അവളുടെ വീട്ടിൽ എത്തി ദേവു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ബൈക്കിലെ ബാഗിൽ വച്ചിരുന്ന ഡയറി മിൽക്ക് എടുത്ത് അവൾക്ക് കൊടുത്തു.
അത് കിട്ടിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.
“ഒരു മറുവീടിന്റെ വർക്ക് നടന്നുകൊണ്ടിരിക്കയാണ്. ഞാൻ പോകട്ടെ.”
അവൾ എനിക്ക് കൈ വീശി ബൈ പറഞ്ഞു.
ബൈക്ക് മുന്നോട്ട് എടുക്കുന്നതിനു മുൻപായി ഞാൻ പറഞ്ഞു.
“ഫുഡ് വയ്ക്കാൻ മടി തോന്നുവാണേൽ വിളിച്ച് പറഞ്ഞാൽ മതി. ഞാൻ കൊണ്ട് വരാം.”
അവൾ ശരിയെന്ന അർഥത്തിൽ തലയാട്ടി.
അന്ന് രാത്രി തന്നെ ഞാൻ പ്രധീക്ഷിച്ചപോലെ അഭിലാഷിന്റെ കാൾ എന്നെ തേടി എത്തി. ഫോണിൽ സംസാരിക്കുന്നതിനേക്കാൾ നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ ഞാൻ തന്നെയാണ് അഭിലാഷിനോട് നാളെ കൊല്ലത്ത് RP മാളിൽ വച്ച് കാണാം എന്ന് പറഞ്ഞത്.
കാറിലിരുന്ന ഞാൻ ദേവുവിന്റെ മുഖത്തേക്ക് തന്നെ നോക്കി. ഇന്നലെ അവൾ കണ്ട ടെൻഷന്റെ ഒരു ലക്ഷണവും ഇന്ന് അവളിൽ കാണാനേ ഇല്ല. അവൾ വളരെ കൂൾ ആയി മൊബൈലിൽ കുത്തി കളിച്ച് കൊണ്ടിരിക്കുകയാണ്.
പക്ഷെ എന്നിൽ ഇന്ന് നല്ല ടെൻഷൻ നിറഞ്ഞിട്ടുണ്ട്. കാരണം രണ്ടര വർഷങ്ങൾക്ക് മുൻപ് ബിബിനോട് സംസാരിക്കാനും ഞാൻ ഇതുപോലെ പോയിട്ടുള്ളതാണ്. അതിനു ശേഷം ഉണ്ടായ കാര്യങ്ങളൊക്കെ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപെടാത്തവ ആയിരുന്നു.
പെട്ടെന്ന് ദേവു പറഞ്ഞു.
“ഡാ. അഭിലാഷേട്ടൻ മെസ്സേജ് അയച്ചു. ഇവിടെ മക് ഡൊണാൾസിൽ ഇരിപ്പുണ്ടെന്ന്.”
ഞാൻ അവളുമായി കാറിൽ നിന്നും ഇറങ്ങി അഭിലാഷ് പറഞ്ഞിടത്തേക്ക് നടന്നു.
മക് ഡൊണാൾസിലേക്ക് കയറിയ ദേവുവിന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതി. പെട്ടെന്ന് എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു.
“അഭിലാഷേട്ടൻ ദേ അവിടെ ഇരിക്കുന്നു.”
ദേവു നോക്കി നിൽക്കുന്നിടത്തേക്ക് ഞാൻ തല തിരിച്ചപ്പോൾ ഒരു ടേബിളിൽ ഒറ്റയ്ക്ക് ഞങ്ങളെ നോക്കി പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു.