നാട്ടുകാരോടല്ല, മറ്റു ചിലരോട്.. അപ്പോൾ പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം?”
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
“അഭിലാഷിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.”
“അച്ഛൻ 3 വർഷം മുൻപ് മരിച്ചു. ഇപ്പോൾ അമ്മ ആണ് ഒപ്പം ഉള്ളത്. അനിയത്തി ആതിര.. അവളുടെ കല്യാണം കഴിഞ്ഞു.”
“ദേവുവിന് ഇപ്പോൾ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല. അവളുടെ അമ്മയ്ക്ക് സഹോദരങ്ങളൊന്നും ഇല്ലായിരുന്നു. പിന്നെ അച്ഛൻ കൂട്ടത്തിൽ ഉള്ളവർ പണ്ടേ എന്തോ സ്വത്ത് തർക്കത്തിന്റെ പേരിൽ ഇവരുമായി അകൽച്ചയിൽ ആയതാണ്.”
അഭിലാഷ് ഒന്ന് മൂളി.
“അഭിലാഷിന്റെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതമാണോ? ഒരു രണ്ടാം കല്യാണം അല്ലെ അവളുടേത്?”
“വീട്ടിൽ കുഴപ്പമൊന്നും ഇല്ല. ആദ്യ കല്യാണത്തിൽ സംഭവിച്ചതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്… ഗ്രഹനില തമ്മിൽ ചേരണമെന്ന് മാത്രമാണ് അമ്മയുടെ ഒരേയൊരു ആവിശ്യം.”
“ഗ്രഹനില ഞാൻ വീട്ടിൽ ചെന്നിട്ട് വാട്ട്സ്അപ്പ് ചെയ്തേക്കാം.”
അഭിലാഷ് പോക്കെറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് എന്റെ നേരെ നീട്ടി.
“എന്റെ ഗ്രഹനില ഞാൻ കൊണ്ട് വന്നിട്ടുണ്ട്. നിങ്ങളും ഒന്ന് നോക്കിയേക്ക്.”
കുറച്ച് നേരം കൂടി ഞാനും അഭിലാഷും സംസാരിച്ച് ഇരുന്നപ്പോൾ ദേവു ഡ്രെസ്സും വാങ്ങി അവിടേക്ക് തിരിച്ച് വന്നു.
അഭിലാഷിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഞങ്ങൾ സംസാരിച്ചതിന് കുറിച്ച് എന്താ നീ ഒന്നും ചോദിക്കാത്തത്.”
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിങ്ങൾ എന്താ സംസാരിച്ചിരിക്കുക എന്ന് എനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു… നിനക്ക് സംസാരിച്ചിട്ട് എന്ത് തോന്നുന്നു?”
“സംസാരിച്ചിട്ട് കുഴപ്പമൊന്നുമില്ല.. ആളെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം.”
“അങ്ങനെ ചോദിച്ചാൽ… എനിക്കാറില്ലടാ… ആളുകളെ മനസിലാക്കുന്ന കാര്യത്തിൽ ഞാൻ ഒരു പരാജയം ആണ്.”
“നിനക്ക് ഈ ബന്ധത്തിൽ താല്പര്യം ഉണ്ടോ?”
അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.
“നിനക്ക് എന്ത് തോന്നുന്നു എന്ന് വച്ചാൽ ചെയ്തോ. എനിക്കെന്തിനും സമ്മതം ആണ്.”
ഞാൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി.