ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവളിൽ നിന്നും ചോദ്യം വന്നു.
“ഏട്ടന് എന്നെ മനസ്സിലായോ?”
അപ്പോഴേക്കും എനിക്ക് ആളെ മനസ്സിലായിരുന്നു. എങ്കിലും ഞാൻ സംശയത്തോടെ ചോദിച്ചു.
“പ്രിയ അല്ലെ?”
പുഞ്ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.
ദേവു ഒരിക്കൽ എനിക്കുവേണ്ടി ആലോചിക്കാം എന്ന് പറഞ്ഞ അവളുടെ ഹോസ്റ്റൽ റൂം മേറ്റ് ആണ് പ്രിയ. ഫോണിൽ ഫോട്ടോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു.
“നേരിട്ട് കണ്ടിട്ടില്ലെന്ന് ഉള്ളു, ദേവു ചേച്ചി പറഞ്ഞ് ഏട്ടനെ നന്നായിട്ടറിയാം. ചേച്ചി എന്ത് പറഞ്ഞ് തുടങ്ങിയാലും അവസാനം വന്ന് നിൽക്കുന്നത് ഏട്ടനിൽ ആയിരിക്കും.
“ദേവു പ്രിയയെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ നേരിട്ട് കൊണ്ടുവന്ന് കാണിക്കാം എന്നൊക്കെ പറഞ്ഞതായിരുന്നു.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ഇപ്പോൾ എന്തായാലും ചേച്ചി കാരണം തന്നെ നമ്മൾ നേരിട്ട് കണ്ടില്ലേ..”
അവളുടെ മറുപടി കേട്ട് ഞാനും ചിരിച്ചു.
“ചേച്ചി എവിടെ?”
“അവൾ അകത്തെ റൂമിൽ ഉണ്ട്. ഒരുങ്ങി കഴിഞ്ഞു.”
“ഞാനൊന്ന് പോയി ചേച്ചിയെ കാണട്ടെ. തിരക്കിപ്പിടിച്ച് ഇങ്ങ് എത്തിയപ്പോഴേക്കും കുറച്ച് ലേറ്റ് ആയി പോയി.”
ശരിയെന്ന അർഥത്തിൽ ഞാൻ പുഞ്ചിരിയോടെ തലയാട്ടി. എല്ലാരോടും പെട്ടെന്ന് കൂട്ടാകുന്ന ഒരു കാരക്ടർ ആണെന്ന് തോന്നുന്നു.
ഞാൻ നേരെ സദ്യ വിളമ്പുന്ന പന്തലിലേക്ക് നടന്നു.
അവിടെ ഇലയെല്ലാം ഇട്ട് തൊടുകറി വിളമ്പി തുടങ്ങിയിരുന്നു. താലികെട്ട് കഴിഞ്ഞയുടൻ ആൾക്കാർ കഴിക്കാൻ കയറും. അതുകൊണ്ട് ഇപ്പോഴേ വിളമ്പി വയ്ക്കുകയാണ്.
സാമ്പാർ കോരി വിളമ്പാനുള്ള തൊട്ടിയിലേക്ക് ഒഴിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പറഞ്ഞു.
“അപ്പു.. എല്ലാം നോക്കി ചെയ്തേക്കണം, എനിക്ക് ഇടക്ക് വന്ന് ഇവിടെ ശ്രദ്ധിക്കാൻ പറ്റില്ല.”