അപ്പൊ തന്നെ അമ്മ എനിക്കുള്ള കാപ്പിയും കൊണ്ട് മുറിയിൽ വന്നു.
“നീ വേഗം കഴിക്ക് പോകാനുള്ള സമയമാവാറായി”.
അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ ദേഷ്യം വന്നു.
“അമ്മേ എന്താ കാര്യം? എന്താ എന്നെ ഇങ്ങനെ വേഷം കെട്ടിക്കുന്നേ? ”
എന്റെ ഉള്ളിലെ സംശയം സങ്കടമായി പുറത്തുവന്നു.
“എല്ലാം നല്ലതിനാണ്, “അമ്മ അതും പറഞ്ഞ് പുറത്തുപോയി.
എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല ഞാൻ ഫോണെടുത്ത് അനുപമയെ വിളിച്ചു.
“ഹലോ ? അനുപമേ”
“ഹലോ ? നിങ്ങൾ ആരാണ് ” പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദമാണ് ഞാൻ കേട്ടത്.
“ഞാൻ രാഹുൽ അനുപമ ഇല്ലേ ” ഞാൻ തിരിച്ച് ചോദിച്ചു.
” അവൾ ഇവിടെ ഇല്ല “എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ഞാനൊന്നും മനസ്സിലാകാതെ ഫോണെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ടു. അപ്പോഴേക്കും അബു അവിടെ വന്ന് എന്നെയും വലിച്ചോണ്ട് പുറത്ത് കൊണ്ട് വന്ന് ജീപ്പിൽ കേറ്റി. വീട് പൂട്ടി അച്ഛനും അമ്മയും പുറകിൽ കയറി അബു വണ്ടി എടുത്തു ബാക്കി ഉള്ളവർ ഞങ്ങളുടെ വണ്ടിയുടെ പുറകേ അവരുടെ കാറുകളിൽ വന്നു.
“അച്ഛാ ഒന്ന് പറ എവിടേക്കാ പോകുന്നേ ” ഞാൻ അച്ഛനോട് ദയനീയമായി ചോദിച്ചു.
അച്ഛനൊന്നും മിണ്ടിയില്ല.
” അച്ഛാ എന്നെ ടെൻഷനടിപ്പിക്കാതെ ഒന്നു പറ . ”
എന്റെ ശബ്ദം ഉച്ചത്തിലായി.
“എടാ നിനക്ക് ആക്സിഡന്റ് പറ്റിയെന്ന് ഈ അബു വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ ഇതിനെക്കാൾ ടെൻഷനടിച്ചതാ , നീ കുറച്ച് ടെൻഷനടി . “എന്നും പറഞ്ഞ് അച്ഛൻ നിശബ്ദനായി.
ജീപ്പ് സിറ്റിയിൽ നിന്ന് മാറി ഒരു ഗ്രാമപ്രദേശത്തേക്ക് നീങ്ങി. പരിചയമില്ലാത്ത സ്ഥലം. ഒറ്റനോട്ടത്തിൽ അനുപമ താമസിക്കുന്ന സ്ഥലമെന്ന് തോന്നിപ്പിക്കുമെങ്കിലും ഞാൻ അന്നു കണ്ട സ്ഥലമല്ല ഇത്. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു എന്റെ കണ്ണുകൾ നനഞ്ഞിരുന്നു.
കുറച്ചു ദൂരം പോയ ശേഷം ജീപ്പ് ഒരു വീടിനു മുന്നിൽ നിർത്തി ഞാൻ വീട് കണ്ട് ഞെട്ടി അനുപമയുടെ വീട് ഞാൻ ചുറ്റും നോക്കി ഞങ്ങൾ അന്ന് വന്ന വഴി അപ്പുറത്ത് ഞാൻ കണ്ടു ഇന്ന് വന്നത് മറ്റൊരു വഴിയിലൂടെയാണ്. അവളുടെ വീട്ടിലും കുറച്ച് ആളുകൾ ഉണ്ട്.
ഞാൻ അച്ഛനെ നോക്കി അച്ഛന്റെ മുഖത്ത് എന്നെ പറ്റിക്കുമ്പോഴുള്ള ആ ഇളിച്ച ചിരിയുണ്ട്.
“എടാ പൊട്ടാ ഇന്ന് നിന്റെ വിവാഹ നിശ്ചയമാണ് ” അച്ഛനതും പറഞ്ഞ് അമ്മയെ നോക്കി രണ്ടു പേരും എന്നെ പറ്റിച്ചു എന്ന ഭാവത്തിൽ ചിരിക്കുന്നുണ്ട്. എന്നാലും അനുപമയും ഇതിന് കൂട്ടു നിന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് ചെറിയ സങ്കടം തോന്നി.