അവസാനിപ്പിച്ച് ഞാൻ ചെന്നൈയിലേക്ക് പോയത്. ഇനിയും മറ്റുള്ളവർ എന്ത് പറയും എന്നാലോചിച്ച് പേടിച്ച് ജീവിക്കാൻ എന്നെ കിട്ടില്ല.”
“ചിലതൊക്കെ നമ്മൾ പേടിക്കണം ദേവു.. നിനക്കൊരു കല്യാണ ആലോചന വരുമ്പോൾ…”
“എന്നെ വിശ്വാസം ഉള്ളവൻ എന്നെ കെട്ടിയാൽ മതി.. എനിക്ക് കല്യാണം കഴിക്കണമെന്നും വലിയ ആഗ്രഹം ഒന്നും ഇല്ല.”
“ദേവു എന്താ നീ ഈ പറയുന്നത്?”
“ഡാ.. നീ എന്റെ ആരാണെന്ന് എനിക്കും ഞാൻ നിന്റെ ആരാണെന്ന് നിനക്കും അറിയാം. എന്റെ അമ്മയ്ക്കും ഇതേക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു. എനിക്ക് അത് മാത്രം മതി. ഒരു നാട്ടുകാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. മോനിപ്പോൾ തല്ക്കാലം പോയി കിടന്ന് ഉറങ്ങാൻ നോക്കിക്കേ.”
അവൾ ഫോൺ കട്ട് ചെയ്ത് പോയിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
പതിവ് പോലെ ശനിയാഴ്ച അവളെ വിളിക്കാനായി ഞാൻ വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ പോയി. സാധാരണ ഞാൻ ബൈക്കിൽ ആണ് പോകാറ്. പക്ഷേ ഇന്ന് ഞാൻ കാറിൽ ആണ് പോയത്.
ഞാൻ പതിവായി നിൽക്കാരുള്ളിടത്താണ് കാർ നിർത്തി ഇട്ടത്. അത് കൊണ്ട് തന്നെ ട്രെയിൻ വന്നിറങ്ങിയ അവൾ നേരെ പതിവ് ചിരിയോടെ വന്ന് കാറിൽ കയറി.
“ഇന്നെന്താടാ കാറിൽ.”
“ബൈക്കിന് എന്തോ കംപ്ലൈന്റ്റ്.”
അവൾക്ക് ഞാൻ പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.. ദേവു വേറെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.
ഞാൻ അവിടെ നിന്നും നേരെ ഹോട്ടലിൽ പോയി ഫുഡും കഴിച്ചിട്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. വീട്ടിൽ എത്തി അവൾ കാറിൽ നിന്നും ഇറങ്ങിയിട്ടും ഞാൻ കാർ ഓഫ് ചെയ്യാത്തത് കണ്ട് ദേവു തല വിൻഡോയിൽ കൂടി അകത്തേക്ക് ഇട്ട് ചോദിച്ചു.
“നീ എന്താ ഇറങ്ങുന്നില്ലേ?”
“ഇല്ലടി.. പോയിട്ട് കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു.”
അവൾ എന്റെ മുഖത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
ഞാൻ പെട്ടെന്ന് ഡാഷ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവളുടെ കൈയിലേക്ക് കൊടുത്തു. ചോക്ലേറ്റ് കൊടുക്കുന്ന പരിപാടി വീണ്ടും തുടങ്ങിയിട്ട് കുറച്ച് ആഴ്ചകൾ ആയിരുന്നു.