“ടാ നീ ക്ലാസ്സിൽ വച്ച് പറയാൻ വന്നത് എന്താ?”
“അതൊന്നും ഇല്ല..” ഞാൻ അലസമായി പറഞ്ഞു.
“ഞാൻ പറയട്ടെ എന്താന്ന്? ” അവൻ എന്റെ തോളിൽ കൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.
“ആ പറ” ഞാൻ പറഞ്ഞതും അവൻ തോളിലെ കൈ മുറുക്കെപ്പിടിച്ചിട്ട് തോളിൽ കടിച്ചു.
“കടിക്കാതെ പറയടാ പട്ടി” ഞാൻ വെട്ടി മാറി.
“പറഞ്ഞാൽ നീ എനിക്ക് ഷീല ചേച്ചിടെ കടേൽ കൊണ്ടുപോവോ?” ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ നാരങ്ങാ വെള്ളം വാങ്ങാം എന്ന് നീട്ടി ഞങ്ങൾ പറയാറില്ല. വയറ് കാണാൻ പോകാം എന്ന് പറഞ്ഞാൽ അതു ഷീല ചേച്ചിടെ കടയണന്ന് എല്ലാർക്കും അറിയാം. പല കാലങ്ങളായി കൈ മാറി വന്ന സ്കൂളിലെ പരമ്പരാഗത പ്രയോഗമാണത്.
“സമ്മതിച്ചു. നീ പറ” എനിക്കും സമ്മതം. എന്തായാലും അവനു ചെലവ് ചെയ്യേണ്ടി വരും.
“നിനക്ക് നമ്മുടെ ക്ലാസ്സിലെ അശ്വതിയോട് ഇഷ്ടമാണല്ലേ?” അവൻ ചോതിച്ചു.
“നിനക്ക് എങ്ങനെ മനസിലായി??” ഞാൻ പറയാതെ പറഞ്ഞതിൽ എനിക്ക് തെല്ല് അത്ഭുതം ഉണ്ടായിരുന്നു.
“ടാ മരപ്പാഴേ, ബുക്കിന്റെ പുറകിൽ അമൽ love അശ്വതി എന്നെഴുതുമ്പോ അടുത്തിരിക്കുന്നവൻ കാണും എന്നെങ്കിലും ബോധം വേണം” അവനു മനസിലായ വഴി ഏതാണെന്ന് എനിക്ക് പിന്നെ ഊഹിക്കാവുന്നതേ ഒള്ളായിരുന്നു. ക്ലാസ്സിൽ വച്ചു അവനോട് ഇക്കാര്യം പറയാൻ തുടങ്ങുന്നതിനു മുന്നേ പല രീതിയിൽ love ചിന്നങ്ങൾക്ക് നടുവിൽ ഞങ്ങളുടെ പേര് ഞാൻ എഴുതി നോക്കിയിരുന്നു. പല ഡിസൈനിൽ അത് അങ്ങനെ അവസാന പേജിൽ കിടന്നു.
“കള്ള തെണ്ടി അപ്പൊ എങ്ങനാ പോവല്ലേ കടയിലേക്ക്?” അവൻ എന്നെയും വലിച്ചുകൊണ്ട് നാരങ്ങാ വെള്ളം കുടിക്കാൻ കൊണ്ടുപോയി. വെള്ളത്തിന്റെ കൂടെ ഒരു മുട്ട പഫ്‌സും ഞങ്ങടെ പതിവാണ്.
“അപ്പൊ എങ്ങനാ നീ അവളോട് പറയുന്നേ?” അവൻ ചോദിച്ചു.
“അറിയില്ല. പറയണം. പക്ഷേ എങ്ങനാ” ഇനിയിങ്ങനെയാണെന്ന് എനിക്കും വല്യ പിടിയില്ല.
“വഴിയുണ്ട്. നാളെ ശരിയാക്കാം.”
“എങ്ങനെ??” അവൻ കണ്ടുപിടിച്ച വഴി എന്താന്ന് അറിയാനായി ചോതിച്ചു.
“നമ്മുടെ ക്ലാസ്സിലെ ഫസ്റ്റ് ലൈൻ സെറ്റ് ആയത് വിശാഖിന് അല്ലെ… പക്ഷെ അവനു അതിനുള്ള വഴി പറഞ്ഞു കൊടുത്ത കറുത്ത കരങ്ങൾ ആരുടെയാണെന്ന് എനിക്ക് അറിയാം. നമുക്ക് അവനോട് തന്നെ ചോദിക്കാം.” അതാരാണെന്ന് എനിക്കും അറിയാമരുന്നു.
ഞങ്ങളുടെ ബഞ്ചിൽ നടുക്ക് ഞാൻ ആണെങ്കിൽ വലത് അനീഷ്. ഇടത് ഇരിക്കുന്ന മൂന്നാമൻ ആകാശ്. അനീഷിന്റെ അത്രയും ഇല്ലങ്കിലും അവനും എന്റെ ക്ലോസ് ഫ്രണ്ട് തന്നെയാണ്.