“ടാ എവിടെ പോവാ. അവൾ ട്രെയിൻ കേറാൻ വരുന്നതാകും അവിടെ. അപ്പോ രാവിലെയാണ് അവൾ വരുന്നത് എങ്കിലോ, അപ്പൊ പിന്നെ നാളെ രാവിലെ പോയാ പോരെ? ” ഞാൻ ഒന്ന് മടിച്ചെങ്കിലും അതിലും കാര്യം ഉണ്ടന്ന് വച്ചു ഞാൻ തിരികെ ഇരുന്നു. എക്സയിറ്റ്മെന്റ് കൊണ്ട് എനിക്ക് ഇരുപ്പ് ഉറയ്ക്കുന്നില്ല.
എന്റെ വെപ്രാളം കണ്ട് രണ്ടെണ്ണം നോക്കി നിൽക്കുന്നു.
“വേവുവോളം കത്തില്ല, ഇനി ആറുവോളം” സ്മിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
പിറ്റേ ദിവസം ആകാൻ ഞാൻ ഓരോ സമയവും എണ്ണി. പിടിച്ച പിടിയാലേ വയികിട്ട് സ്മിത ഞങ്ങളെ കൊണ്ട് ജൂവലറി പോയി അവൾ പറഞ്ഞത് പോലെ വളകൾവാങ്ങി. അനീഷ് അവൾക്ക് ഒരു കമ്മൽ കൂടെ വാങ്ങി കൊടുത്തു. ആള് ഹാപ്പി ആയി.
“ടാ എണ്ണിക്ക്” ഞാൻ വിളിച്ചത് കേട്ടാകും അനീഷ് ഉണർന്നത്. അവൻ നൊക്കുമ്പോ കുളിച്ചു റെഡി ആയി ഞാൻ പോകാൻ നിൽക്കുന്നു. അവൻ എന്നിട്ട് മൊബൈലിൽ സമയം നോക്കി. പിന്നെ രണ്ടു ചെവിയും പൊത്തി പിടിക്കേണ്ടി വന്നു അവന്റെ തെറി കേക്കാതെ ഇരിക്കാൻ. വെളുപിനെ നാലരക്ക് വിളിച്ചുണർത്തിയാൽ ആരാണേലും തെറി വിളിച്ചുപോകും. പാവം ഞാൻ. എനിക്ക് ഇത് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് അവന് അറിയുന്നത് കൊണ്ടാകും അവൻ പോയി ഫ്രഷ് ആയി വന്നു. സ്മിതയെയും അവൻ ഉണർത്തിയത് കൊണ്ട് അവളും റെഡി ആയി വന്നു.
അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തി. വരുന്ന ഓരോരുത്തരിലും ഞങ്ങൾ അശ്വതിയെ നോക്കി. കണ്ടില്ല. തണുത്ത വെയിലിനു പതിയെ ചൂട് കൂടി വന്നു. വിശപ്പ് വിളിച്ചു. പോയില്ല. അവസാനം എന്നെ നിർത്തി അവർ പോയി കഴിച്ചു. കുറച്ചു ബിസ്ക്കറ്റും വെള്ളവും എനിക്ക് കൊണ്ടുവന്ന് തന്നു. സൂര്യൻ തലക്കുമുകളിൽ വന്നു. പിന്നെ പതിയെ പടിഞ്ഞാറേക് ചരിഞ്ഞു തുടങ്ങി. ക്ഷമ പതിയെ എന്നെവിട്ട് പോകാൻ തുടങ്ങുമ്പോളും അവളോട് ഉള്ള ഇഷ്ടം എന്നെ പിടിച്ചിരുത്തി. തിരക്കിൽ വരുന്നവരെ ശ്രദ്ധിക്കുക എന്നത് വിചാരിച്ച പോലല്ല. നല്ല പണിയാണെന്ന് മനസിലായി. അതിന്റെ കൂടെ തെറി അനീഷിന്റെ വായിന്നു കേട്ടുകൊണ്ട് ഇരുന്നു. അവർ ഇടക്ക് കാറിൽ പോയി ഇരുന്നും എന്റെ കൂടെ വന്നും സമയം പോയി. സന്ധ്യ കഴിഞ്ഞു. രാത്രി ആയി..
“ടാ അവൾ വരും എന്ന് നമുക്ക് ഉറപ്പൊന്നും ഇല്ലാലോ.. ആരോടേലും തിരക്കാം എന്ന് കരുതിയാൽ പേര് അല്ലാതെ നമുക്ക് വേറെ ഒന്നും അറിയില്ല. നീ വാ നമുക്ക് വേറെ എന്തങ്കിലും വഴി നോക്കാം” അനീഷ് പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല. സമയം 9 മാണിയോട് അടുക്കുന്നു. വെളുപ്പിനെ ഇറങ്ങിയതാണ്. പാർക്കിങ്ങിൽ പോയി കാർ എടുത്ത് തിരിച്ചു.
“നിർത്തിയെ നിർത്തിയെ…നിർത്താൻ” മുന്നിലെ സീറ്റിൽ ഇരുന്ന സ്മിത അലറി. പിന്നിലെ സീറ്റിൽ കണ്ണടച്ച് ഇരുന്ന ഞാൻ എന്താണ് എന്നറിയാൻ ചുറ്റും നോക്കിയിട്ട് ഒന്നും കണ്ടില്ല. പിന്നിൽ നിന്നും വണ്ടികൾ വന്നത്കൊണ്ട് കുറച്ചുകൂടെ മുന്നിലേക്ക് പോയിട്ടാണ് അനീഷ് വണ്ടി നിർത്തിയത്. നിർത്തിയ ഉടൻ സ്മിത ഡോർ തുറന്ന് പിന്നിലേക്ക് ഓടി. പിന്നാലെ ഞാനും. അനീഷ് വണ്ടി കുറച്ചുകൂടെ പറ്റിയ സ്ഥലത്തേക്ക് പാർക്ക് ചെയ്യാനായി പോയി. പിന്നാലെ വന്ന ഒരു സ്കൂട്ടർ റോഡിൽ കയറി നിന്ന് തടയുകയാണ് അവൾ.
വണ്ടി നിർത്തിയ പയ്യൻ അവളെ കന്നഡയിൽ എന്തൊക്കെയോ പറയുന്നുണ്ട്. പിന്നിലെ വണ്ടികളിൽ നിന്ന് ഉച്ചത്തിൽ ഹോണുകൾ അടിക്കുകയും എന്തൊക്കെയാ വിളിച്ചു പറയുന്നതും കേട്ട് ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കി. അവൾ സ്കൂട്ടർ ഓടിച്ച പയ്യനോട് എന്തോ പറഞ്ഞപ്പോ അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി.