“അത് വിട്ടേക്ക് നീ.”
അന്നത്തെ പകൽ മൊത്തം അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
വൈകുന്നേരം ദേവുവിനെ വീട്ടിൽ കൊണ്ടാക്കാനായി ഇറങ്ങുമ്പോൾ അച്ഛൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.
ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ പെട്ടെന്ന് പറഞ്ഞു.
“ഡാ.. നമുക്ക് ദേവൂന് നല്ല ആലോചനകളൊക്കെ ഇനി നോക്കി തുടങ്ങാം.”
അമ്മ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് മനസിലായി.
“മോളെന്ത് പറയുന്നു?”
അച്ഛന്റെ ചോദ്യത്തിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
.
.
കൊല്ലം RP മാളിന്റെ പാർക്കിങ്ങിൽ കാറിനുള്ളിൽ ദേവികയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു ഞാൻ.
മനസിനുള്ളിൽ വല്ലാത്ത ഒരു ടെൻഷൻ നിറയുന്നത് പോലെ. ദേവുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളിൽ ടെൻഷന്റെ യാതൊരുവിധ ലക്ഷണവും കാണുന്നില്ല.
ഇന്നലത്തെ രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി.
ശനിയാഴ്ച ആയതിനാൽ പതിവുപോലെ ദേവികയെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഞാൻ. പതിവ് സ്ഥലത്ത് ബൈക്കുമായി അവളെ കാത്തു നിന്നു. എല്ലാ ശനിയാഴ്ചയും ഈ സമയത്തൊക്കെ റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കാണ്. മിക്കപേരും ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്ത് ഒരു ഞായറാഴ്ച വീട്ടിൽ നിൽക്കാനായി വരുന്ന യാത്രക്കാരാണ്. റെയിൽവേ സ്റ്റേഷന്റെ നേരെ ഓപ്പോസിറ്റ് തന്നെയാണ് വർക്കല ബസ്റ്റാൻഡും. എന്നും ഈ സമയം ബസിൽ നല്ല തിരക്കാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവു എന്റെ അടുത്തേക്ക് നടന്ന് വരുന്നത് കാണാൻ കഴിഞ്ഞു.
ഒരു ബ്ലാക്ക് ജീൻസും നീല ടോപ്പും ആണ് വേഷം. യാത്രയുടെ ക്ഷീണം മുഖത്ത് കാണാൻ ഉണ്ട്. എന്തോ ചിന്തിച്ച് കൊണ്ടാണ് നടന്ന് വരുന്നത്.
എന്റെ അടുത്തേക്ക് വന്ന അവൾ ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.
ഞാൻ ബൈക്ക് മുന്നോട്ട് എടുത്തിട്ടും ആള് ഒന്നും മിണ്ടുന്നില്ല. സാധാരണ ഇതിനകം എന്തെങ്കിലുമൊക്കെ സംസാരിക്കേണ്ടതാണ്.
“ദേവു.. നമുക്ക് ഇന്ന് ദ്വാരക ഹോട്ടലിൽ കയറിയാലോ?”
അവിടത്തെ ചിക്കൻ കറിക്കൊക്കെ എരിവ് കൂടുതൽ ആണ് എന്നാണ് ദേവുവിന്റെ അഭിപ്രായം. എങ്കിലും ഞങ്ങൾ ഇടക്കൊക്കെ അവിടെ കയറി കഴിക്കാറുണ്ട്.