അവധി ദിവസം ആയത് കൊണ്ട് എല്ലാരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിച്ചത്. നാട്ടിൽ നിന്ന് ഫോൺ വന്നപ്പോ സ്മിത അതിൽ സംസാരിച്ചു.
“ചേട്ടാ നമ്മളോട് അടുത്ത ശനിയാഴ്ച നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തിട്ട് അവൾ പറഞ്ഞു.
“എന്തിന്” അനീഷ് തിരക്കി. എന്താ കാരണം എന്നറിയാൻ ഞാനും അവളെ നോക്കി.
“ചേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വരുന്നു, ഒരു ഫോർമാലിറ്റി ചടങ്ങിന്. പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ തീരുമാനിക്കാനും. ചെറിയ ഒരു എൻഗേജ്മെന്റ്” അവൾ തെല്ല് നാണത്തോടെ പറഞ്ഞു.
“അപ്പൊ ഹാപ്പി ആയല്ലോ… എല്ലാം റെഡി എനിക്ക് പ്രത്യേകം ചിലവ് വേണം, ചെറുത് ഒന്നും പോരാ വമ്പൻ ചെലവ് വേണം. നിങ്ങടെ കാര്യം പറയാൻ ഇവടെ വീട്ടിൽ പോയിട്ട് ഇവടെ തന്തപ്പടിയുടെ മുന്നിൽനിന്ന് ഊരാൻ പെട്ട പാട്.. പുള്ളി പണ്ട് പട്ടാളത്തിൽ ആയിരുന്ന എല്ലാ കഥകളും എന്നെ കേൾപ്പിച്ചു.. ഹോ…” ഞാനും നെടുവീർപ്പിട്ടു.
“അയ്യോ.. ഇവടെ അച്ഛന്റെ മുന്നിൽ പെടുന്നത്തിലും ഭേദം ട്രെയിന് തല വെക്കുന്നതാ.” അനീഷ് പറഞ്ഞതും പെട്ടന്ന് സ്മിത ഇടക്ക് കേറി…
“എന്താ പറഞ്ഞത്? ” അവൾ ചോതിച്ചു.
“ഒന്നും ഇല്ല എന്റെ പൊന്നെ… ഞാൻ പണ്ടത്തെ കാര്യം പറഞ്ഞതാ” അവൻ അടി ഒഴിവാക്കാൻ പറഞ്ഞു.
“നിന്റെ അച്ഛനെക്കാൾ ഭേദം ട്രെയിന് തല വെക്കുന്നത് ആണെന്ന്.” രണ്ടും കൂടെ ഒള്ള അടി കാണാൻ വേണ്ടി ഞാൻ പറഞ്ഞു.
കേട്ടതും അവൾ മുറിയിലേക്ക് ഓടി പോയി. എന്താണ് വരൻ പോകുന്നത് എന്ന് നോക്കി അനീഷും നിന്നു.
തിരിച്ച് ലാപ്ടോപ് കൈയിൽ എടുത്താണ് അവൾ വന്നത്. അത് ഞങ്ങൾക്ക് മുന്നിൽ വച്ചു.
“അതെ വല്ലപോലും വായി നോക്കി നടക്കുമ്പോൾ സ്ഥലം കൂടെ നോക്കണം. കണ്ട പെൺപിള്ളേരെ മാത്രം നോക്കിയ പോരാ” അവൾ അതും പറഞ്ഞു കാണിച്ച ഫോട്ടോ കണ്ട് ഞങ്ങൾക്ക് അതിശയം ആയി.
ഞാൻ അവളെ കാണിച്ച ഫേസ്ബുക്കിലെ ഫോട്ടോയിലെ സ്ഥലം. എവിടെ ആണെന്ന് അറിയാൻ ഞങ്ങൾ അവളെ നോക്കി. ചോദ്യത്തിന്റെ അർഥം മനസിലായ അവൾ ജാട കാട്ടി ചെയറിൽ ഇരുന്നു.
“ഏറ്റവും കുറഞ്ഞത് ഒരു പവൻ വരുന്ന രണ്ട് വള, സമ്മതം എങ്കിൽ സ്ഥലം ഞാൻ പറയാം” അവൾ കണ്ടിഷൻ വച്ചു.
“നീ പക പോക്കുകയാണല്ലേ.. നിനക്കും ഉണ്ടല്ലോ ജന്മം തന്നൊരു അച്ഛൻ, അങ്ങേര് നാട്ടിൽ ഇരുന്ന് തുമ്മണ്ടങ്കിൽ മരിയതക്ക് പറഞ്ഞോ” ഞാൻ അവളുടെ അടുത്ത് നിലത്ത് ഇരുന്ന് പറഞ്ഞു.
“നോ. പറഞ്ഞത് സമ്മതിച്ചാൽ ഞാൻ പറയാം” അവൾ പറഞ്ഞതും ഞാൻ പോയി എന്റെ കാർഡ് എടുത്ത് അവൾക്ക് കൊടുത്തു.
“2255. പിൻ നമ്പർ. ഉള്ളത് മുഴുവൻ നീയെടുത്തോ. സ്ഥലം പറ. പ്ലീസ്” ഞാൻ കെഞ്ചി.
അവൾ കാർഡ് എടുത്തു.
“ഗണേഷ് ടെംപിൾ, കെമ്പേഗൗഡ, നിയർ റെയിൽവേ സ്റ്റേഷൻ, മജിസ്റ്റിക്, ബംഗളുരു” അവൾ എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അങ്ങോട്ട് പോകാനെന്നെന്നോണം എഴുനേറ്റു.