കുറച്ചു നേരം ഞാൻ മിണ്ടാതെ നിന്നപ്പോ അവൾ വീണ്ടും പാത്രം കഴുകാൻ തുടങ്ങി.
“ടാ മോനേ.. ഇവക്ക് ഇഷ്ടമല്ലേ വേറെ ഏതേലും പെണ്ണിനെ കെട്ടി കോച്ചാകുമ്പോ, അതാണാണേലും പെണ്ണാണെലും നമുക്ക് പൊന്നുണ്ണി എന്ന് വിളിച്ചാ മതി, എന്താ” ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
അത് കേട്ടതും അവൾ പെട്ടന്ന് തിരിഞ്ഞ് എന്നേം അനിഷിനേം നോക്കി. കണ്ണുകളിൽ വെള്ളം നിറഞ്ഞങ്കിലും ഇപ്പോൾ മുഖത്ത് ഭാവം പ്രണയം ആയിരുന്നു.
അനീഷ് അവളെ ഇടുപ്പിലൂടെ കയ്യിട്ടു അവനിലേക്ക് അടുപ്പിച്ചു. “അതേയ് പണ്ട് ചെറുപ്പത്തിൽ ഞാൻ എന്റെ പെണ്ണിനെ ഇടക്കൊക്കെ വിളിച്ചിരുന്നത് അങ്ങനാ, പ്രായം ആയപ്പോ ഒരിക്കൽ ഞാൻ വിളിച്ചപ്പോ അവൾ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞു. അവൾക്ക് നാണം ആണ് പോലും. അന്ന് ഞാൻ ഉറപ്പിച്ചതാ എന്നാ പിന്നെ ഇവളെ തന്നെ അങ്ങ് കെട്ടും എന്ന്. എന്താ നിനക്ക് വിരോധം ഉണ്ടോ” അവൻ റൊമാന്റിക് ആയി പറഞ്ഞു. അവൾ അവന്റെ നെഞ്ചിലേക്ക് തല ചരിച്ചു.
“മോളെ പൊന്നു, നിന്നെ മാത്രം മതി എന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയത് ഇന്നും ഇന്നലേം അല്ല.. അതുകൊണ്ട് മോൾ ഇനി എന്റെ ചെക്കനെ തെറ്റ് ധരിക്കണ്ട, കേട്ടോടി കുശുമ്പി പാറു” ഞാൻ അവരുടെ നിൽപ് കണ്ടു പറഞ്ഞുകൊണ്ട് വെളിയിലേക്ക് ഇറങ്ങി. ഞാനായിട്ട് അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകണ്ട.
കുറച്ചു കഴിഞ്ഞ് രണ്ടുപേരും കൂടെ വന്നപ്പോ ഞാൻ ഹാളിൽ ഇരിക്കുകയാണ്. രണ്ടിന്റെയും നാണവും നടത്തവും ഒക്കെ കണ്ടിട്ട് ഞാൻ വാ പൊത്തി കളിയാക്കി ചിരിച്ചു.
“നീ ചിരിക്കേണ്ട.. പണ്ട് നടുറോഡിൽ വച്ച് പെണ്ണിനെ കെട്ടിപിടിച്ചവനാ നീ. ആ നീ ഇത്രയും കാലം കാത്തിരുന്ന എന്നെ കളിയാക്കുന്നോ” അവൻ ചെയറിൽ ഇരുന്ന കുഷ്യൻ എടുത്ത് എന്റെ മേലേക്ക് ഇട്ടിട്ട് പറഞ്ഞു.
“അങ്ങനെ പറ, ലവേഴ്സ് ആയ ചിലപ്പോ കെട്ടി പിടിച്ചെന്നും ചിലപ്പോൾ ഒരു ഫ്രഞ്ചു കിസ്സ് അടിച്ചെന്നും ഒക്കെ ഇരിക്കും. നമുക്ക് അമലേട്ടന്റെ അമ്മു കുട്ടിയെ കണ്ടു പിടിക്കാന്നെ, പിന്നെ ചേട്ടനും ആകാലോ” അവൾ ഒരൊഴുക്കിന് പറഞ്ഞു.
ഞാൻ ടീ എന്ന് വിളിച്ചു ചാടി എണ്ണിറ്റപ്പോളെക്കും അവൾ ഓടി റൂമിൽ കേറി.
കുറച്ചു കഴിഞ്ഞ് എന്റെ അടുത്ത് വന്നു മൂക്കിൽ പിടിച്ചു വലിച്ചു.
“ഒരു കഥയും പേരും കൊണ്ട് അത് ചേച്ചി ആണെന്ന് ഉറപ്പിക്കാൻ പറ്റില്ലാലോ.. പിന്നെ എങ്ങനാ” അവൾ കുസൃതി മാറി ആകാംഷയോടെ ചോദിച്ചു.
ഞാൻ അവളെ പഴയ മാഗസിൻ കാണിച്ചു. അതിലെ വരികളും. ബാക്കി പറഞ്ഞത് അനീഷ് ആണ്.