അത് പറഞ്ഞു തീർക്കാൻ ഒറ്റ സെക്കന്റ് മതിയാരുന്നു എനിക്ക്. പക്ഷെ അപ്പോളും നെഞ്ചിടിക്കുന്നതിനെ കാൾ വേഗത്തിൽ എന്റെ മുട്ടുംകൂടി ഇടിക്കാൻ തുടങ്ങി. ഒന്നെങ്കിൽ കലിപ്പ് കയറി രണ്ട് ചാട്ടം “നിന്നെ അങ്ങനല്ല കണ്ടെ, നീ ബ്രദർനെ പോലെ ആണ്” എന്ന ഡയലോഗ്. അതും അല്ലങ്കിൽ നാണിച്ചു കൊണ്ട് ഒരുമറുപടിയോ നോട്ടമോ, കുറഞ്ഞ പക്ഷം ഒരുപുച്ഛം ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവളുടെ പ്രതികരണം സത്യത്തിൽ എന്നെ ഞെട്ടിച്ചു.
അവൾ ബഞ്ച് ചൂണ്ടിയിട്ട് അതിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു.
“നീ എന്റെ പുറകെ നടക്കുന്നതും ബസ് നോക്കി നിക്കുന്നതും മുട്ടായി വാങ്ങി തരുന്നതും ഞാൻ കാണാതെ ആക്ഷൻ കാണിക്കുന്നതും ഒക്കെ ഞാൻ അറിഞ്ഞതാ. നീ ആയിട്ട് വരട്ടെ എന്ന് കരുതി. ടാ നമ്മൾ ഇപ്പൊ ഒൻപതാം ക്ലാസ്സിൽ അല്ലെ ആയുള്ളൂ. ഇനിയും ഒരുപാട് ക്ലാസ്സിൽ പഠിക്കാനും വളരാനും ഒക്കെ ഉണ്ട്. അതുകൊണ്ട് ഇപ്പൊ തോന്നുന്ന ഈ കുട്ടിക്കളി ശരിയല്ല. വല്യതാകട്ടെ, അപ്പൊ നോക്കാം. പോരെ??, ഇപ്പൊ വല്ലതും പഠിക്കാൻ നോക്ക്. നിങ്ങൾക്ക് ഇന്ന് മത്സരം ഒക്കെ ഇല്ലേ. അപ്പൊ ബെസ്റ്റ് ഓഫ് ലക്ക്” അത് പറയുമ്പോ അവൾക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തന്നെ ഇല്ലാരുന്നു. വളരെ കൂൾ ആയി പക്വമായ് പറഞ്ഞിട്ട് പോയപ്പോ വായും പൊളിച്ച് ഇരുന്നത് മാത്രമേ ഞാൻ ചെയ്തുള്ളു. അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയപ്പോ ആകാശ് കയറി വന്നു. വായും പൊളിച്ച് ഇരുന്ന എന്നോട് അവൻ കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞതൊക്കെ അവനോടും പറഞ്ഞു.
അപ്പോളേക്കും അനീഷും മറ്റ് കുറച്ചു കുട്ടികളും ക്ലാസ്സിലേക്ക് വന്നിരുന്നു. ഞങ്ങൾ അവനെയും വിളിച്ചു മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു.
“ടാ അവൾ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ല, ഇഷ്ടമല്ല എന്നും പറഞ്ഞില്ല. അവൾ പറഞ്ഞതാ ശരി. ഇപ്പൊ നമ്മൾ പിള്ളേരല്ലേ. വലുതായിട്ട് പോരെ ഇതൊക്കെ… ഇപ്പൊ അവൾ ഡീസന്റ് ആയിട്ട് കാര്യം പറഞ്ഞത്. കൂടുതൽ അലമ്പാക്കിയാ ടീച്ചേർസ് അറിയും തന്നെയല്ല വെറുതെ പുറകെ നടന്നാൽ അവൾക്ക് ചിലപ്പോ ഇഷ്ടപെട്ടില്ല എന്നും വരാം. പിന്നെ നിനക്ക് ഒരു സ്കോപും ഇല്ലത്തെ ആകും”
കുറേ നേരത്തെ ദീർഘമായ ആലോചനക്കൊടുവിൽ അനീഷ് തന്നെ തീരുമാനം പറഞ്ഞു. ആകാശും അത് ശരിവച്ചു. ഉച്ച കഴിഞ്ഞ് കഥാ രചനയ്ക്ക് അവൻ വിളിച്ചോണ്ട് പോയി. താല്പര്യം ഇല്ലങ്കിലും അവൻ വിളിച്ചതുകൊണ്ട് മാത്രമാണ് പോയത്. അന്ന് മുഴുവൻ അവൻ എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത്ര സങ്കടം തോന്നിയില്ല. അല്ലങ്കിൽ തന്നെ ചെറിയ നിരാശ തോന്നിയതിന് അപ്പുറം വല്യ ദുഃഖം ഒന്നും ഇല്ലായിരുന്നു എന്നത് സത്യം. പിറ്റേ ദിവസം മുഴുവൻ അവന്മാർ കൂടെകൂടി നടന്നത് കൊണ്ട് മറ്റൊന്നും ഓർക്കാനുള്ള സമയം അവന്മാർ തന്നില്ല.
ക്ലാസ്സ് തുടങ്ങിയപ്പോളും അവൾ വന്ന് സാധാരണ പോലെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ അന്നത്തെ കാര്യമോ അതുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളും അവൾപിന്നീട് ചോദിച്ചതും ഇല്ല. അവളുടെ ഭാഗത്ത് നിന്ന് അങ്ങനത്തെ രീതിയിൽ ഒരു പെരുമാറ്റം ഉണ്ടായിട്ടുമില്ലായിരുന്നു. ദിവസങ്ങൾ കടന്നുപോയി. പലപ്പോളും നിർവികാരയായി ക്ലാസ്സിലേക്ക് വരുന്ന അവൾ ക്ലാസ്സിൽ എത്തി കഴിഞ്ഞ് ആക്ടിവാകുന്നതും ചിലപ്പോ എന്തോ ഓർത്ത് ഇരിക്കുന്നതും ഒക്കെ കാണാറുണ്ടങ്കിലും അപ്പോളൊക്കെ നേരിട്ട് ചെന്ന് ചോതിക്കാൻ പേടി ആരുന്നു. ചിലപ്പോ ചോതിക്കുന്നതിന്റെ ഉദ്ദേശശുദ്ധി തെറ്റുധരിച്ചു പഴയ പോലെ പിറകെ നടക്കാൻ ചെല്ലുന്നത് ആണെന്ന് കരുതണ്ടാ എന്ന്തോന്നി, അപ്പോളൊക്കെ അനീഷിനെ അവൾക്കരികിലേക്ക് പറഞ്ഞു വിടും. അവൻ ചെന്ന് എന്തങ്കിലും ഒക്കെ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുമ്പോ അവൾ പഴയ പോലെ കൂൾ ആകും. ചിലപ്പോളൊക്കെ ആകാശിനെയും ഉന്തി തള്ളി വിടും. ഇതിനൊക്കെ ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ ചെലവ് ചെയ്യിക്കും തെണ്ടികൾ.