അവന്റെ ആ ഒരു സംശയമാണ് എനിക്കും ഉണ്ടായിരുന്നത് …
വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു , രാവിലെ കുറച്ചു സമയത്തെ കാര്യമേ ഉള്ളു എന്നതും ഞാൻ സാധാരണ ആ സമയത്ത് ഉറങ്ങലാണ് എന്നുള്ളതുകൊണ്ടും ഇനിയിപ്പോ കാരണമറിയാത്ത എന്തൊകൊണ്ടും ഞങ്ങൾ സംസാരിച്ചു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു ..അമ്മയുടെ അകെ പ്രശ്നം എന്റെ പനി ശെരിക്കും മാറാതെ പോകണ്ട എന്നുള്ളതായിരുന്നു , 2 ദിവസമേ ജാഫർ ഉള്ളു എന്നുള്ള
കാര്യം പറഞ്ഞപ്പോ അതും തീർന്നുകിട്ടി . സമയം കളയാതെ ശിവേട്ടനോട് ഞാൻ ചെല്ലാമെന്നും വിളിച്ചു പറഞ്ഞു ..അത് കഴിഞ്ഞു ആദ്യമായിട്ടൊരു ജോലിക്ക് പോകുന്നതിന്റെയോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ , സന്തോഷമാണോ ആകാംഷയാണോ എന്നറിയാതെ എന്തോ ഒരു അവസ്ഥ …മനസ്സ് വല്ലാതെ നിറഞ്ഞു കവിയുന്ന അവസ്ഥയിൽ ആയതുകൊണ്ടാകും കഫ് സിറപ്പ് കുടിച്ചിട്ടുപോലും ഒട്ടും ഉറക്കം വന്നില്ല …തിരിഞ്ഞും മറഞ്ഞും കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു .
കുളിച്ചിട്ടു പോകേണ്ട ആവശ്യമൊന്നും ഇല്ലാത്തതുകൊണ്ട് 5 മണി ആയിട്ടെ എണീറ്റുള്ളു .പല്ലുതേപ്പും മുഖവും കഴുകി വന്നപ്പോളേക്കും അമ്മ കട്ടൻ ചായ ഉണ്ടാക്കികൊണ്ടുവന്നു ..എനിക്ക് ഇത് അസമയമാണെങ്കിലും അമ്മക്ക് സ്ഥിരം സമയം തന്നെയാണ്..കട്ടൻ കുടിച്ചു നേരെ ഞാൻ ശിവേട്ടന്റെ സൈക്കിൾ എടുക്കാൻ പോയി.
അവിടെ എത്തിയപ്പോളേക്കും ശിവേട്ടൻ സൈക്കിൾ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെച്ചിരുന്നു , പുള്ളിയെ വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങളുടെ ആൽത്തറ കവലയിലെ ഓഫീസിൽ ചെല്ലാൻ പറഞ്ഞു , അങ്ങനെ അതുമെടുത്തു അങ്ങോട്ട് പോയി ..ജാഫർ ഏതാണ്ട് ആ സമയത്ത് തന്നെ എത്തി , പേപ്പറുകൾ കെട്ടാക്കി എണ്ണി പൊതിഞ്ഞു സൈക്കിൾ സ്റ്റാൻഡിൽ എടുത്തു വെച്ചു..രാവിലെ ആയതുകൊണ്ട് തന്നെ അത്യാവശ്യം തണുപ്പുണ്ടായിരുന്നു പക്ഷെ എനിക്ക് അവസ്ഥ വേറെ ആയിരുന്നു .ഇത്രേം വീടുകൾ ഓർത്തുവെക്കാൻ കഴിയുമോ എന്നുള്ള പേടി കാരണമുള്ള ചൂട് ,അത് പുറമെയുള്ള തണുപ്പിനെ കെടുത്തി …
എല്ലാം എടുത്തു വെച്ചു ജാഫർ പോവാമെന്നു പറഞ്ഞു സൈക്കിൾ എടുത്തു…ഞാൻ അവന്റെ പുറകെ സൈക്കിളിൽ ഓരോ വീടും കവർ ചെയ്തു ..നല്ല ബുദ്ധിമുട്ട് തന്നെ ആയിരുന്നു ,ഒന്നാമത് സൈക്കിൾ നന്നായി ഓടിക്കാൻ അറിയില്ല ,നല്ല എക്സ്പീരിയൻസ് ഉള്ള ജാഫർ അവന്റെ ഒഴുക്കിൽ ആ ജോലി ചെയ്തപ്പോൾ ഞാൻ അതിന്റൊപ്പം എത്തിപ്പിടിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടേണ്ടി വന്നു…
ഏകദേശം 120 വീടോളം ഉണ്ടായിരുന്നു , 7.40ന് അവസാന വീടും തീർത്തു ജാഫർ യാത്ര പറഞ്ഞു പോയപ്പോളേക്കും എന്റെ അടപ്പ് ഊരിയിരുന്നു.
തുടര്ച്ചയായി സൈക്കിൾ ഓടിച്ചു എനിക്ക് കാലിനൊരു കൊളുത്തി പിടുത്തം , അവൻ പോയിക്കഴിഞ്ഞപ്പോൾ മെല്ലെ സൈക്കിളിൽ നിന്നും ഇറങ്ങി അതും ഉന്തി ഞൊണ്ടി ഞൊണ്ടിയായി എന്റെ നടപ്പ് …പക്ഷെ മനസിന് വല്ലാത്തൊരു സന്തോഷം , ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ …
സൈക്കിൾ കുറേ ഉന്തിയും ഓടിച്ചും 3 km അപ്പുറത്ത് നിന്നും ഞാൻ വീട്ടിലെത്തി , മെല്ലെ ചെന്നു ഉമ്മറത്ത് ഒരു പായ വിരിച്ചു കിടന്നു , നന്നായിത്തന്നെ ക്ഷീണിച്ചിരുന്നതും രാത്രിയിലെ ഉറക്കമില്ലായ്മയും, ശെരിക്കും വിട്ടുമാറാത്ത പനിയും എല്ലാം കൂടി ആയപ്പോൾ അവിടെ അങ്ങനെ കിടന്നു ഉറങ്ങിപ്പോയി ..9 മണിക്ക് പെങ്ങൾ എണീപ്പിച്ചപ്പോൾ എനിക്ക് ഉറക്കം മാറിയിരുന്നില്ല ..പിന്നെ ഒരുതരത്തിൽ കുളിച്ചു ഭക്ഷണം കഴിച്ചു ശബരിയോടൊത്തു കോളേജിലേക്ക് പോയി , പോകുന്ന പോക്കിൽ ജോലിയെകുറിച്ച് സംസാരിച്ചും ഓരോന്ന് പ്ലാൻ ചെയ്തും കോളേജിൽ എത്തിയത് അറിഞ്ഞില്ല ..