ആദ്യ കുറച്ച് നാളുകളിൽ കൈ നല്ല വേദന തന്നെ ആയിരുന്നു. വിരലനങ്ങിയാൽ ജീവൻ പോകുന്നത് പോലെ തോന്നും. എനിക്ക് വേദനിക്കുന്നു എന്ന് മനസിലായാൽ ദേവുവിന്റെ കണ്ണ് നിറഞ്ഞു തുടങ്ങും. അതുകൊണ്ട് തന്നെ പരമാവധി ഞാൻ വേദന പുറത്തു കാണിക്കാറില്ലായിരുന്നു.
മാംസം കുറച്ചധികൾ പോയതിനാൽ മുറിവുണങ്ങാൻ കുറച്ചധികം നാൾ എടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മാസം ഒന്നാകാറായെങ്കിലും ഇപ്പോഴും വിരൽ അനങ്ങിയാൽ ആദ്യ നാളുകളിൽ ഉള്ളത്ര ഇല്ലെങ്കിലും വേദന ഉണ്ട്.
വാട്ട്സ്അപ്പ് ചാറ്റിങ് ഒക്കെ ഫുൾ വോയിസ് മെസ്സേജിലേക്ക് മാറ്റി ഞാൻ. പിന്നെ ഇടക്കൊക്കെ ഞാൻ പറയുന്നത് ദേവു ടൈപ്പ് ചെയ്ത് സെൻറ് ചെയ്യും. അത് കൊണ്ടെന്താ വീഡിയോസ് വരുന്ന കുറച്ച് ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ് അടിക്കേണ്ടിയും വന്നു.
അമ്മ ഇന്ന് അടുക്കളയിൽ എന്തൊക്കെയോ സ്പഷ്യൽ കറികൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അഭിലാഷ് എന്നെ കാണാനായി വരുന്നുണ്ട്. അതിനാലാണ് അമ്മ ഈ തന്ത്രപ്പാടിൽ ഏർപ്പെട്ടിരിക്കുന്നത്. ദേവുവും അമ്മയെ അടുക്കളയിൽ സഹായിക്കുന്നുണ്ട്. എങ്കിലും ഇടക്കിടക്ക് എന്റെ അടുത്തേക്ക് ഓടി വരും.
ലോക്ക്ഡൗൺ ആയതിനാലാണ് അഭിലാഷ് ഇത്രയും നാളും എന്നെ കാണാൻ വരാതിരുന്നത്. ഇപ്പോൾ അടുത്തുള്ള ജില്ലയിൽ പോകാം എന്നുള്ള ഒരു ഇളവ് വന്നിട്ടുണ്ട്. അത് കൊണ്ടാണ് അവൻ വരുന്നത്.
ഒരു 10 മണി കഴിഞ്ഞപ്പോഴേക്കും അഭിലാഷ് വീട്ടിൽ എത്തി. ഒറ്റക്കാണ് വന്നത്. കൂടെ ആരും ഉണ്ടായിരുന്നില്ല.
ഹാളിലെ കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അഭിലാഷ് ചോദിച്ചു.
“ദേവു എവിടെ?”
“അവൾ അമ്മയോടൊപ്പം അടുക്കളയിൽ ആണ്.”
ഞാൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
“ദേവു.. അഭിലാഷ് വന്നിട്ടുണ്ട്.”
കുറച്ച് സമയത്തിനകം ദേവു അവിടേക്ക് വന്നു.
“അഭിയേട്ടൻ 9 മണിക്ക് മുൻപേ ഇറങ്ങിയെന്നാണല്ലോ പറഞ്ഞത്. എന്നിട്ടെന്താ ഇത്രേം ടൈം എടുത്തത്.”
“മേവറത്ത് പോലീസ് ചെക്കിങ് ഉണ്ടായിരുന്നു.. അവിടെ കുറച്ച് നേരം പെട്ട് പോയി.”
അതുകേട്ട് കൊണ്ട് അവിടേക്ക് വന്ന അമ്മ പറഞ്ഞു.
“9 മണിക്ക് മുൻപേ ഇറങ്ങിയതാണ്..എന്നിട്ടും ഇതുവരെ എത്തിയില്ലല്ലോ എന്ന് മോളിങ്ങനെ പറയുന്നുണ്ടായിരുന്നു.”
അഭിലാഷ് പുഞ്ചിരിയോടെ പറഞ്ഞു.