ഞാൻ ഒന്ന് പുഞ്ചിരിച്ചു.
അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“നിന്നെപ്പോലൊരു കൂട്ടുകാരനെ കിട്ടിയത്ത് ദേവുവിന്റെ ഭാഗ്യമാണ്. നീ കൂടി അവൾക്കൊപ്പം ഇല്ലായിരുന്നു എങ്കിൽ അവളിന്ന് ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്ക് സംശയമാണ്.”
ഞങ്ങൾക്കിടയിൽ ഉണ്ടായ കാര്യങ്ങളെല്ലാം അഞ്ജലിക്ക് അറിയാവുന്നതാണ്.
“എത്രയൊക്കെ അടികൂടിയാലും പിണങ്ങിയാലും എനിക്ക് അവളെ അങ്ങനങ്ങു തള്ളിക്കളയാൻ പറ്റുമോ?”
“അവൾക്ക് നീയും അങ്ങനെ തന്നെ ആയിരുന്നു.”
അപ്പോഴാണ് അച്ഛൻ മണ്ഡപത്തിൽ നിന്നും എന്നെ കൈ കാണിച്ച് വിളിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
“അച്ഛൻ വിളിക്കുന്നു.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.”
“ശരി ഡാ.”
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ ചോദിച്ചു.
“നിന്റെ കൈ ഇപ്പോൾ എങ്ങനുണ്ട്.”
“കുഴപ്പം ഇല്ല.. ഉണങ്ങി തുടങ്ങിയിട്ടുണ്ട്.
ഞാൻ കല്യാണ മണ്ഡപത്തിലേക്ക് നടന്നു.
കുറച്ച് സമയത്തിനുള്ളിൽ തന്നെ കല്യാണത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.
ആദ്യം അഭിലാഷ് എല്ലാരുടെയും അനുഗ്രഹം വാങ്ങി കല്യാണ മണ്ഡപത്തിലേക്ക് കയറി ഇരുന്നു. പിന്നാലെ ദേവു അവിടേക്ക് വന്നു.
എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം മണ്ഡപത്തിലേക്ക് കയറുന്നതിനു മുൻപായി അവൾ എന്നെ ഒന്ന് നോക്കി.
ഒരു ചുവന്ന പട്ടു സാരി ആണ് ദേവു ഉടുത്തിരുന്നത്.കൈയിലും കഴുത്തിലുമൊക്കെയായി ഒരുപാട് സ്വർണാഭരണങ്ങൾ ഉണ്ട്. എല്ലാം ദേവുവിന്റെ അമ്മ അവൾക്കായി കരുതി വച്ചിരുന്നത് തന്നെയാണ്.മുടിയിൽ ഒരുപാട് മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുഖത്ത് ഒരുപാട് മേക്കപ്പ് ഒന്നും ഇല്ല.
എന്നെ നോക്കിയാ അവൾക്ക് ഞാൻ മനസ് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.
മണ്ഡപത്തിലേക്ക് കയറാനായി എന്നോട് ചോദിച്ച സമ്മതമാണ് ആ നോട്ടമെന്ന് എനിക്കറിയാം.
ദേവു മണ്ഡപത്തിൽ കയറി അഭിലാഷിനരികിലായി ഇരുന്നു.
കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി. എന്റെ കൈയിൽ ഇരുന്ന പൂ അവർക്ക് നേരെ വിതറുമ്പോൾ..