കട്ടു ചെയ്യാത്ത ഞാൻ ലീവാകുമ്പോൾ എല്ലാരും ഞെട്ടുമെന്ന് വിജാരിച്ചു. പക്ഷെ അലമാര എനിക്ക് പണി തന്നു. അവളുടെ വീട്ടിലേക്ക് മറുപടിക്ക് കൊണ്ടു പോയ അലമാര പൊക്കിയതും കഴുത്തിൽ ഉളുക്ക് വീണു. ഡോക്ടറെ കണ്ടപ്പോൾ ഒരു ദിവസം റെസ്റ്റ് എടുക്കൻ പറഞ്ഞു. അങ്ങനെ ലീവ് മുന്നു ദിവസമായി കൂടി.
അങ്ങനെ ലീവെല്ലാം കഴിഞ്ഞ് കോളേജിൽ എത്തി ,നേരെ ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിൽ കയറിയതും എന്റെ കണ്ണ് നേരെ പോയത് രേവതിയുടെ സീറ്റിലേക്കാണ്. അവൾ അവിടെ ഇരിക്കുന്നുണ്ട് . തിളങ്ങുന്ന കണ്ണുകളിൽ സങ്കടമാണ് ഞാൻ കണ്ടത്. ഞാൻ ബാഗ് ബഞ്ചിൽ വച്ചു. രേവതിയുടെ കൂട്ടുകാരി അവളുടെ കയ്യിൽ തട്ടി ഞാൻ വന്നത് കാണിച്ചു കൊടുത്തു. സങ്കടം നിറഞ്ഞ ദേഷ്യത്തോടെ എന്റെ നേരെ വരുന്ന രേവതിയെ ആണ് ഞാൻ കണ്ടത്. ഓടി വന്ന് അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.
“എവിടെ പോയിരുന്നു മൂന്നു ദിവസം . എന്താ ആരോടും ഒന്നും പറയാതെ പോയെ ”
അവൾ കരഞ്ഞു കൊണ്ട് ഇത്രയും ചോദിച്ച് മറുപടിക്ക് കാക്കാതെ പുറത്തേക്ക് ഓടി . എന്റെ ഹൃദയം നടുങ്ങി .ഇവൾക്ക് ഇതെന്താണ് പറ്റിയത് , ഒന്നും മനസ്സിലാകുന്നില്ല. ക്ലാസ്സിലെ ബാക്കിയുള്ളവരുടെ കണ്ണുകൾ എന്നിലേക്ക് ചൂഴ്ന്ന് ഇറങ്ങി. എന്റെ ഉള്ളിൽ ഒരു പേടി വന്നിറങ്ങി എനിക്ക് അവിടെ നിൽക്കാനായില്ല ഞാൻ പുറത്തിറങ്ങി ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു അവിടെ അരികിലുള്ള പടിക്കെട്ടിൽ സ്ഥാനം ഉറപ്പിച്ചു.
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. അവൾ എന്താണ് ഇങ്ങനെ പ്രതികരിച്ചത് എന്റെ മനസ്സിൽ ഒരു പാട് ചോദ്യമുയർന്നു.
” നീ ഇവിടെ ഇരിക്കാണോ ”
ജിതിന്റെ ശബ്ദം എന്റെ ചിന്തകളെ കീറിമുറിച്ച് ചെവികളിലെത്തി.
“എല്ലാം ചെയ്ത് വച്ചിട്ട് വന്നിരിക്കുന്നതു നോക്കിക്കേ ഒരു നിഷ്കു ”
അവൻ ഇതും പറഞ്ഞ് എന്നെ നോക്കി ചിരിച്ചു.
“എടാ ഞാൻ ഒന്നും ചെയ്തില്ല ” ഞാൻ ഒരു വിധത്തിൽ പറഞ്ഞു.
“എടാ എനിക്കറിയാം. മൂന്നു ദിവസം എവിടെയായിരുന്നു ” . അവൻ ചോദിച്ചു.
“കസിന്റെ കല്യാണമായിരുന്നു ”
” നീ എന്താ ഞാൻ വിളിച്ചിട്ട് എടുക്കാത്തെ സ്വിച്ച് ഓഫ് ആയിരുന്നു ” . അവന്റെ അടുത്ത ചോദ്യമാണ് എന്നെ പിന്നെയും പുറകിലോട്ട് വലിച്ചത്.