൊഴുത് ഒരു ചിരിയോടെ പറഞ്ഞു.
“എന്റെ പൊന്നെ.. ആണുങ്ങളുടെ സ്വഭാവം മനസിലാക്കുന്ന പരിപാടി ഞാൻ നിർത്തി. രാജീവ്, ബിജു, ബിബിൻ മൂന്നു പേരെ മനസിലാക്കുന്നതിലും എനിക്ക് തെറ്റ് പറ്റി.. അതിൽ ഞാൻ വേണ്ടുവോളം അനുഭവിക്കയും ചെയ്തു. ആകെക്കൂടി നിന്റെ കാര്യത്തിൽ മാത്രമാണ് എനിക്ക് തെറ്റ് പറ്റാതിരുന്നത്.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“ഇപ്പോൾ ആര് കൂട്ടുകൂടാൻ വന്നാലും ഒരു ഹായ്, ബൈ ബന്ധം. അതിൽ കൂടുതൽ അടുക്കാൻ ഞാൻ സമ്മതിക്കില്ല.”
“ദേവു.. നീ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?”
അവൾ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചു.
“അങ്ങനെ ചോദിച്ചാൽ.. കല്യാണ കാര്യത്തിൽ എനിക്ക് ഒറ്റ തീരുമാനമേ ഉള്ളു.”
“എന്താ അത്?”
“എന്റെ കല്യാണത്തിന് സമയം ആയി എന്ന് നിനക്ക് തോന്നുമ്പോൾ നീ ഒരാളെ കണ്ടു പിടിക്കും അയ്യാളെ ഞാൻ കെട്ടും… അന്ന് ഹോസ്പിറ്റലിൽ നിന്നും നിന്നോടൊപ്പം വരുമ്പോഴേ ഇത് ഞാൻ തീരുമാനിച്ചതാണ്.”
“അപ്പോൾ കെട്ടുന്നവർ എങ്ങനെ ഉള്ളവനായിരിക്കണമെന്ന് നിനക്ക് ആഗ്രഹങ്ങൾ ഒന്നും ഇല്ലേ?”
“എന്റെ ആഗ്രഹത്തിനനുസരിച്ച് ഞാൻ രണ്ടു പേരെ കണ്ടു പിടിച്ചതായിരുന്നല്ലോ. എന്നിട്ടെന്താ ഉണ്ടായത്. ഇനി നിനക്ക് ഇഷ്ട്ടമുള്ള ഒരാളെ നീ കണ്ടു പിടിക്ക്. എങ്ങാനുണ്ടെന്ന് നമുക്ക് നോക്കാം.”
അവൾ അതും പറഞ്ഞ് ചിരിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു തീ കനൽ എരിഞ്ഞ് തുടങ്ങുവായിരുന്നു. ജീവിതത്തിൽ ഒരു പെണ്ണ് അനുഭവിക്കാവുന്നതിലേറെ എന്റെ ദേവു അനുഭവിച്ചിട്ടുണ്ട്. ഇനി ഞാൻ കണ്ടെത്തുന്ന ആൾ കൂടി ഒരു തെറ്റായി മാറിയാൽ അവൾക്ക് സഹിക്കാനാകില്ല എന്ന ചിന്ത ആയിരുന്നു എന്റെ മനസ്സിൽ.
ഞാൻ ഫോണിൽ ഫോട്ടോസ് നോക്കി തുടങ്ങി.
അവൾ പെട്ടെന്ന് പറഞ്ഞു.