പിന്നെ അവൾ വളർന്നതും പഠിച്ചതുമൊക്കെ തറവാട്ടിൽ നിന്നായിരുന്നു …..അപ്പുപ്പൻ വളരെ നേരത്തേ മരിച്ചു പോയിരുന്നു….
മാതാപിതാക്കളെ ക്കാൾ സ്നേഹവും ലാളനയും അവൾക്ക് അമ്മമ്മയിൽ നിന്ന് ലഭിച്ചിരുന്നു …. പിന്നെ അവൾക്ക് പ്രിയപ്പെട്ട രാത്രിയിലെ കൊച്ച് കഥകളും …. അമ്മമ്മ അവളെ സ്നേഹത്തോടെ ചക്കു എന്നായിരുന്നു വിളിച്ചിരുന്നത് … അങ്ങനെ തന്നെയാണ് അവൾ ആ നാട്ടിൽ അറിയപ്പെട്ടിരുന്നതും…..ഏഴാം തരം പൂർത്തിയാകുന്നവരെ ഹെലൻ കീഴ്ക്കാവിൻക്കുന്നിലെ തൊടിയിലും വയലിലുമൊക്കെ കളിച്ചു വളർന്നു ….അതിനിടയിൽ നിഷ്കളങ്കമായ സൗഹൃദവും കൊച്ച് മനസ്സിലൊരു കൊച്ച് പ്രണയവുമൊക്കെ മുളപ്പൊട്ടിയിരുന്നു.
പട്ടുപാവാടയും കുട്ടി സെറ്റ് സാരിയുമൊക്കെ ഉടുത്ത് പാടത്തും വരമ്പിലുമൊക്കെ ഓടി നടന്ന തന്റെ കുട്ടിക്കാലം ഹെലനെന്ന ചക്കുവിന് അത്രമേൽ പ്രിയങ്കരമായിരുന്നു …..
തൊടിയിൽ നിന്ന് വെള്ളയ്ക്ക പറുക്കി തോരനുണ്ടാക്കി, ചിരട്ടയിൽ മണ്ണ് നനച്ചു നിറച്ച് ചോറുണ്ടാക്കാൻ വെള്ളാരം കല്ലിൽ തീർത്ത അടുപ്പിന്മേൽ വെയ്ക്കുമ്പോൾ , നീണ്ട വാഴയില തുമ്പ് വെട്ടി പുഴമീനെന്നും പറഞ്ഞ്, കൊണ്ട് വരുന്ന തന്റെ സ്വന്തം വള്ളിനിക്കറുക്കാരനെയും അവൾക്കങ്ങനെയൊന്നും മറക്കാനാവില്ല……..
എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഉണ്ടായ അമ്മമ്മയുടെ അപ്രതീക്ഷിത മരണം, ഹെലന് കാനത്ത തിരിച്ചടിയായിരുന്നു…….
അതോട് കൂടി ഹെലനെ ബാംഗ്ലൂരിലേയ്ക്ക് പറിച്ച് നട്ടു…… ആളൊഴിഞ്ഞ താവാട് താഴിട്ട് പൂട്ടി ….
നിഷ്ക്കളങ്കമായ ഗ്രാമ ജീവിതത്തിന്റെ ചൂടും സുരക്ഷിതത്വവും , കപട മൂഖംമൂടി അണിഞ്ഞ ഒരു പറ്റം ആധുനിക യന്ത്രമനുഷ്യരാൽ തിങ്ങി നിറഞ്ഞ നഗരത്തിൽ നിന്ന് അവൾക്ക് ലഭിച്ചില്ല…….. അമ്മമ്മയുടെ വേർപാടു കൂടി ആയപ്പോൾ ശരിക്കും അവളുടെ സമനില തെറ്റി …. ഹെലനിൽ അമിത വാശിയും അകാരണ ദേഷ്യവും നിറഞ്ഞു. അവളുടെ സ്വഭാവം തന്നെ മാറി …. തന്റെ പ്രിയപ്പെട്ട തറവാട്ടിലേയ്ക്ക് ഇനി ഒരിക്കലും തിരിച്ചു പോകാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടായപ്പോൾ ഹെലൻ അവളുടെ ഗ്രാമത്തെയും കളിക്കൂട്ടുക്കാരെയും മനസ്സിന്റെ ഒരു കോണിലെ ചവറ്റു ക്കുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞു … തന്റെ വള്ളി നിക്കറുക്കാരനെ മാത്രം മറുക്കോണിൽ സുരക്ഷിതമായി മാറ്റി വച്ച് താലോലിക്കാൻ അവൾ മറന്നില്ല…
ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാൻ അവൾ അവരിലൊരാളാവാൻ തീരുമാനിച്ചു. അതിനവൾ ആദ്യം കണ്ടെത്തിയ മാർഗ്ഗം നഗരത്തിന്റെ മുഖംമൂടി അണിയുക എന്നതായിരുന്നു , പാവടയും ബ്ലൗസിൽ നിന്നും ജീൻസും ഷർട്ടിലേയ്ക്ക്…. എടുത്തടിച്ച സംസാരവും മോഡേൺ വസ്ത്രധാരണയും ഹെലൻ തന്റെ പ്രതിച്ഛായ ആക്കി….
ഹെലൻ പ്ലസ് ടു വരെ ബാഗ്ലൂരിൽ പഠിച്ചു. തന്റെ നാട്ടിലേയ്ക്ക് തിരിച്ചു വരാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് അവൾ ഉപരിപഠനത്തെ സങ്കൽപ്പിച്ചത് …… അതിനു വേണ്ടിയാണ് അവൾ ഇത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചത് ….. നിറം കെട്ട നാഗരിക ജീവിത്തിലും അവൾ തന്റെ പഠനം വളരെ ഭംഗിയായ് തന്നെ പൂർത്തിയാക്കി …..കാരണം താൻ ജനിച്ച് വളർന്ന നാട്ടിൽ തന്നെ അഡ്മിഷൻ നേടിയെടുക്കണമെന്നതായിരുന്നു അവളുടെ ലക്ഷ്യം . പൈസ എറിഞ്ഞ് വിദേശത്ത് സ്റ്റഡീസിന് വിടാൻ കെൽപ്പുള്ളവരായിരുന്നു തന്റെ മാതാപിതാക്കൾ . പക്ഷെ ഹെലന്റെ ഇഷ്ടം തന്റെ ജന്മനാടായിരുന്നു , പിന്നെ, മനസ്സിന്റെ ഓർമ്മ പുസ്തകത്തിൽ വെയിൽ കാണിക്കാതെ സൂക്ഷിച്ച മയിൽപ്പീലി പോലെ അവൾ താലോലിച്ച ആ വള്ളിനിക്കറുക്കാരനും …..
തന്റെ ലക്ഷ്യം ഹെലൻ വളരെ കൃത്യമായി തന്നെ വിജയത്തിലേയ്ക്കെത്തിച്ചു …. പ്ലസ് ടു റാങ്കോടെ പാസ്സായ അവൾ നാട്ടിലെ ശ്രീ ചൈതന്യ കോളേജിൽ തന്നെ അഡ്മിഷൻ നേടിയെടുത്തു…..
നാഗരികതയുടെ മായികാ ലോകത്ത് നിന്ന് , എത്ര സമ്പാദിച്ചാലും മതിവരാത്ത തന്റെ മാതാപിതാക്കൾ, തന്റെ കൂടെ നാട്ടിൽ വന്ന് തറവാട്ടിൽ ഒരുമിച്ച് സന്തോഷത്തേടെ ജീവിക്കുമെന്ന തന്റെ വ്യാമോഹം സ്വപ്നത്തിൽ പോലും നടക്കില എന്ന് ഹെലന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും തന്റെ ജന്മനാട്ടിലെ , വലിയ ചക്കര തേന്മാവിലെ കൊച്ച് കിളിക്കൂടിനെ പറ്റി ഓർക്കുമ്പോൾ അവൾ തറവാട്ടിൽ അച്ചനമ്മയോടൊപ്പം സന്തോഷമായി ജീവിക്കുന്ന സ്വപ്നം മനസ്സിൽ നെയ്ത് കൂട്ടും..പക്ഷെ ബിസ്സിനസിലും പാശ്ചാത്യ ജീവിത സംസ്ക്കാരത്തിനും അടിമപ്പെട്ട് പോയ തന്റെ മാതാപിതാക്കളുടെ ജീവിത ശൈലി കാണുമ്പോൾ ഹെലൻ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും….