“അവളെ ഞാൻ ഇനി പ്രൊപ്പോസ് ചെയ്യില്ല. അവളായിട്ട് ഇങ്ങോട്ട് വന്നു പറയും എന്നെ ഇഷ്ടം ആണെന്ന്.. പിന്നെ ബർത് ഡേ. ഞാൻ അവൾക്ക് ആദ്യം ആയി കൊടുക്കുന്ന ഗിഫ്റ്റ്. അത് അവൾ ജീവിതത്തിൽ മറക്കാത്തതും അവൾ ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആവണം.” എന്താ വേണ്ടത് എന്ന് എനിക്ക് ഉറപ്പ് ഉണ്ടാരുന്നു.
“ടാ പക്ഷെ തിങ്കളാഴ്ച ശാസ്ത്ര മേള അല്ലേ… നമുക്ക് വല്യ പണിയൊന്നും ഇല്ലാലോ. വന്നില്ലേലും കുഴപ്പമില്ല. അവളെങ്ങാനം വരാതെ ഇരിക്കുമോ? ” അവൻ പറഞ്ഞപ്പോ എനിക്ക് ആ പേടി ഇല്ലാരുന്നു.
“അവൾ വരും ഉറപ്പ്” ഞാൻ തറപ്പിച്ചു പറഞ്ഞു.
“ടാ നാളെ രാവിലെ ഗ്രൗണ്ടിൽ വരണം. ചിലപ്പോ കുറച്ച് താമസിക്കും. എന്റെ വീട്ടിൽ കാണും എന്ന് വീട്ടിൽ പറഞ്ഞിട്ട് വാ” വീട്ടിലേക്ക് പിരിയുന്നതിനു മുന്നേ ഞാൻ അവനോട് പറഞ്ഞപ്പോ ശരി എന്ന് തലയാട്ടി അവൻ പോയി.
പിറ്റേന്ന് കൃത്യ സമയത്ത് തന്നെ അവൻ പറഞ്ഞ സ്ഥലത്ത് എത്തി. എന്റെ ഒപ്പം കൂടെ നടന്നപ്പോ ഒന്നും മിണ്ടാതെ നടക്കുന്ന കണ്ട് ഞാൻ അവനോട് ചോതിച്ചു.
“എവിടെ പോവാ എന്ന് എന്താ നീ ചോദിക്കാതെ? ”
എനിക്ക് മുന്നേ കേറി നടന്നിട്ട് ആണ് അവൻ മറുപടി പറഞ്ഞത്.
“നീ എങ്ങോട്ടാണെന്ന് എനിക്കറിയാം. അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്.. അതെവിടെ ആണെന്ന് എനിക്ക് അറിയാം”
എന്നെ ഒന്ന് തിരിഞ്ഞ് നോക്കാതെ പോലും ആണ് അവൻ ഇപ്പൊ പോകുന്നത്.
പിറ്റേന്ന് അല്പം താമസിച്ചു സ്കൂളിൽ ചെന്നപ്പോ ക്ലാസ്സിൽ പിള്ളാരാരും ഇല്ല. സ്കൂളിൽ up തൊട്ട് ഹയർ സെക്കണ്ടറി വരെ ഒരു ദിവസം തന്നെയാണ് ശാസ്ത്ര മേള. അതുകൊണ്ട് എല്ലാം കറങ്ങി നടക്കുകയാരിക്കും.
അവൻ അശ്വതി ഇരിക്കുന്നയിടത്തേക്ക് ചൂണ്ടി. അവളുടെ ബാഗ് അവിടെ ഉണ്ട്.
“നിനക്ക് എങ്ങനെ അറിയാം അവൾ ഉറപ്പായും വരും എന്ന്?” അവൻ ചോദിച്ചു.
“സ്കൂളിൽ അവളുടെ ആദ്യ ദിവസം മുതൽ ഇന്ന് വരെ അവൾ ഒരു ദിവസം പോലും വരാതെ ഇരുന്നിട്ടില്ല” പറഞ്ഞിട്ട് ബാഗ് വച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി. കൂടെ അവനും.
“കള്ള കാമുകൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലേ” ആക്കിയ ചിരിയോടെ അവൻ പറഞ്ഞു.
ഞങ്ങൾ അവളെ അവിടെ ഒക്കെ തപ്പിയെങ്കിലും കണ്ടില്ല. എന്തായാലും കാണാതെ പോകില്ല. അപ്പൊ പിന്നെ ഞങ്ങളും ഒന്ന് കറങ്ങി. കുറെ കറങ്ങി കഴിഞ്ഞാണ് up ക്ലാസ്സിന്റെ അവിടെനിന്നും അവൾ ക്ലാസ്സിലെ മറ്റൊരു കൂട്ടുകാരിയുടേ കൂടെ നടന്നു വരുന്നത് കണ്ടത്.
നെറ്റിയിൽ ചന്ദന കുറി തൊട്ടിട്ടുണ്ട്. സ്കൂളിൽ നിന്ന് കുറച്ച് അപ്പുറത്തായി ഒരു ചെറിയ അമ്പലം ഉണ്ട്. അവിടെ പോയതാകും. Up ക്ലാസ്സിന്റെ ഭാഗം ഞങ്ങൾക്ക് റെസ്ട്രിക്ടഡ് ആണ്. വേണു മാഷ് എപ്പോളാണ് പിടിക്കുന്നത് എന്ന് പറയാൻ പറ്റില്ല.
അവൾ ക്ലാസ്സിൽ ഞങ്ങൾക്ക് അരികിൽ വന്നപ്പോൾ എന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയി. കൂടെ മറ്റേ കുട്ടി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. ഉച്ച വരെ ഞാൻ പിന്നെ അവളെ നോക്കാൻ പോയില്ല. ഞങ്ങളുടെ പ്ലാൻ പ്രകാരം ഞങ്ങൾ വെയിറ്റ് ചെയ്തു.