“നീ അവളെ വിട്ടില്ലേ? അവൾ എവിടേയോ പോയി. പിന്നെ നീ ഏതു വീട്ടിൽ പോകാനാ? ” അവൻ അത് തന്നെ ചോദിക്കും എന്ന് പ്രതീക്ഷിച്ചത് ആണ്.
“ടാ കഥകൾ ഒക്കെ കേട്ടപ്പോ അവളുടെ സാഹചര്യം ഒക്കെ ഓർത്തപ്പോ എന്തോ പോലെ. അങ്ങനൊക്കെ ആയിട്ടും കൂൾ ആയല്ലേ അവൾ ക്ലാസ്സിൽ ഇരുന്നേ. പിന്നെ വീട്ടിൽ പോകാം എന്ന് പറഞ്ഞത് അവളുടെ വീട്ടിൽ അല്ല. അവടെ അച്ഛന്റെ വീട്ടിൽ. എന്തായാലും നേത്ര പരിശോധനാ ക്യാമ്പിന്റെ നോട്ടീസ് കൊടുക്കാൻ ആ വഴി ഒക്കെ പോണം അപ്പൊ പിന്നെ അവിടെ കൂടെ കേറാം. എന്താ? ഞാൻ പറഞ്ഞപ്പോ അവൻ ഒന്നും മിണ്ടിയില്ല.
ഞായറാഴ്ച ഉച്ചക്ക് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ നോട്ടീസും കൊണ്ട് ഇറങ്ങി. അവടെ വീട്ടിൽ ചെന്നപ്പോ കതക് തുറന്ന് കിടപ്പുണ്ട്. വിളിച്ചപ്പോൾ അകത്തേക്ക് വരൻ പറയുന്നത് കേട്ടു. ഞങ്ങൾ അകത്തു കയറി. ചെറിയ വീടാണ്. അടുക്കും ചിട്ടയും ഒന്നുമില്ല. എല്ലാം വാരി വലിച്ച് ഇട്ടിരിക്കുന്നു. ഷെൽഫിൽ കുറച്ച് ഫോട്ടോകൾ ഫ്രെയിം ചെയ്തത് ഇരിക്കുന്നു. അശ്വതിയുടെ സിംഗിൾ ഫോട്ടോയും അച്ഛനും മകളും ചേർന്നുള്ളതും ഒക്കെ. മേശപ്പുറത്ത് കിടന്ന ചെറിയ ആൽബത്തിൽ അശ്വതിയുടെ കുഞ്ഞുന്നാളിൽ മുതലുള്ള ഫോട്ടോകൾ ഉണ്ട്. മേശപ്പുറത്തും ഷെൽഫിന്റെ മൂലക്കും നിലത്തും ഒക്കെയായി ഒഴിഞ്ഞ മദ്യക്കുപ്പികൾ കിടക്കുന്നു. ഞങ്ങൾ അതൊക്കെ നോക്കി നിന്നപ്പോ അടുക്കളയിൽ നിന്ന് അയാൾ ഇറങ്ങി വന്നു. കഴിക്കുകയാരുന്നു എന്ന് തോന്നുന്നു. കൈകൾ കഴുകിയത് ഉടുത്തിരുന്ന കൈലിയിൽ തുടച്ചുകൊണ്ടാണ് വന്നത്.
“എന്താ എന്തുവേണം? ” അയാൾ നല്ല ഖനഗരംഭീര്യമുള്ള ശബ്ദത്തിൽ ചോദിച്ചു. ബാസ് ഉള്ള ആ ശബ്ദം കേട്ടാ മതി പേടി വരും.
“നേത്ര പരിശോധന ക്യാമ്പ്. വായനശാലയുടെ… ” ഞാൻ നോട്ടീസ് നീട്ടിക്കൊണ്ട് പറഞ്ഞു.
പുള്ളി അതൊന്ന് തിരിച്ചും മറിച്ചും നോക്കി.
“നിങ്ങൾ എവിടുത്തെയാ” നോട്ടീസ് വായിച്ചുകൊണ്ട് ചോതിച്ചു.
“ഞാൻ സ്കൂളിലെ.. വേണു മാഷിന്റെ മകനാ”
“ഞാൻ ksrtc ഡ്രൈവർ രാജേന്ദ്രന്റെ മകനാ” ഞാനും പറഞ്ഞു.
പുള്ളി ഞങ്ങളെ മാറി മാറി ഒന്ന് നോക്കി.
“ഞങ്ങൾ അശ്വതിയുടെ ക്ലാസ്സിൽ ആരുന്നു. അവൾ പോയത് കൊണ്ട് വല്ല വിവരവും ഉണ്ടോ എന്നറിയാൻ കയറിയതാ” അനീഷ് പറഞ്ഞു. വേണ്ടിയിരുന്നില്ല എന്ന അർഥത്തിൽ അവനെ ഞാൻ ഒന്ന് തറപ്പിച്ചു നോക്കി.
“എന്തിനാ പിന്നേം പുറകെ നടക്കാൻ ആണോ?” പുള്ളി അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടും ഞെട്ടി. ഒരു അടി പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ കണ്ട് പുള്ളി ചിരിക്കുകയാണ് ചെയ്തത്.
“പേടിക്കണ്ട. അമ്മു എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങൾ കൊച്ചു കുട്ടികളാ ഇപ്പൊ പഠിച്ചാ മാത്രം മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അവൾ അത് തന്നെ നിന്നോടും പറഞ്ഞിട്ടുണ്ടാകും അല്ലെ “അങ്ങേര് അത് പറഞ്ഞപ്പോ ഞങ്ങൾക്ക് പേടി മാറി ആകാംഷ ആയി.