“ഓ നമ്മുടെ നസ്രാണി കൊച്ചുങ്ങൾ രാവിലെ കുളിക്കാതെ മുടിയും പാറിച്ച് ഒരു വരവുണ്ട്, അത്ര ലുക്ക് ഒന്നും ഇങ്ങനെ എണ്ണ തേച്ച് പറ്റിച്ച് വച്ച് വന്ന കിട്ടില്ല”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഞങ്ങടെ ഒക്കെ കാലം കഴിഞ്ഞ ഈ ജാതിയും മതവും പറഞ്ഞുള്ള അടിപിടി അവസാനിക്കും എന്നൊക്കെ പറയുന്നത് വെറുതെ ആണ്, കണ്ടില്ലേ പുതിയ തലമുറയിൽ ഇതുപോലെ കുറച്ചെണ്ണം ഉണ്ടായ മതിയല്ലോ……. അമ്മച്ചീന്റെ മോളു സുന്ദരിയാണ് ട്ടോ, ഈ പൊട്ടൻ പറയുന്നത് ഒന്നും കാര്യമാക്കണ്ട…….. അവന് അവന്റെ അപ്പന്റെ അതെ സ്വഭാവമാണ്, സംസാരിച്ച് ജയിക്കാൻ എന്തും പറയും…. പൊട്ടൻ”
അവസാനത്തെ പൊട്ടൻ എന്ന പ്രയോഗം അല്പം കനത്തിൽ തന്നെയാണ് മേരി പറഞ്ഞു നിർത്തിയത്.
“എത്ര ദേഷ്യം വന്നാലും സ്വന്തം കെട്ടിയോനെ പൊട്ടൻ എന്നൊന്നും വിളിക്കരുത് ട്ടോ മേരി”
അതും പറഞ്ഞ് ഞാൻ പിന്നിലേക്ക് നീങ്ങി നിന്നു, കൈ അകലം പാലിക്കണം…. അതാണ് എന്റെ തടിയ്ക്ക് നല്ലത്.
“ഡാ ചെറുക്കാ, നിന്നോട് ഞാൻ പറഞ്ഞു അപ്പനെ വെറുതെ കളിയാക്കരുതെന്ന്”
കൈ അകലത്തിൽ കിട്ടാത്തത് കൊണ്ട് മേരി എന്നെ നോക്കി കൈ ചൂണ്ടി ഭീഷണി മുഴക്കി, പിന്നെ നമ്മളോട്……. ഞാൻ ആ ഭീഷണിയെ ചിരിച്ചു തള്ളി.
“നീ വാ കൊച്ചേ, ഇവനോട് ഒക്കെ സംസാരിച്ചു നിന്ന വട്ടായി പോവും”
എന്ന് പറഞ്ഞു മേരി അവളെയും കൂട്ടി അകത്തേക്ക് നടന്നു, പോവുന്ന വഴിക്ക് യാമിനി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി….
“നിനക്ക് ഞാൻ വച്ചിട്ടുണ്ട്” എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചതും അവൾ മുഖം തിരിച്ച് കളഞ്ഞു.
അവർ അകത്തേക്ക് പോയപ്പോൾ ഞാൻ രമേശേട്ടനെ വിളിച്ച് മെല്ലെ വന്ന മതിയെന്ന് പറഞ്ഞു, അപ്പൻ എന്തായാലും പാതിരാത്രി ആവും എത്താൻ… രമേശേട്ടൻ ആ രാഘവന്റെ വീട്ടിൽ പോയിട്ട് എന്തായി എന്ന് ചോദിച്ചെങ്കിലും അത് നമുക്ക് ശരിയാവില്ല എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞു.
അമ്മായിയമ്മയും മരുമകളും അകത്ത് നോൺ സ്റ്റോപ്പ് കത്തിയാണ്, എന്താണ് ഇവർക്ക് ഇതിനു മാത്രം സംസാരിക്കാൻ. എന്തായാലും അന്ന് രാത്രി നടന്നത് ഒന്നും ഇപ്പോഴും മേരി അറിഞ്ഞിട്ടില്ല…. അത് തന്നെ വലിയ കാര്യം. മേരി ഇപ്പോഴും ഞങ്ങൾ തമ്മിൽ ഇഷ്ടം ആയിരുന്നു എന്ന് തന്നെയാണ് കരുതിയിരിക്കുന്നത്. ഇത്ര സംസാരിച്ചിട്ടും ആ കഥ മാത്രം ഇവൾ എന്താണ് പറയാതെ?? ആാാ……
ഞാൻ മെല്ലെ താഴേക്ക് ഇറങ്ങി നടന്നു, എവിടെയെങ്കിലും പോയി ഒന്ന് സിഗരറ്റ് ഒക്കെ വലിച്ചിട്ട് വരാമെന്നു കരുതി.
അടുത്തുള്ള പെട്ടി പീടികയുടെ സൈഡിൽ നിന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് മേരി പറഞ്ഞത് ഓർമ്മ വന്നത്.
“അവൾക്ക് ഇഷ്ടമല്ലെങ്കിൽ അതങ്ങ് നിർത്തിക്കൂടെ മോനു”
അപ്പൊ ഞാൻ സിഗരറ്റ് വലിക്കുന്നത് ഇഷ്ടമല്ല എന്ന് അവൾ മേരിയോട് പറഞ്ഞോ??