അവളുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസിന് എന്നും ഒരു വേദന തന്നെ ആയിരുന്നു. ആ വേദനകൾക്കൊക്കെ തൽക്കാലത്തേക്ക് ഒരു ശമനം ഉണ്ടായത് പോലെ.
എനിക്കിനി മണ്ഡപത്തിൽ വലിയ റോൾ ഒന്നും ഇല്ല. ഞാൻ പതുക്കെ സദ്യാലയത്തിലേക്ക് നീങ്ങി.അവിടെ ചെല്ലുമ്പോൾ ഊണ് വിളമ്പി തുടങ്ങിയിരുന്നു.
പെണ്ണും ചെറുക്കനും അടുത്ത പന്തിയിൽ ആണ് ഇരിക്കുന്നത്. ഞാൻ പാചകപ്പുരയിൽ ഒരു ഒഴിഞ്ഞ കസേരയിൽ പോയി ഇരുന്നു.
താലികെട്ട് കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ഭാരം മനസ്സിൽ നിന്നും ഇറക്കി വച്ചത് പോലെ. സത്യത്തിൽ ഈ കല്യാണം എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നുവോ?”
കൊറോണ കാരണം ആദ്യം നിശ്ചയിച്ച കല്യാണ ഡേറ്റിൽ വിവാഹം നടക്കാതെ വന്നപ്പോഴേ മനസ്സിൽ എന്തൊക്കെയോ ആകുലതകൾ കടന്നു കൂടിയിരുന്നു. കല്യാണത്തെ കുറിച്ചേ ചിന്തിക്കാതിരുന്ന ദേവു ഇപ്പോൾ ഒരു വൈവാഹിക ജീവിതത്തിനു മനസ് പാകപ്പെടുത്തിയിരിക്കുകയാണ്. വീണ്ടും എന്തെങ്കിലും കാരണത്താൽ കല്യാണം മുടങ്ങുകയാണെകിൽ ചിലപ്പോൾ അവൾക്ക് താങ്ങാൻ കഴിയില്ല എന്ന ചിന്ത ആയിരുന്നു മനസ് നിറയെ.
എന്തായാലും ഈ നിമിഷം വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.
ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപായി ഞാനും ദേവുവും മാത്രമായി കുറച്ച് നേരം തനിച്ചിരുന്നായിരുന്നു. അവളുടെ വീടിന്റെ പടിയിൽ.ഇനി എന്നാണ് അങ്ങനെ ഒന്ന് ഇരിക്കാൻ കഴിയുക എന്ന് അറിയില്ലല്ലോ.
ആ സമയം എന്റെ തോളിലേക്ക് തല ചേർത്ത് ദേവു ചോദിച്ചു.
“അങ്ങനെ എന്നെ കൊണ്ടുള്ള ഭാരം നാളത്തോടെ നിനക്ക് തീരുവാണല്ലേ?”
“നീ എനിക്ക് ഒരു ഭാരമായിരുന്നോ ദേവൂ?”
“എന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അങ്ങനെ ആണ് തോന്നുക. നിന്റെ വാക്കുകൾ കേൾക്കാതെ നിന്നെ വിഷമിപ്പിച്ച് അവസാനം ആരോരും ഇല്ലാതെ നിനക്ക് തന്നെ എന്നെ ഏറ്റെടുക്കേണ്ടി വന്നില്ലേ?”
അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയാൽ എനിക്കറിയാൻ കഴിഞ്ഞു.
“ദേവൂ.. നീ എനിക്ക് ഒരിക്കലും എനിക്ക് ഒരു ഭാരം ആയിരുന്നില്ല. നമ്മൾ പരിചയപ്പെട്ട കാലം തൊട്ടേ നമ്മളെ തമ്മിൽ അടുപ്പിച്ച് നിർത്തുന്ന എന്തോ ഒരു ബന്ധം നമുക്കിടയിൽ ഉണ്ട്. നാളെ നീ അഭിലാഷിനൊപ്പം പോയാലും നീ എനിക്കെന്റെ പഴയ ദേവൂ തന്നെ ആയിരിക്കും.
എന്റെ മുറിവുള്ള കൈ അവളുടെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ടു ദേവു ചോദിച്ചു.