കാര്യമായിട്ട് എന്തോ പ്രശനം ഉണ്ടെന്ന് അമ്മയ്ക്ക് തോന്നി കാണണം.
“മോള് എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. എന്താ ഇപ്പോ ഇവൻ അവിടേക്ക് വരാതിരിക്കാൻ ഉണ്ടായേ?”
ദേവു പെട്ടെന്ന് പറഞ്ഞു.
“ഇവൻ എന്റെ വീട്ടിൽ വരുന്നതിന് ആരോ എന്തോ പറഞ്ഞതിന് ഇവൻ ഇപ്പോൾ എന്റെ വീട്ടിൽ കയറുന്നില്ല.”
അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് തുടങ്ങിയിരുന്നു.
അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. അമ്മ എന്നെ ഒന്ന് നോക്കി. ഞാൻ ചെയ്‍തതിൽ തെറ്റ് പറയാനും അമ്മയ്ക്ക് കഴിയുന്നില്ല.
അമ്മ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“മോള് അകത്തേക്ക് കയറി വാ.”
“ഇല്ല.. ഇവൻ ഇനി എന്റെ വീട്ടിൽ വരുമോ ഇല്ലയോ എന്ന് പറയട്ടെ.”
“അവൻ നിന്റെ വീട്ടിൽ വന്നോളും. പക്ഷെ എനിക്ക് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. കയറി വാ.”
അമ്മ നിർബന്ധിച്ച് പറഞ്ഞപ്പോൾ അവൾ അമ്മയോടൊപ്പം അകത്തേക്ക് നടന്നു.
ഞാൻ പുറത്ത് തന്നെ നിന്നതേ ഉള്ളു. പക്ഷെ അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
“മോളെ അവൻ ചെയ്തതിൽ തെറ്റ് പറയാൻ എനിക്കാകില്ല. മോളുടെ നല്ലതിനെ കരുതിയാണ് അവൻ അങ്ങനെ ചെയ്തേ.”
“അമ്മ മരിച്ച ഞാൻ ഒറ്റക്കായിട്ടും എന്നെ പറ്റി ഒന്ന് തിരക്കപോലും ചെയ്തിട്ടില്ലാത്ത നാട്ടുകാർ പറയുന്നത് കേട്ട് അവനും കൂടി എന്നെ ഒറ്റപെടുത്തുന്നതാണോ അവൻ എനിക്ക് ചെയ്യുന്ന നന്മ.”
“മോള് ആ വീട്ടിൽ ഒറ്റക്കാണ്. അത് തന്നാണ് പ്രശ്നവും… അവിടേക്ക് അവൻ എപ്പോഴും വന്നാൽ നാട്ടുകാർക്ക് പറയാൻ ഓരോ കഥകൾ ഉണ്ടാകും. പക്ഷെ മോൾക്ക് ഈ വീട്ടിൽ വരാല്ലോ.. ഇവിടെ അവനോടൊപ്പം ഞാനും അവന്റെ അച്ഛനും ഉണ്ട്. അതുകൊണ്ട് ആർക്കും ഒരു കഥയും പറയാൻ ഉണ്ടാകില്ല.”
അവൾ നിശബ്ദത ആയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
“എന്നും പറഞ്ഞു അവൻ അവിടേക്ക് വരാതിരിക്കയൊന്നും ഇല്ല. പക്ഷെ പഴയപോലെ ഉള്ള വരക്കം ഇത്തിരി കുറയ്ക്കും. പകരം മോള് എല്ലാ ഞായറാഴ്ചയും ഇങ്ങു വന്നാൽ മതി. അതിന് ആര് എന്ത് കഥ പറയുമെന്ന് നമുക്ക് ഒന്ന് നോക്കാല്ലോ.”
അവളിൽ നിന്നും ഇപ്പോൾ വലിയ പൊട്ടിത്തെറി ഒന്നും കേൾക്കുന്നില്ല. അമ്മ സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് കാര്യങ്ങൾ മനസിലായെന്ന് തോന്നുന്നു.