കാണാൻ തരക്കേടില്ലാത്ത ഒരാൾ. ഇരു നിറമാണ്. കണ്ടാൽ ആരും കുറ്റം പറയില്ല.
ഞങ്ങൾ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ അടുത്ത് ചെന്നതും അഭിലാഷ് എഴുന്നേറ്റ് എനിക്ക് നേരെ കൈ നീട്ടി.
“അഭിലാഷ്..”
കൈ കൊടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അഭിലാഷിന്റെ പൊക്കമാണ്. ദേവുവിനെക്കാളും ശകലം കൂടി പൊക്കം ഉണ്ട്. അതികം വണ്ണിച്ചിട്ടില്ലാത്ത ശരീരവും. ദേവുവുമായി നല്ല ചേർച്ച ഉണ്ട്.
ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് തന്നെ ദേവിക ചിരിച്ചുകൊണ്ട് അഭിലാഷിനോട് പറഞ്ഞു.
“ഇതാണ് ഞാൻ പറയാറുള്ള എന്റെ ഇപ്പോഴത്തെ ഗാർഡിയൻ.”
ഒരു ചിരിയോടെ ഞാനും അഭിലാഷും കസേരയിലേക്ക് ഇരുന്നു.
രാജീവിന്റെയും ബിജുവിനെയും ബിബിനെയും ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയ നെഗറ്റീവ് ഫീലിംഗ് ഇത്തവണ അഭിലാഷിനെ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അത് ചെറിയൊരു തരത്തിൽ മനസ്സിനൊരു ആശ്വാസം പകർന്നു.
“ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം.”
ദേവു അവിടെ നിന്നും ഫുഡ് ഓർഡർ ചെയ്യാനായി പോയി.
അഭിലാഷ് തന്നെ സംസാരത്തിനു തുടക്കം ഇട്ടു.
“നിങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ആണല്ലേ പരിചയപ്പെടുന്നത്?”
ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന അർഥത്തിൽ മൂളി. എന്നിട്ട് പറഞ്ഞു.
“ഒരു കൂട്ടുകാരനായ ഞാൻ അവളുടെ കല്യാണക്കാര്യം സംസാരിക്കാൻ വരുന്നത് കൊണ്ട് അഭിലാഷ് ഒന്നും വിചാരിക്കരുത്.”
എന്നെക്കാളും പ്രായത്തിൽ മൂത്തതായിട്ടും ഞാൻ പേര് വിളിച്ച് തന്നെയാണ് സംസാരിച്ചത്.
“ഏയ്.. ദേവു എന്നോടെല്ലാം പറഞ്ഞിട്ടുള്ളതുമാണ്. പിന്നെ അവളെ പരിചയപ്പെട്ട കാലം തൊട്ട് കേട്ട് തുടങ്ങിയതും ആണ് തന്റെ പേര്.”
“എല്ലാപേരും ഞങ്ങളുടെ ഫ്രണ്ട്ഷിപ് നല്ല വശത്തോടെ തന്നെ കാണണമെന്നില്ല. അത് കൊണ്ടാണ് തുടക്കത്തിലെ ഞാൻ അങ്ങനെ പറഞ്ഞത്.”
ഫുഡ് ഓർഡർ ചെയ്തിട്ട് ടോക്കൺ നമ്പർ വിളിക്കുന്നതിനായി വെയ്റ്റ് ചെയ്യുന്ന ദേവുവിനെ നോക്കി അഭിലാഷ് പറഞ്ഞു.
“ദേവു പറഞ്ഞ് എനിക്കറിയാം.. അവളുടെ അമ്മ മരിച്ചതിൽ പിന്നെ താൻ മാത്രമാണ് അവൾക്കൊരു സഹായത്തിന് ഉണ്ടായിരുന്നതെന്ന്.”
“ഞാൻ അങ്ങനെ അവളെ സഹായിക്കുന്നത് എല്ലാപേരും നല്ല അർധത്തോടെ ആണ് എടുത്തിരിക്കന്നത് എന്ന് എനിക്ക് തോന്നുന്നില്ല…”
ദേവു രണ്ടു ബർഗറും കോളയും ആയി ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പെട്ടെന്ന് സംസാരം നിർത്തി.