നിശ 2 [Maradona]

Posted by

“സുഖം.. നാട്ടിൽ കല്യാണത്തിന്റെ ചെറിയ തിരക്കുകൾ” ഞാൻ പറഞ്ഞപ്പോ അവളുടെ മുഖം ഒന്ന് മങ്ങിയെങ്കിലും ഒരു പുഞ്ചിരി അവൾ മുഖത്തേയ്ക്ക് വരുത്തി. സ്മിത അത് മിററിൽ കൂടെ കാണുകയും ചെയ്തു.

“നിങ്ങൾ എങ്ങനെ എന്നെ കണ്ടു പിടിച്ചു? ” അവൾ ചോദിച്ചപ്പോ ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അനീഷ് വിശദമായി എല്ലാം പറഞ്ഞു കൊടുത്തു.

“നിന്റെ ഫാമിലി? കല്യാണം? “അനീഷ്‌ ചോദിച്ചു.

“ഒറ്റക്കായവർക്ക് ദൈവം കൂടെ ഉണ്ട്. ഇപ്പൊ അതാണ്‌ ഫാമിലി. പിന്നെ കല്യാണം.. ഒരാളുണ്ടായിരുന്നു.. പക്ഷെ അത് അയാൾ അറിയാഞ്ഞത് കൊണ്ട് വേറെ കല്യാണം കഴിച്ചു. ഇനി താല്പര്യം ഇല്ല. പിന്നെ ആരേലും വന്നാൽ അപ്പൊ നോക്കാം. ഇപ്പൊ ഒറ്റത്തടി.. എവിടേം പോകാം എപ്പോ വേണേലും പോകാം.. ആരോടും ചോദിക്കണ്ട” അവൾ അനീഷിനോട് പറയുമ്പോ ഒരുവേള എന്നെ ഒന്ന് നോക്കി. അവൾ എന്റെ കാര്യം ആണ് പറഞ്ഞത് എന്ന് ഞങ്ങൾക്ക് മനസിലായെങ്കിലും ആരും ഒന്നും പറഞ്ഞില്ല.

അവൾ വഴി പറഞ്ഞത് അനുസരിച്ച് അവളുടെ ഫ്ലാറ്റിൽ ചെന്നു.

“ഇതാണ് എന്റെ കൊട്ടാരം… അന്ന് അച്ഛൻ തന്നത് ഒക്കെ കൊണ്ട് അമ്മയുടെ ചികിത്സ നടത്തി. ബാക്കി കൊണ്ട് ആവുന്ന പോലെ പഠിച്ചു. എം ബി എ കഴിഞ്ഞ് ജോലി കിട്ടിയപ്പോ പിന്നെ താമസം ഒക്കെ കണക്കാ. നിൽക്കുന്നിടം വീട്. അതാണ്‌ അവസ്ഥ” അവൾ പറഞ്ഞു. യാത്ര കഴിഞ്ഞ് വന്നത് കൊണ്ടും രാത്രി ആയത് കൊണ്ടും അവൾ ഫ്രഷ് ആകാൻ വേണ്ടി റൂമിലേക്ക് കയറി. കുളിച്ചു വന്ന അവളും സ്മിതയും അടുക്കളയിൽ പോയി കാപ്പി ഇടാൻ ഉള്ളത് ഒക്കെ ചെയ്തു. ഞങ്ങൾ ഹാളിൽ ഇരുന്നു. ആകെ ഒരു മുറിയും ഹാളും കിച്ചനും മാത്രമുള്ളതാണ് ഫ്ലാറ്റ്.

സ്മിതയുടെ കാൾ വന്നപ്പോ ഞാൻ ഒന്ന് സംശയിച്ചു ഫോൺ അറ്റൻഡ് ചെയ്തു.
“ചേച്ചി ഒരു കാര്യം ചോദിക്കട്ടെ” ഫോണിൽ സംസാരിക്കുന്നത് കേട്ട് അവർ സംസാരിക്കുന്നത് ഞാൻ കേൾക്കാൻ വിളിച്ചതാണ് എന്ന് എനിക്ക് മനസിലായി.

“പറ” അവൾ പറഞ്ഞു.

“ചേച്ചിക്ക് അമലേട്ടനെ ഇഷ്ടമാരുന്നു അല്ലേ. ചേട്ടന് ഇഷ്ടം ആയിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്” സ്മിത ചോതിച്ചു.

“മോള് ഭാഗ്യം ഉള്ളവളാ.. അവനെ കിട്ടിയില്ലേ. അവൻ നല്ലത് പോലെ നോക്കും. പാവമാ.. കഥയില്ലാത്തവൻ. എനിക്ക് ആ ഭാഗ്യം ഇല്ലത്തെ ആയി പോയി.” അശ്വതി പറഞ്ഞു.

“എൻഗേജ്മെന്റ് ആയിട്ടില്ല. ഞാൻ പറയാം ചേട്ടനോടും വീട്ടിലും. ചേച്ചി ചേട്ടനെ കെട്ടുമോ?” സ്മിത വളരെ സ്വാഭാവികം ആയി ചോതിച്ചു.

“അതൊന്നും വേണ്ട മോളെ. നീയാണ് അവന് ചേരുന്നത്. നിങ്ങളാണ് ചേരേണ്ടത്. നല്ല ഫാമിലി ആണ് രണ്ടു പേരുടെയും. അവന്റെ വീട്ടുകാർക്ക് എന്നെ അംഗീകരിക്കാൻ പറ്റില്ല. എനിക്ക് പറയാൻ പോലും ഒരു ബന്ധു ഇല്ല.. എന്നെ കുറിച്ച് നാട്ടിൽ ആർക്കും നല്ല അഭിപ്രായം പോലും കാണില്ല.. അവന്റെ വീട്ടിൽ എന്നെ ഇഷ്ടപ്പെടാതെ ഞാൻ അവിടെ ശരിയാവില്ല. ഞാൻ അവന്റെ ജീവിതത്തിൽ എത്തിയാൽ എന്റെ പേരിൽ അവൻ കൂടെ ഒറ്റപ്പെടും.. അതെനിക്ക് സഹിക്കില്ല. അതുകൊണ്ട് അവൻ ഒന്നും അറിയണ്ട. നീ നല്ല കുട്ടി അല്ലേ.. നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു. നീ തന്നെ മതി” അവൾ പറയുമ്പോൾ എവിടെയൊക്കെയോ ഇടറുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *